കളമശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് രോഗിയുടെ മരണം: പ്രാഥമിക റിപ്പോര്‍ട്ട് തള്ളി ഡി.എം.ഇ
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ഉയര്‍ന്ന വിവാദത്തില്‍ ആശുപത്രിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഡി.എം.ഇ (മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍) തള്ളി. വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ഡി.എം.ഇ ആവശ്യപ്പെട്ടു.
ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഇതാണ് തള്ളിയത്.
അതേസമയം, കൊവിഡ് രോഗികളെ പരിചരിക്കുന്നതില്‍ വീഴ്ചയുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. നോഡല്‍ ഓഫിസര്‍മാര്‍, നഴ്‌സിങ് ഓഫിസര്‍മാര്‍, ഹെഡ്‌നഴ്‌സ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.
കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫോര്‍ട്ട്കൊച്ചി തുരുത്തി കെക്കിനകത്ത് വീട്ടില്‍ സി.കെ ഹാരിസ് (49) മരിച്ച സംഭവത്തിലാണ് ആശുപത്രിക്കെതിരെ ആരോപണമുയര്‍ന്നത്. മാസ്‌ക് ശരിക്ക് വയ്ക്കാത്തതിനെതുടര്‍ന്നാണ് ഹാരിസ് മരിച്ചതെന്ന് നഴ്‌സിങ് ഓഫിസര്‍ പറയുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. പുറത്തുവന്ന ഓഡിയോ സന്ദേശം വ്യാജമല്ലെന്ന് ആശുപത്രിയിലെ ഡോ. നജ്മയും വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയതാണെന്നും സത്യം പുറത്തുപറഞ്ഞ നഴ്സിങ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തത് നീതികേടാണെന്നും ഡോ. നജ്മ പറഞ്ഞു. വെന്റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചില നഴ്സിങ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നുണ്ട്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചതാണ്. പരിചരണക്കുറവ് മൂലം രണ്ട് രോഗികള്‍ക്ക് ഓക്സിജന്‍ ലഭിച്ചില്ലെന്നും ഡോ. നജ്മ പറഞ്ഞു.
കുവൈത്തില്‍ ഡ്രൈവറായി ജോലിചെയ്തുവന്ന ഹാരിസ് കഴിഞ്ഞ ജൂണ്‍ 19നാണ് നാട്ടിലെത്തിയത്. സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ച് മക്കളേയും ഭാര്യയേയും ബന്ധുക്കളേയും ഒന്നും കാണാതെ നേരെ ക്വാറന്റൈന്‍ സെന്ററിലേക്കാണ് പോയത്. കടുത്ത പനിയെ തുടര്‍ന്ന് ജൂണ്‍ 24ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
അന്നുതന്നെ കൊവിഡ് പരിശോധനാഫലവും പോസിറ്റീവായി. ഓക്സിജന്‍ ലെവല്‍കുറഞ്ഞതിനെ തുടര്‍ന്ന് ഐ.സിയുവിലേക്കും മാറ്റി. ഹാരിസ് കുടുംബാംഗങ്ങളുമായി വിഡിയോകോളില്‍ സംസാരിച്ചിരുന്നതായും തനിക്ക് രോഗം വേഗം ഭേദമാകുമെന്നും ഉടനെ വീട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നതായും ഭാര്യാ സഹോദന്‍ അന്‍വര്‍ പറഞ്ഞു.
ജൂലൈ 13നാണ് ആശുപത്രിയില്‍ നിന്ന് വിളിച്ച് ഓക്സിജന്‍ നല്‍കുന്നതിനായി യന്ത്രം വേണമെന്ന് ആവശ്യപ്പെടുന്നത്. വാര്‍ഡിലേക്ക് മാറ്റുന്നതിന് വേണ്ടിയാണെന്നും പറഞ്ഞിരുന്നു. 17-ാം തിയതി യന്ത്രം വാങ്ങി നല്‍കുകയും ചെയ്തു. എന്നാല്‍ 20ന് ആശുപത്രിയില്‍ നിന്ന് ഹാരിസ് മരിച്ചുഎന്ന വിവരമാണ് വിളിച്ചുപറഞ്ഞതെന്നും അന്‍വര്‍ പറഞ്ഞു. 25 വര്‍ഷത്തോളമായി ഹാരിസ് പ്രവാസജീവിതം തുടങ്ങിയിട്ട്. വാടകവീട്ടിലാണ് ഭാര്യ റുക്സാനയും പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ സഫ്വാനും മൊബൈല്‍ഷോപ്പില്‍ ജോലിചെയ്യുന്ന മകന്‍ സല്‍മാനും കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."