ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയേറ്റി കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍. മിമിക്രി കലാകാരനായ കലാഭവന്‍ സോബിയുടേതാണ് വെളിപ്പെടുത്തല്‍. അപകടം നടന്ന പത്തു മിനുട്ടിനുള്ളില്‍ സോബി അതുവഴി യാത്ര ചെയ്തിരുന്നു. അപകട സ്ഥലത്തു നിന്ന് ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ എതിര്‍ വശത്ത് കൂടെ ബൈക്ക് തള്ളിക്കൊണ്ടുപ്പോകുന്നതും കണ്ടെന്നും ഇതില്‍ അസ്വാഭാവികത തോന്നിയതായും സോബി വെളിപ്പെടുത്തി. പിന്നീടാണ് ബാലഭാസ്‌കറാണ് അപകടത്തില്‍ പെട്ടതെന്നറിഞ്ഞത്.
ബാലുവിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ പിതാവ് സംശയം പ്രകടിപ്പിച്ചതോടെ സുഹൃത്തായ മധു ബാലകൃഷ്ണനോട് ഈ കാര്യങ്ങള്‍ പറഞ്ഞു. മധു തനിക്ക് പ്രകാശ് തമ്പിയുടെ നമ്പര്‍ തന്നു. എന്നാല്‍ പ്രകാശ് തമ്പിയെ വിളിച്ചപ്പോള്‍ യാതൊരു ഗൗരവുമില്ലാതെയാണ് താന്‍ പറഞ്ഞത് കേട്ടതെന്നും സോബി പറഞ്ഞു. അന്ന് ഫോണ്‍ വെച്ച് പത്തു മിനുട്ട് കഴിഞ്ഞ് പ്രകാശ് തമ്പി തിരിച്ചു വിളിച്ച് പൊലിസില്‍ ഇതൊക്കെ മൊഴിയായി നല്‍കുമോ എന്ന് ചോദിച്ചു. പറയാമെന്നു പറഞ്ഞെങ്കിലും പിന്നീട് തന്നെ പൊലിസ് ബന്ധപ്പെട്ടില്ലന്നും സോബി പറയുന്നു.
ബാലഭാസ്‌കറിന്റെ മാനേജറാണ് പ്രകാശ് തമ്പി. ഇയാളെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വര്‍ണക്കടുത്ത് കേസില്‍ ഇദ്ദേഹത്തിന്റെ നേരിട്ടുള്ള പങ്ക് തെളിഞ്ഞതാണ് . കേസില്‍ മറ്റൊരു പ്രധാന പ്രതിയെന്നു സംശയിക്കുന്ന വിഷ്ണു ബാലഭാസ്‌കറിന്റെ സാമ്പത്തിക മാനേജറുമായിരുന്നു. ഇതോടെയാണ് മകന്റെ മരണത്തില്‍ ഇരുവരുടെയും പങ്ക് അന്വേഷിക്കണമെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി ആവശ്യപ്പെട്ടത്. ബാലഭാസ്‌കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിആര്‍ഐയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."