ഇ.എസ്.ഐ ഡിസ്‌പെന്‍സറി അടിമാലിയില്‍ തുടങ്ങുന്നു
ചെറുതോണി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് അനുവദിച്ച ഏക ഇ എസ് ഐ ഡിസ്‌പെന്‍സറി അടിമാലിയില്‍ 17 ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി അറിയിച്ചു.
രാജ്യത്ത് 34 ഇ എസ് ഐ ഡിസ്‌പെന്‍സറികളാണ് 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡല്‍ഹിയില്‍ നിന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. കേരളത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ മാത്രമാണ് ഇപ്പോള്‍ ഇ എസ് ഐ ഡിസ്‌പെന്‍സറി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ ബ്രാഞ്ച് ഓഫീസും ഡിസ്‌പെന്‍സറിയും ഒരുമിച്ചാണ് അടിമാലിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അടിമാലി ഫാത്തിമ നഗറില്‍ 3100 ചതുരശ്ര അടി വിസ്താരത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫീസിലാണ് ബ്രാഞ്ച് കം ഡിസ്‌പെന്‍സറി ആരംഭിക്കുന്നത്. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി താലൂക്കുകളിലെ ഇ എസ് ഐ ആനൂകൂല്യങ്ങളാണ് അടിമാലിയില്‍ നിന്നും ലഭിക്കുക. ചികിത്സയോടൊപ്പം രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കുള്ള മറ്റ് ആനൂകൂല്യങ്ങളും ഇവിടെ നിന്നും ലഭിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നതാണ് പ്രത്യേകത. ഒരു ബ്രാഞ്ച് മാനേജര്‍, ഒരു ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, ക്ലെറിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പടെ 9 പേരാണ് ഈ ഓഫീസില്‍ ഉള്ളത്. ഇവിടത്തെ ചികിത്സയ്ക്ക് ശേഷം ആവശ്യമെങ്കില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കായി റഫര്‍ ചെയ്യുകയും അവര്‍ക്കുള്ള മറ്റെല്ലാ ആനൂകൂല്യങ്ങളും തുടര്‍ന്ന് നല്‍കുകയും ചെയ്യും. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിന് കിട്ടുന്ന പ്രത്യേക അംഗീകാരമാണ് അടിമാലി ഡിസ്‌പെന്‍സറിയെന്നും ഇത് ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."