ലങ്കയെ എറിഞ്ഞിട്ട് കിവികള്‍
കാര്‍ഡിഫ്: ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡിന് പത്ത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ലങ്കന്‍ ബാറ്റിങ് നിരയെ 29.2 ഓവറില്‍ 136 റണ്‍സിനാണ് ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ എറിഞ്ഞ് വീഴ്ത്തിയത് . ബൗളര്‍മാരായ മാറ്റ് ഹെന്റി, ലോകി ഫെര്ഗൂസന് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി ലങ്കന്‍ തകര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു.
തുടക്കം മുതല്‍ ഭാഗ്യം കിവികള്‍ക്കൊപ്പമായിരുന്നു. ടോസ് നേടിയ കിവീസ് നായകന് കെയിന്‍ വില്യംസന്റെ തീരുമാനം ശരിവെക്കും വിധമായിരുന്നു ലങ്കന്‍ ബാറ്റിങ്. കുശാല്‍ പെരേര (29), തിസാര പെരേര (27), നായകന് ദിമുത് കരുണ രത്ന (52) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചു നിന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്ക് ലങ്കയുയര്‍ത്തിയ വിജയ ലക്ഷ്യം ഒരു വെല്ലുവിളിയായിരുന്നില്ല. കേവലം 16.1 ഓവറില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ വിജയം കണ്ടു. ഓപ്പണര്‍മാരായ മാര്ട്ടിന് ഗുപ്ടില്‍, കോളിന് മണ്‍റോ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കിവീസിന് അനായാസ ജയം സമ്മാനിച്ചത്. 51 പന്തില്‍ ഗുപ്ടില്‍ 73 റണ്‍സ് നേടി. എട്ട് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഗുപ്ടിലിന്റെ ഇന്നിങ്സ്. 47 പന്തില്‍ ആറ് ഫോറും ഒരു സിക്സും സഹിതം 58 റണ്‍സാണ് മണ്‍റോയുടെ സംഭാവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."