കാപ്പാട്ടെ മാനത്ത് മാസപ്പിറവി നേരത്ത്
ചരിത്ര പുരുഷന്‍ വാസ്‌കോഡഗാമയുടെ കാലടി പതിഞ്ഞ മണ്ണാണ് കാപ്പാട്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കടലോരം. ദഫിന്റെയും അറബനയുടേയും താളപ്പെരുക്കമുളള മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാപ്പാട് മാസപ്പിറവിയുടെ നാട് എന്ന പേരിലും കേരളത്തിന് സുപരിചിതമാണ്. അതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കാപ്പാട്ടെ പഴയ ജുമുഅത്ത് പളളി ചൂണ്ടിക്കാട്ടി എ.ടി കോയ പറയുന്നു. കാപ്പാടിന്റെ മാനത്ത് മാസപ്പിറവി ഉണ്ടായാല്‍ അത് എ.ടി കോയയുടെ കണ്ണില്‍ പതിയുമെന്ന് നാട്ടുകാരും പറയുന്നു. കാപ്പാട് അല്‍ഹുദാ ഇസ്‌ലാമിക് കള്‍ച്ചറല്‍ എസ്റ്റാബ്ലിഷ്‌മെന്റ്് ആന്റ് ഐനുല്‍ ഹുദാ യതീംഖാനയുടെ സംഭവാന പിരവുകാരന്‍ എ.ടി കോയ മാസപ്പിറവിയുടെ കഥ വിവരിക്കുമ്പോള്‍ പുതിയ ശവ്വാല്‍ പിറക്കുളള നീലകാശം കാപ്പാട് തെളിയുന്നുണ്ടായിരുന്നു.
മാസപ്പിറവിയുടെ കടലോരം
കോഴിക്കോട് ജില്ലയിലെ കാപ്പാട്, ബേപ്പൂര്‍, മലപ്പുറം ജില്ലയിലെ തിരൂര്‍, കൂട്ടായി, ചാവക്കാട്, കണ്ണൂര്‍, തലശ്ശേരി, കാസര്‍കോട്, തിരുവനന്തപുരം തുടങ്ങിയ കടലോരങ്ങളിലാണ് കേരളത്തില്‍ മാസപ്പിറവിയുടെ ആദ്യ കാഴ്ചയുണ്ടാവാറുളളത്. ഇതില്‍ ഏറ്റവും കൂടുതല്‍ മാസപ്പിറവി കണ്ടത് കാപ്പാട് മാനത്താണ്. ഇത്തവണയും കാപ്പാട്ടെ മാനത്ത് തന്നെയാണ് റമദാന്‍ പൊന്നമ്പിളി ഉദിച്ചത്. 12 മാസപ്പിറവിയും കാണാറുണ്ടെങ്കിലും ഇവയില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്നത് റമദാന്‍, ശവ്വാല്‍ മാസപ്പിറവികള്‍ക്കാണ്. റമദാന്‍ നോമ്പിന്റെയും, ശവ്വാല്‍ ചെറിയ പെരുന്നാളിന്റെയും വരവ് അറിയിക്കുന്നതിനാലാണിത്.
മാനത്തെ പൊന്നമ്പിളി
സമുദ്രത്തിന്റെ കര, ഉയരമുളള കുന്നിന്‍ പ്രദേശം എന്നിവിടങ്ങളിലാണ് മാസപ്പിറവി പെട്ടെന്ന് ദൃശ്യമാവുക. കേരളത്തില്‍ കൂടുതലായി കാണുന്നത് കടലോരങ്ങളിലാണ്. കടലിന്റെയും കാറ്റിന്റെയും ദിശയും മാനത്തിന്റെ ചാഞ്ചാട്ടവും തിരിച്ചറിയുന്നവരുടെ കണ്ണില്‍ മാസപ്പിറവി പെട്ടെന്ന് പ്രത്യക്ഷപ്പെടുമെന്ന് എ.ടി കോയ പറയുന്നു. സൂര്യന്റെ ഇടതും വലതുമായി ആറ് മാസം മാറിമാറിയാണ് ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. വളര്‍ച്ച എത്തിയ ചന്ദ്രക്കലയും വളര്‍ച്ച എത്താത്ത ചന്ദ്രക്കലയുമുണ്ട്. വളര്‍ച്ച എത്തിയത് മാനത്ത് ഏറെ നേരമുണ്ടാകും. ഇത് മറ്റൊരാള്‍ക്ക് കാണിച്ചു കൊടുക്കാനും കഴിയും. എന്നാല്‍ വളര്‍ച്ചയില്ലാത്തവ നിമിഷ നേരം കൊണ്ട് മാഞ്ഞ് പോകും. ഇവ കാണുവാനും പ്രയാസമാണ്. മാനം നിരീക്ഷിക്കുന്നവര്‍ക്ക് മഴമേഘങ്ങള്‍ മറച്ചില്ലെങ്കില്‍ മാസപ്പിറവി പെട്ടെന്ന് കാണാന്‍ സാധിക്കും.
ഒരു സമുദായത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് മാസപ്പിറവി ദൃശ്യം. ആയതിനാല്‍ തന്നെ മാസപ്പിറവിയുടെ ആദ്യ ദൃശ്യം നഗ്ന നേത്രം കൊണ്ട് കണ്ടാല്‍ തക്ബീര്‍ മുഴക്കും. പിന്നീട് കൂടെയുളളവര്‍ക്ക് കാണിച്ചു നല്‍കും. ഇതിനു ശേഷം പളളി ഖാസിയെ വിവരമറിയിക്കും. പളളി ഖാസിക്ക് വിശ്വാസമുളളയാളാണെങ്കിലും ചോദ്യങ്ങളുണ്ടാകും. ഒരു സമുദായത്തെ ഒന്നടങ്കം വിശ്വസിപ്പിക്കുകയാണ്. ഇത് കളവാക്കപ്പെട്ടാല്‍ വിശ്വസിപ്പിച്ച ആള്‍ക്കാണ് കൊടിയ കുറ്റം. ആയതിനാല്‍ കണ്ട ദൃശ്യത്തിന്റെ പൊരുള്‍ ഖാസിയുടെ ചോദ്യത്തിനനുസരിച്ച് വിശദീകരിക്കണം. ഖാസിക്ക് വിശ്വാസം വരുന്നതോടെയാണ് മറ്റുമഹല്ലുകളിലേക്ക്് വിവരം അറിയിക്കുക.
സൂര്യാസ്തമയവും ചന്ദ്രോദയവും
സൂര്യന്‍ അസ്തമിച്ച് മിനുട്ടുകള്‍ കഴിഞ്ഞാണ് ചന്ദ്രന്‍ ദൃശ്യമാവുക. വാവുളള ദിവസങ്ങളില്‍ ചാന്ദ്രദൃശ്യം അപ്രത്യക്ഷമാകും. പിന്നീടുളള ദിവസങ്ങളില്‍ പ്രത്യക്ഷമാകുന്ന ചന്ദ്രപ്പിറവിക്ക് പൂര്‍ണ വളര്‍ച്ച എത്തിയിട്ടുണ്ടാവും. സൂര്യനെപ്പോലെ കിഴക്കിലാണ് ചന്ദ്രനും ഉദിക്കുന്നത്. ഒഴുകി കൊണ്ടിരിക്കുന്ന മേഘങ്ങള്‍ ചന്ദ്രനെ പെട്ടെന്ന് മറക്കുന്നതിനാല്‍ ആദ്യ ചന്ദ്രക്കല ദൃശ്യം അല്‍പ സമയം മാത്രമാണ് ഉണ്ടാവുക.
മുന്‍കാലത്ത് മാസപ്പിറവി കണ്ടത് അറിയിക്കാന്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ പെരുന്നാളും നോമ്പും വൈകിയ സംഭവങ്ങളും നിരവധിയാണ്. റമദാനില്‍ നോമ്പെടുത്ത് ജോലിക്ക് പോയി പിന്നീട് പെരുന്നാളാണെന്ന് തിരിച്ചറിഞ്ഞ സംഭവങ്ങളും പലനാട്ടിലുമുണ്ടായതായി പൂര്‍വ്വികര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ന് മാസപ്പിറവി കണ്ടാല്‍ ഉടന്‍ പാണക്കാട് തങ്ങളും, കോഴിക്കോട് ഖാസിമാരും ഉറപ്പിക്കുന്നതോടെ വിശ്വാസികള്‍ റമദാനിന്റെയും പെരുന്നാളിന്റെയും ദിനങ്ങളിലേക്ക് കടക്കുന്നു. പളളികളില്‍ നിന്ന് നഖാര മുഴക്കിയും, കതിനവെടി മുഴക്കിയും, ആളുകള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുമാണ് പണ്ട് മാസപ്പിറവി അറിയിച്ചിരുന്നന്നത്. പിന്നീട് റോഡിയോ വഴിയായി. ഇന്ന് മാസപ്പിറവി നിമിഷ നേരംകൊണ്ടറിയാനുളള സാങ്കേതിക വിദ്യയെത്തി.
കണ്ണില്‍ പതിഞ്ഞ് മൂന്ന് പതിറ്റാണ്ട്
പൂര്‍വ്വികര്‍ മാസപ്പിറവി കാണാന്‍ കടലോരത്ത് നില്‍ക്കുന്നത് കണ്ടാണ് കോയയും വളര്‍ന്നത്. അവരുടെ സംസാരം നിരീക്ഷിച്ച് മാനത്ത് നോക്കി മാസപ്പിറവി ആദ്യമായി കണ്ടത് 17-ാം വയസിലാണ്. പിന്നീട് ഓരോ മാസപ്പിറവിയും കാണാനായി കോയ വീടിന് അരികിലെ കാപ്പാട് കടപ്പുറത്ത് കാത്തിരിക്കും. കോയ മാസപ്പിറവി കാണുന്നത് ലക്ഷ്യമാക്കി ജനം കൂടെക്കൂടും. ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ മാസപ്പിറവി കാണാന്‍ പെട്ടെന്ന് കഴിയുമെന്ന് കോയ പറയുന്നു. പലപ്പോഴും ഞാന്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കും.
റമദാന്‍ ഒഴികെയുളള 11 മാസപ്പിറവികളും രണ്ട് പേര്‍ കാണണമെന്നാണ് ഇസ്‌ലാമിക നിയമം. തുടര്‍ന്ന് സാക്ഷിയുമായി പളളിയിലെത്തി ഖത്വീബിന് മുമ്പില്‍ വിവരിക്കും. എന്നാല്‍ റമദാന്‍ മാസപ്പിറവി നേരിട്ട് ഒരാള്‍ കണ്ടാലും മതി. രണ്ട് സാക്ഷികളുണ്ടാകണമെന്ന് മാത്രം. പിതാവിന്റെ പാതയിലൂടെ മക്കളായ മുഹമ്മദ് അന്‍ഫാസും, മുഹമ്മദ് യാസീന്‍, സുഹൃത്തുക്കളായ കെ.കെ അബ്ദുള്‍ റസാഖ്, കെ.കെ ആലിക്കോയ, അസീസ് മുസ്‌ലിയാര്‍ തുടങ്ങിയവരും മാസപ്പിറവി കണ്ടിട്ടുണ്ട്.
പടച്ചവന്‍ തന്ന അനുഗ്രഹം എന്നതൊഴിച്ച് മറ്റൊരു അംഗീകാരവും ഇതുകൊണ്ട് ജീവിതാവസാനം വരെ താനും കുടുംബവും പ്രതീക്ഷിക്കുന്നില്ലെന്ന് കോയ പറയുന്നു. യതീംഖാനയുടെ റീസീവര്‍ ആയാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടാണ് കുടുംബം പുലര്‍ത്തുന്നതും.
മറക്കാനാവാത്ത ചന്ദ്രക്കല
ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ചന്ദ്രക്കലയുടെ ദൃശ്യം ഇന്നും കോയയുടെ മനസിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ശവ്വാല്‍ പിറവിയുടേതാണത്. ഗോളശാസ്ത്ര കണക്ക് വച്ച് മാസപ്പിറവി മുന്‍കൂട്ടി പ്രവചിക്കുന്ന കേരള ഹിലാല്‍ കമ്മറ്റി അന്ന് മാസപ്പിറവി ദൃശ്യമാകില്ലെന്ന് മുന്‍കൂട്ടി വിധിയെഴുതി. എന്നാല്‍ ഞാനുള്‍പ്പടെ നാലുപേര്‍ അന്ന് കാപ്പാട്ട് മാസം കണ്ടു. ഇത് അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. അന്നാണ് രണ്ടു ദിവസങ്ങളില്‍ ഒരേ സമുദായത്തില്‍ പെട്ടവര്‍ പെരുന്നാള്‍ ആഘോഷിച്ചത്. പിന്നീട് ഇത്തരത്തിലുളള ഏകീകരണമില്ലായ്മ സമുദായത്തിനിടയില്‍ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."