ചൈനയില്‍ നിസ്‌കരിക്കാന്‍ വേണം, പാസ്‌പോര്‍ട്ട്
മുഹമ്മദ് ബാസിത്ത്
സ്വന്തമായി മാസം കണ്ട് ഉറപ്പിക്കുന്ന രീതി ചൈനയില്‍ ഇല്ല. സഊദി അറേബ്യയില്‍ മാസം കണ്ടാല്‍ അതേ ദിവസമാണ് ചൈനയിലും പെരുന്നാള്‍ ആഘോഷിക്കാറുള്ളത്. സഊദിയും ചൈനയുമായി അഞ്ചു മണിക്കൂറിന്റെ വ്യത്യാസം ഉള്ളതുകൊണ്ട് കഴിഞ്ഞവര്‍ഷം സഊദി അറേബ്യയില്‍ മാസം കാണാന്‍ വൈകിയതിനാല്‍ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. പെരുന്നാള്‍ നിസ്‌കാരം നടക്കുന്ന പള്ളിയില്‍ സെക്യൂരിറ്റി ഇന്‍ഫോര്‍മേഷന്‍ മുന്‍കൂട്ടി സര്‍ക്കാരിന് കൊടുക്കേണ്ടതിനാലാണ് നിസ്‌കാരം നഷ്ടമായത്. അതുകൊണ്ട് തന്നെ ഈ പ്രാവശ്യം ജൂണ്‍ അഞ്ചിന് പെരുന്നാള്‍ ദിവസമായി മുമ്പെ പ്രഖ്യാപിച്ചു കഴിഞ്ഞു.
പള്ളികളില്‍ കയറണമെങ്കില്‍ പാസ്‌പോര്‍ട്ട് കാണിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ പ്രവേശിപ്പിക്കുകയുള്ളൂ. ചൈന വലിയ ഒരു മാര്‍ക്കറ്റ് ആയത് കൊണ്ട് തന്നെ വലിയ പള്ളികളില്‍ വിവിധ രാജ്യക്കാരായ 15,000 ആളുകള്‍ വരെ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുക്കും. പെരുന്നാള്‍ നിസ്‌കാരവും ഖുതുബയും കഴിഞ്ഞാല്‍ പിന്നെ സൗഹൃദ, കുടുംബ സന്ദര്‍ശനമാണ്. ഓരോ നാട്ടുകാര്‍, മലയാളി കൂട്ടായ്മയിലെ ആളുകള്‍, ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി വീടുകളിലേക്ക് പോവുക, സുഹൃത്തുക്കളുടെ വീടുകളിലേക്ക് പോവുക മുതലായ നമ്മുടെ നാടുകളില്‍ കണ്ടു വരുന്ന പോലെ തന്നെ സ്‌നേഹ ബന്ധങ്ങളും, സുഹൃദ് ബന്ധങ്ങളും ഊട്ടി ഉറപ്പിക്കുന്ന ചടങ്ങ് കൂടിയാണ് പെരുന്നാള്‍. വ്യത്യസ്ത രാജ്യങ്ങളിലെ ആളുകളെ കാണാനും, അവരുമായി സംവധിക്കാനുമുള്ള ഒരവസരം കൂടിയാണ് പെരുന്നാള്‍. രാവിലെ ഏഴു മണിക്ക് നിസ്‌കാരം തുടങ്ങി എട്ടു മണിക്ക് മുന്‍പ് അവസാനിച്ചാല്‍ മലയാളി കൂട്ടായ്മയുടെ ഭാഗമായി സുഹൃത്തുക്കളുടെ വീട്ടില്‍ ഒരുമിച്ച് കൂടി ടര്‍കിഷ് ഹോട്ടലുകളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ചിട്ടാണ് പിരിയാറുള്ളത്.
പള്ളികളില്‍ കൂട്ടമായി നിസ്‌കരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത് വിദേശികള്‍ക്കാണ്. എന്നാല്‍ സ്വദേശികള്‍ക്ക് അതിന് സാധിക്കുന്നുണ്ടോയെന്ന കാര്യം സംശയമാണ്.
റമദാന്‍ മാസത്തില്‍ ചൈനീസ് നോമ്പ് തുറ പള്ളികളില്‍ സജീവമാണ്. നോമ്പ് തുറ കഴിഞ്ഞ് ഭക്ഷണം കഴിച്ചതിന് ശേഷം മഗ്‌രിബ് നിസ്‌കാരം നിര്‍വ്വഹിക്കുന്ന പ്രവണതയാണ് ചൈനയില്‍ കണ്ടുവരുന്നത്. ഞങ്ങള്‍ താമസിക്കുന്ന ജിജിയാങ്ങ് പ്രവിശ്യയിലെ ഇവു എന്ന സിറ്റിയില്‍ ഞങ്ങള്‍ക്ക് നോമ്പുതുറക്ക് ലഭിക്കാറുള്ളത് അഫ്ഗാനി ബിരിയാണിയും, കറി, ഖുബൂസിന്റെ നാലില്‍ ഒരു ഭാഗം, കാരക്ക, സലാഡ്, വെള്ളം മുതലായവയാണ്. ഇവു ഗ്രാന്റ് മോസ്‌കിലെ നോമ്പ് തുറ നടത്താനുള്ള എല്ലാ വിഭവങ്ങളും നല്‍കുന്നത് ലുലു ഗ്രൂപ്പാണ്. അവസാന പത്തില്‍ അറബികളുടെ നേതൃത്വത്തില്‍ ഖിയാമുല്ലൈലുകള്‍ നടക്കുകയും അത്താഴം കൂടി പള്ളികളില്‍ നിന്ന് കഴിച്ച് സുബ്ഹ് നിസ്‌കാരം കഴിഞ്ഞ് മാത്രമെ പലരും മടങ്ങാറുള്ളൂ. ഇരുപത്തി ഏഴാം രാവില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നത് വ്യത്യസ്തമായ അനുഭവമാണ്. മത്സരങ്ങളില്‍ ചൈനക്കാരും വിദേശികളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."