അജോയിയുടെ സ്വന്തം റഫീഖ്
റഫീഖിന്റെ മരണം അത്രമേല്‍ സൗഹൃദങ്ങളെ ഉള്ളുനീറ്റി. ദേശ, സ്ഥാന വ്യത്യാസമില്ലാതെ റഫീഖ് എല്ലാവരെയും അതിരറ്റ് സ്‌നേഹിച്ചതിന്റെ ഉദാഹരണം. തിരുവനന്തപുരം സ്വദേശിയും എഴുത്തുകാരനുമായ അജോയിക്കും പറയാനുള്ളത് റഫീഖിനെ കുറിച്ച് നന്മകളുടെ കഥകളാണ്. അദ്ദേഹത്തിന്റെ മുഖപുസ്തക കുറിപ്പില്‍ നിന്ന്.
ആരാണ് റഫീക്ക്? ഒരുപാടു പേര് ചോദിച്ചിരുന്നു, അറിയാവുന്നവര്‍ സങ്കടം സഹിക്കാന്‍ വയ്യ ചേട്ടാ എന്ന് പറഞ്ഞിരിക്കുന്നു, ശരിക്കും ആരാണ് റഫീക്ക് ?
കുറെ അധിക കാലം മുന്‍പാണ് ഇന്‍ബോക്‌സില്‍ ഒരു മെസേജ് വന്നത്, ചേട്ടാ ഞാന്‍ റഫീക്ക് എന്നെ സുഹൃത്താക്കണം, എനിക്ക് ഇങ്ങളെയും ശ്യാമ ചേച്ചിയെയും അച്ചുനെയും കിച്ചൂനേം ഒക്കെ ഒരുപാട് ഇഷ്ട്ടമാണ്, പോസ്റ്റെല്ലാം ഒരുപാട് ഇഷ്ട്ടമാണ്, എന്നെ ലിസ്റ്റില്‍ ചേര്‍ക്കണേ..
ഞാന്‍ ഉടനെ പുള്ളിയെ ആഡ് ചെയ്തു പിന്നെ ഇന്‍ബോക്‌സില്‍ വന്നത് ഒരു ലിങ്ക് ആണ്, ഞാന്‍ എഴുതിയ പോസ്റ്റ്, വായിച്ചു കമന്റും ലൈക്കും തരണേ, ഞാന്‍ വിചാരിച്ചു, ഓ പുള്ളിയും പ്ലീസ് ലൈക്ക് മൈ പ്രൊഫൈല്‍ പിക്ക് ബ്രോ ആണോ.
പോയി വായിച്ചു നോക്കി, അയ്യോ, ഒരാള്‍ കടലില്‍ പോയി മീന്‍ പിടിക്കുന്നതിന്റെ പച്ചയായ വിവരണം, ഒരു പൊടിപ്പും തൊങ്ങലും ഇല്ലാതെ, രസകരമായ വിവരണം, എനിക്ക് ഒരുപാട് ഇഷ്ടമായി, ഞാന്‍ പോയി പറഞ്ഞു റഫീക്ക്, ഞാന്‍ വായിച്ചു, എനിക്ക് നല്ല ഇഷ്ട്ടമായി, നമുക്ക് ഇതെല്ലാം കൂടെ ശേഖരിച്ചൊരു ബുക്ക് ആക്കണം.
പിന്നെ ആണ് എന്റെ ഫ്‌ളാറ്റ് അഡ്രസ്സില്‍ കോഴിക്കോട്ടു നിന്നും ഒരു വലിയ ബോക്‌സില്‍ കൊറിയര്‍ ചെയ്ത കല്ലുമ്മക്കായ ഫ്രൈ വരുന്നത്, സൂപ്പര്‍ ടേസ്റ്റ്, ഞാന്‍ ഉടനെ ഒരു പോസ്റ്റ് ഇട്ടു.
എന്റെ സുഹൃത്ത് റഫീക്ക് എനിക്ക് ചിപ്പി കറി വച്ചത് അയച്ചു തന്നു എന്ന്.
ഉടനെ റഫീക്ക് അല്‍പം നീരസത്തോടെ എന്നെ വിളിച്ചു, എന്താണ് ചേട്ടാ, അത് ചിപ്പി അല്ല, കല്ലുമ്മക്കായ ആണ്, പിന്നെ കറി അല്ല, ഫ്രൈ ആണ്, നേരെ എഴുതിക്കൂടെ?
ഞാന്‍ പറഞ്ഞു, പ്രിയ സുഹൃത്തേ, എന്റെ അജ്ഞത ക്ഷമിച്ചാലും.
അത് കഴിഞ്ഞാണ് ഞങ്ങള്‍ കോഴിക്കോട് പോകുന്നത്. ഹോട്ടലില്‍ ചെന്ന് കയറിയ പാടെ, കാണാനെത്തിയ ആള്‍ക്കാര്‍ താഴെ എത്തി എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ താഴേക്ക് പോയി. അവിടെ ബിന്ദു എന്ന സുഹൃത്തും കുടുംബവും ഇരിക്കുന്നതിന്റെ അടുത്ത് തൊപ്പി ഒക്കെ വച്ചിരിപ്പുണ്ട് സാക്ഷാല്‍ റഫീക്ക്, കണ്ടപാടെ പുള്ളി എണീറ്റ് എന്നെ ഒരൊറ്റ കെട്ടിപ്പിടിത്തം, പിന്നെ എനിക്കൊരു വലിയ പൊതി തന്നു, ഒരു മുക്കുവന് തരാന്‍ പറ്റിയ ഗിഫ്റ്റ്് ആണ് ചേട്ടാ എന്നും പുള്ളി പറഞ്ഞു. ഒരു പായ്ക്കപ്പല്‍, അതിപ്പോഴും എന്റെ സ്വീകരണ മുറിയില്‍ ഇരിപ്പുണ്ട്.
കടലിനടിയില്‍ പോയി ഒരു ചെവി കേള്‍ക്കാതായതു കാരണം നമ്മള്‍ പറയുന്നതിന്റെ നേരെ പകുതി ആണ് റഫീക്ക് കേള്‍ക്കുന്നത്. അതിനെപ്പറ്റി നര്‍ഗീസും അച്ചുവും ഒക്കെ എന്തൊക്കെയോ തമാശ ഉണ്ടാക്കുന്നത് കണ്ടു, റഹീം റെജിയും റ്റാരിയും ബിന്ദുവും നര്‍ഗീസും ഞങ്ങള്‍ എല്ലാരും കൂടെ അന്ന് കോഴിക്കോട് കടപ്പുറത്തു പോയി ഇരുന്നു, പിന്നെ ആദാമിന്റെ ചായക്കടയില്‍ പോയി ചായ കുടിച്ചു, റഫീക്ക് കടല്‍ കാണിച്ചു അച്ചുവിനോട് എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നത് കണ്ടു, പിന്നെ പറഞ്ഞു..
ചേട്ടാ അച്ചുവിനും ഒരിക്കല്‍ കടലില്‍ പോണം എന്ന് പറഞ്ഞു ഞാന്‍ കൊണ്ട് പോകാം.
അവസാനം കാണുന്നത് വര്‍ക്കല കല്ലുമ്മക്കായ പെറുക്കാന്‍ വന്നപ്പോള്‍ ആണ്. ഒരു വലിയ പാത്രം നിറയെ അതും കൊണ്ട് എന്നെ കാണാന്‍ വന്നു, പുറപ്പെടാന്‍ താമസിച്ച കാരണം വീട്ടില്‍ വരാന്‍ പറ്റാത്ത റഫീക്കിന് വേണ്ടി ശ്യാമ ഉണ്ടാക്കിയ ഇടിയപ്പവും കറിയും ഞാന്‍ ഓഫീസില്‍ കൊണ്ട് പോയി കഴിപ്പിച്ചു. ഞങ്ങള്‍ക്ക് വേണ്ടി ക്ലീന്‍ ചെയ്തു പാക്ക് ചെയ്ത കുറെ കല്ലുമ്മക്കായ തന്നു പിരിയാന്‍ നേരം റഫീക്ക് പറഞ്ഞു..
കിച്ചൂനെ കാണാന്‍ പറ്റിയില്ല, അച്ചൂനെ കടലില്‍ കൊണ്ട് പോകാനും പറ്റിയില്ല, ഞാന്‍ ഇനീം വര്‍ക്കല വരും, അല്ലെങ്കില്‍ ചേട്ടന്‍ കോഴിക്കോട് അടുത്ത തവണ വരുമ്പോള്‍ ഞാന്‍ കൊണ്ടുപോകാം.
ഇപ്പൊ അവിശ്വസനീയമായ വാര്‍ത്ത കേട്ട് അത് സത്യമാവല്ലേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് കിടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു, ഹൃദയം മുഴുവന്‍ നിനക്കായി സ്‌നേഹം നിറച്ചു ഞാന്‍ കാത്തിരിപ്പുണ്ട്. മീന്‍ പിടിച്ചു കറിവച്ച ഒരു പുതിയ പോസ്റ്റിനായി, കടലിനടിയില്‍ ബോധം പോയി തിരികെ വന്ന തമാശക്കഥ കേള്‍ക്കാനായി, ആ പോസ്റ്റില്‍ ഇടാനായി ഒന്നല്ല ഒരായിരം ഹൃദയ തുടിപ്പുകളുമായി ഞാനും അച്ചുവും ശ്യാമയും, പിന്നെ നിന്നെ സ്‌നേഹിക്കുന്ന ഒരായിരം പേരും കാത്തിരിക്കുന്നു.. അജോയേട്ടാ.. ശ്യാമേച്ചീ.. അച്ചൂ.. എന്നൊക്കെ ഉള്ള ആ വിളിയുമായി ഒരിക്കല്‍ കൂടെ വരില്ലേ നീ.. ഒരൊറ്റത്തവണ കൂടി.. എന്റെ പ്രിയ റഫീക്ക്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."