സ്വപ്‌നം പോലെ ഒരു വിനോദയാത്ര
കണ്ണൂര്‍: കൊച്ചിയിലേക്ക് രണ്ടുദിവസത്തെ വിനോദയാത്രക്കു പോയ ആറളം ഫാം ട്രൈബല്‍ സ്‌കൂളിലെ 38 വിദ്യാര്‍ഥികള്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരണം നല്‍കി. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എപ്ലസ് ഉള്‍പ്പെടെ നേടി വിജയിച്ച കുട്ടികളെയും ചടങ്ങില്‍ അഭിനന്ദിച്ചു.
ഒരിക്കലും മായാതെ ഓര്‍മകളില്‍ തങ്ങിനില്‍ക്കുന്ന അനുഭവങ്ങളാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിനോദ യാത്രയിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് പറഞ്ഞ പി.കെ ശ്രീമതി എം.പി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കലക്ടറെ അഭിനന്ദിച്ചു. മറ്റൊരു സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാത്ത ഈ സമ്മാനത്തിന് നിങ്ങള്‍ പകരം നല്‍കേണ്ടത് നല്ലവണ്ണം പഠിച്ച് കലക്ടറെപ്പോലുള്ളവരായി മാറിക്കൊണ്ടായിരിക്കണമെന്ന് കെ.കെ രാഗേഷ് എം.പിയും പറഞ്ഞു. എന്നാല്‍ കലക്ടറാകുന്നതില്‍ മാത്രം നിങ്ങള്‍ ആഗ്രഹങ്ങള്‍ പരിമിതപ്പെടുത്തേണ്ടെന്നും എം.പിയും മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആവാന്‍ ശ്രമിക്കണമെന്നുമായിരുന്നു കലക്ടറുടെ വകയുള്ള കൂട്ടിച്ചേര്‍ക്കല്‍. ആഗ്രഹിക്കുമ്പോള്‍ ഏറ്റവും ഉയരത്തില്‍ എത്താന്‍ ആഗ്രഹിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉപദേശവും കൈയടിയോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്.
സന്തോഷത്തിന് പകരം സമ്മാനമായി മൂന്നു കുട്ടികള്‍ പാടിയ മനോഹരമായ പാട്ടുകള്‍ക്കും കിട്ടി നിറഞ്ഞ കൈയടി. ആറളംഫാം ട്രൈബല്‍ സ്‌കൂളിലെ മിടുക്കരായ ആദിവാസി കുട്ടികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ പ്രോത്സാഹനമായാണ് കൊച്ചിയിലേക്ക് മൂന്നു ദിവസത്തെ വിനോദയാത്ര സംഘടിപ്പിച്ചത്. പഠനത്തിലും ഹാജര്‍ നിലയിലും പിന്നോക്കമായ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായിരുന്നു യാത്ര. പഠനത്തിലും ഹാജര്‍ നിലയിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെയാണ് യാത്രയ്ക്കായി തെരഞ്ഞെടുത്തത്. 18 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. നാല് അധ്യാപകരും രണ്ട് രക്ഷിതാക്കളും മൂന്ന് റവന്യൂ ഉദ്യാഗസ്ഥരും കുട്ടികളെ അനുഗമിച്ചു. കൊച്ചി നഗരം ചുറ്റിക്കണ്ട് മറൈന്‍ ഡ്രൈവില്‍ ബോട്ടു സവാരി നടത്തിയ സംഘം വിമാനത്തിലാണ് കോഴിക്കോടേക്ക് മടങ്ങിയത്. കൊച്ചിയിലും കോഴിക്കോടും വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ സംഘം സ്വീകരണം ഏറ്റുവാങ്ങി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. തങ്ങള്‍ക്കു കിട്ടിയതു പോലുള്ള മികച്ച അവസരങ്ങള്‍ ആറളം കോളനിയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്നതിന് അവരെയൊക്കെ സ്‌കൂളിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന വാഗ്ദാനവും ദൃഢനിശ്ച
യവുമായാണ് കുട്ടികള്‍ നാട്ടിലേക്ക് തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."