കണ്ണീരുപ്പുള്ള കല്ലുമ്മക്കായ
തനിക്ക് ഏറെ ഇഷ്ടപ്പെട്ട കല്ലുമ്മക്കായ തേടിയാണ് റഫീഖ് കടലിന്റെ ആഴങ്ങളിലേക്ക് ഓരോ തവണയും മുങ്ങാംകുഴിയിട്ട് പോയിരുന്നത്. തിരികെ ഈ ചെറുപ്പക്കാരന്‍ വരുന്നത് കല്ലുമ്മക്കായക്കൊപ്പം ഒത്തിരി കടല്‍ കൗതുകങ്ങളുമായിട്ടായിരുന്നു. താന്‍ നേരിട്ടനുഭവിച്ച കടലിനെ മനോഹരമായ ഭാഷയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിടുകയും ചെയ്തു. സാധാരണ സാമൂഹിക മാധ്യമങ്ങളില്‍ ഹിമാലയം മുതല്‍ എവറസ്റ്റ് വരെയുള്ള യാത്രാനുഭവങ്ങളെ ആവേശത്തോടെ വായിക്കുന്ന മലയാളി യുവത്വം റഫീഖിന്റെ കടലനുഭവ കുറിപ്പുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചു. കടലിനുള്ളിലെ കഥകള്‍ക്ക് മിഴിവേകാന്‍ മനോഹരമായ ചിത്രങ്ങളും റഫീഖ് പങ്കുവച്ചു. കടലെഴുത്ത് ആരുമധികം കടന്നുവരാത്ത മേഖലയയാതിനാല്‍ കുറിപ്പുകളൊക്കെയും വായനക്കാരുടെ ഹൃദയം കവര്‍ന്നു.
റഫീഖിന്റെ കുറിപ്പുകളില്‍ നിറയെ ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയായിരുന്നു. തിരയിളക്കം പോലെ പ്രക്ഷുബ്ധമായും മറ്റു ചിലപ്പോള്‍ ശാന്തമായും അവ വായനക്കാരെ തേടിയെത്തി. ഒരുപാട് ജീവന്‍ രക്ഷിച്ച കഥകള്‍ റഫീഖ് എഴുതുമായിരുന്നു. കടലിലേക്കിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പങ്കുവയ്ക്കുമായിരുന്നു.
മുങ്ങിയെടുക്കുന്ന സ്‌നേഹത്തിന്റെ കടലുപ്പ് നിറഞ്ഞ കല്ലുമ്മക്കായയില്‍ കൂടുതലും അദ്ദേഹം കൂട്ടുകാര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിയായ അജോയ് കുമാര്‍ മുതല്‍ പാലക്കാട് സ്വദേശിയായ അബ്ബാസും വയനാട് സ്വദേശിയായ യാസര്‍ അലിയുമൊക്കെ റഫീഖ് സ്വന്തം കൈകളാല്‍ പിടിച്ച കല്ലുമ്മക്കായയുടെ സ്‌നേഹത്തില്‍ ചാലിച്ച രുചിയറിഞ്ഞു. എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിലെ സുഹൃത്തുക്കള്‍ക്ക് കല്ലുമ്മക്കായ നന്നായി പാചകം ചെയ്ത് പാര്‍സലാക്കി അയച്ച് കൊടുത്തിരുന്നു റഫീഖ്. കോഴിക്കോട്ട് എത്തുന്നവരൊക്കെയും റഫീഖിനെ തേടിയെത്തി. ഇവിടെ വന്നിട്ടും തന്നെക്കാണാതെ തിരക്ക് പിടിച്ച് പോകുന്നവരെ കുറിച്ച് പരിഭവം പറഞ്ഞു. അത്രമേല്‍ സൗഹൃദങ്ങളെ സ്‌നേഹിച്ച മനുഷ്യനായിരുന്നു ഈ യുവാവ്. മുഖ പുസ്തകത്തില്‍ റഫീഖ് തന്നെ സ്വയം പരിചയപ്പെടുത്തുന്ന വാചകങ്ങള്‍ ഇതാണ്് 'കടലിനെയും നല്ല സൗഹൃദങ്ങളേയും നെഞ്ചോടുചേര്‍ക്കുന്ന കോഴിക്കോട്ടുകാരനായ ഒരു മനുഷ്യസ്‌നേഹി'.
റഫീഖിന്റെ ജീവിതം മുങ്ങിപ്പോയ മെയ് 25ലെ യാദൃച്ഛികത
രണ്ട് വര്‍ഷം മുന്‍പ്്, കൃത്യമായി പറഞ്ഞാല്‍ 2017 മെയ് 25 ന് റഫീഖ് തനിക്ക് സംഭവിച്ച ഒരപകടത്തെ പറ്റി അന്ന് മുഖപുസ്തകത്തില്‍ കുറിച്ചിരുന്നു. കടലിനടിയില്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ എന്ന പേരിലായിരുന്നു അത്.
'നല്ലൊരു മുങ്ങല്‍ വിദഗ്ധനാണെങ്കിലും കടലിനടിയില്‍ മുങ്ങിക്കളിക്കുമ്പോഴും കടലിനടിയിലെ പാറക്കല്ലുകളില്‍ നിന്ന് കല്ലുമ്മക്കായ പറിച്ചെടുക്കുമ്പോഴും ഒരിക്കല്‍പോലും അപകടത്തില്‍ പെടാത്ത ഞാന്‍ അന്ന് അപകടത്തില്‍ പെട്ടത് മരണത്തെ മുഖാമുഖം കണ്ടാണ്. പല കടല്‍ തീരങ്ങളിലും ചെറുതും വലുതുമായ പാറക്കല്ലുകള്‍ കാണാം. കടലിനടിയിലെ ചെറുതും വലുതുമായ പാറക്കല്ലുകളിലാണ് കല്ലുമ്മക്കായ വളരുന്നത്. മുഖത്ത് മാസ്‌ക് ഫിറ്റ് ചെയ്ത് കടലിനടിയില്‍ തെളിഞ്ഞ ജലാശയത്തില്‍ മുങ്ങി നോക്കിയാല്‍ ചെറുതും വലുതുമായ പാറക്കല്ലുകളും അതില്‍ ഒറ്റയായും കൂട്ടമായും വളരുന്ന കല്ലുമ്മക്കായകളും കാണാം. പലതരം മീനുകള്‍, മറ്റു കടല്‍ ജീവികള്‍ എന്നിവയേയും കാണാം. അതൊക്കെ നേരില്‍ കാണേണ്ട മനോഹരക്കാഴ്ചകളാണ്.
അപകടം പിടിച്ച ചില പാറക്കല്ലുകളുണ്ട് കടലിനടിയില്‍. ഗുഹകള്‍ പോലെ തോന്നിക്കുന്നത്. അവിടെയൊക്കെ ഞാന്‍ വളരെ ശ്രദ്ധിച്ചാണ് മുങ്ങുന്നത്. കലങ്ങിയ ജലാശയത്തില്‍ ഇത്തരം പാറക്കല്ലുകളില്‍ മുങ്ങി കല്ലുമ്മക്കായ പറിച്ചെടുക്കുന്നത് ഏറ്റവും വലിയ അപകടമാണെന്ന് എനിക്ക് നന്നായിട്ടറിയാം.
അന്നൊരു ദിവസം കലങ്ങിയ ജലാശയമായത് കൊണ്ട് മടിയോടെയാണ് ഞാനെന്റെ ചെറിയ തോണിയില്‍ കല്ലുമ്മക്കായ പറിക്കാന്‍ പോയത്. വലിയ പാറക്കല്ലുകള്‍ ഒഴിവാക്കി അപകടമല്ലാത്ത ചെറിയ പാറക്കല്ലുകളുള്ളയിടത്ത് ഞാനെന്റെ തോണി നിര്‍ത്തിയിട്ടു. കലങ്ങിയ ജലാശയമാണെങ്കിലും കയ്യില്‍ ഗ്ലൗസും മുഖത്ത് മാസ്‌കും ഫിറ്റ് ചെയ്താണ് ഞാന്‍ കടലിനടിയിലേക്ക് ഊളിയിട്ടത്.
പാറക്കല്ലിനടുത്തെത്തിയതും ഞാന്‍ പാറക്കല്ലില്‍ കൈ കൊണ്ട് തപ്പി പിടിച്ച് കല്ലുമ്മക്കായ പറിച്ചെടുക്കാന്‍ തുടങ്ങി.
അരയില്‍ വലക്കയര്‍ കൊണ്ടുണ്ടാക്കിയ കൂടില്‍ (ഞങ്ങളതിനെ മാല്‍ എന്നു പറയും) കല്ലുമ്മക്കായകള്‍ നിറയ്ക്കാന്‍ തുടങ്ങി. ഓരോ മുങ്ങലിനും ശ്വാസം കിട്ടുന്നതിനനുസരിച്ചുള്ള സമയം വരെ കടലിനടിയിലെ പാറക്കല്ലുകളില്‍ മുങ്ങി നിന്ന് കല്ലുമ്മക്കായ പറിച്ചുകൊണ്ടിരിക്കും. മാല്‍ നിറഞ്ഞാല്‍ അത് തോണിയിലേക്ക് പിടിച്ചു കയറ്റും. എന്നിട്ട് വീണ്ടും മാല്‍ അരയില്‍ കെട്ടി കല്ലുമ്മക്കായ പറിക്കല്‍ തുടരും.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കല്ലുമ്മക്കായ കുറഞ്ഞപ്പോള്‍ തൊട്ടടുത്ത് തന്നെ വേറൊരു പാറക്കല്ലുള്ളയിടത്തേക്ക് ഞാനെന്റെ തോണി മാറ്റിവച്ചു. എന്നിട്ടവിടെ മുങ്ങി കല്ലുമ്മക്കായ പറിച്ചെടുക്കാന്‍ തുടങ്ങി.
അപ്പോഴാണ് പ്രതീക്ഷിക്കാതെ ഒരു വലിയ തിരമാല അടുത്തുകൂടെ കടന്നു പോയത്. അപ്രതീക്ഷിതമായ ആ തിരത്തള്ളലില്‍ കടലിനടിയില്‍ കല്ലുമ്മക്കായ പറിച്ചുകൊണ്ടിരുന്ന ഞാന്‍ തെറിച്ചു വീണത് കുറച്ചപ്പുറത്തുള്ള ഒരു വലിയ പാറക്കല്ലിനടിയിലേക്കായിരുന്നു.
തലയും ശരീരവും കല്ലിലിടിക്കാത്തത് ഭാഗ്യമായെങ്കിലും ആ പാറക്കല്ലിനടിയില്‍ നിന്നും പുറത്തു കടക്കാനാവാതെ ഞാന്‍ കുറച്ചു സമയം കുടുങ്ങിക്കിടന്നു. കലങ്ങിയ ജലാശയമായത് കൊണ്ട് ഒന്നും കാണാന്‍ കഴിയാതെ അതിനുള്ളില്‍ നിന്ന് പുറത്ത് കടക്കാനാവാതെ ഞാനേറെ വിഷമിച്ചു. ഞാന്‍ ദൈവത്തെ വിളിച്ചു പ്രാര്‍ഥിച്ചു.
പ്രാര്‍ഥനകള്‍ കൈവിടാതെ പാറക്കല്ലിനടിയില്‍ നിന്നും അതിന്റെ മുകള്‍ ഭാഗം തപ്പിപ്പിടിച്ച് ശ്രദ്ധിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ചു. ആ സമയം ഞാന്‍ പോയത് പുറത്തേക്കുള്ള വഴിയല്ലായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ പേടിച്ചു പോയിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അത്.
പാറക്കല്ലിന്റെ വേറൊരു ഭാഗത്ത് കൂടെ തപ്പി പിടിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ചു കുറച്ചു മുമ്പോട്ടു പോയപ്പോള്‍ അതാ സൂര്യന്റെ ഇത്തിരി വെട്ടം തെളിഞ്ഞ് കാണുന്നു. അത് കണ്ടതും ആ ഭാഗം നോക്കി ഞാന്‍ വേഗം പാറക്കല്ലിനടിയില്‍ നിന്നും പുറത്തു കടന്നു. എന്നിട്ട് കടലിനു മുകളിലേക്ക് പൊങ്ങി രക്ഷപ്പെട്ട ആശ്വാസത്തില്‍ ഞാന്‍ മുകളിലേക്ക് നോക്കി പ്രാര്‍ഥിച്ചു. അല്‍ഹംദുലില്ലാഹ്. വേഗം തോണിയില്‍ കയറിയ ഞാന്‍ കിതപ്പടക്കാന്‍ ഏറെ പാടുപ്പെട്ടു. തോണിയിലുണ്ടായിരുന്ന വെള്ളമെടുത്ത് മതിവരുവോളം കുടിച്ച് കുറച്ച് സമയം വിശ്രമിച്ച ശേഷം ഞാന്‍ കരയിലേക്ക് തുഴഞ്ഞു.
പിന്നീടൊരിക്കലും ഞാന്‍ കലങ്ങിയ ജലാശയത്തില്‍ വലിയ പാറക്കല്ലുകളുള്ളയിടത്ത് മുങ്ങാറില്ല. വലിയ പാറക്കല്ലുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ടാണ് പിന്നീട് ഞാനവിടെ മുങ്ങുന്നത്.'
കുറിപ്പില്‍ സൂചിപ്പിക്കുന്ന അതേപോലെയൊരു അപകടമാണ് കഴിഞ്ഞ മെയ് 25ന് റഫീഖിന്റെ സൗഹാര്‍ദം പെയ്ത് തീരാത്ത ജീവിതത്തെ പ്രിയപ്പെട്ട കടല്‍ തന്നെ തിരികെ കൊണ്ടുപോയത്. കോഴിക്കോട് ചാലിയം ബീച്ചില്‍ കല്ലുമ്മക്കായ തേടി മുങ്ങിയ റഫീഖിനെ കാണാതായതിനെ തുടര്‍ന്ന് ഏറെ തെരച്ചിലിനൊടുവില്‍ നാട്ടുകാരും മത്സ്യത്തൊഴിലാളികളുമാണ് മൃതദേഹം കണ്ടെടുത്തത്.
'മുങ്ങുമ്പോള്‍ പാറയിലൊക്കെ കുടുങ്ങുന്നത് സ്വാഭാവികമായി സംഭവിക്കാറുള്ളതാണ്. നേരത്തേ അങ്ങനെ ഉണ്ടായിട്ട് രക്ഷപ്പെട്ടു പോന്നിട്ടുള്ളയാളാണ്. കപ്പലിന്റെ അടിയിലാണ് പോയത്. രണ്ടു മൂന്നു ദിവസമായി അവര്‍ അവിടെ പണിയെടുക്കുന്നു. അടിയിലേക്ക് പോയ വഴിക്കല്ല തിരിച്ചു വരാന്‍ നോക്കിയത് എന്ന് തോന്നുന്നു. ഗ്ലാസ്സ് വച്ചാണ് മുങ്ങുക. എന്നിട്ടും വ്യക്തമായി കാണാന്‍ പറ്റാത്തത്ര കലങ്ങിയിരിക്കുകയായിരുന്നു വെള്ളം. ശ്വാസം മുട്ടിയപ്പോള്‍ പൊങ്ങാന്‍ നോക്കിയതായിരിക്കും. അപ്പോഴാണ് വഴി മാറിപ്പോയത്. തലയിലാണ് പരുക്കുള്ളത്. കപ്പലിലോ പാറയിലോ ഇടിച്ചതാവാം.' റഫീഖിന്റെ അടുത്ത സുഹൃത്തും സഹപാഠിയുമായ നാസര്‍ അപകടത്തെ കുറിച്ച് പറയുന്നു. റഫീഖിന്റെ പൊടുന്നനെയുള്ള വിയോഗം വിശ്വസിക്കാനായില്ല പ്രിയപ്പെട്ട സൗഹാര്‍ദങ്ങള്‍ക്ക്. ഇതോടെ റഫീഖുമായുള്ള കടലോളം പോന്ന സ്‌നേഹാനുഭവങ്ങള്‍ പങ്കിടുകയാണ് പലരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."