പലിശരഹിത വായ്പ തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ ഒരാള്‍ കൂടി അറസ്റ്റില്‍
പുന്നയൂര്‍ക്കുളം: പലിശ രഹിത വായ്പ എടുത്തു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപുരം പെരിങ്ങാമല താഹിറ മന്‍സില്‍ നിസാറുദ്ദീന്‍ (54) നെ വടക്കേകാട് പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
കേസില്‍ ഗുരുവായൂര്‍ എളവള്ളി അമ്പലത്ത് വീട്ടില്‍ ഹംസ (50) യെ കഴിഞ്ഞ 29 നു അറസ്റ്റ് ചെയ്തിരുന്നു. ഇയാളും റിമാന്‍ഡിലാണ്. പലിശ രഹിത വായ്പ എടുത്തു നല്‍കാമെന്ന് വിശ്വസിപ്പിച്ച് അണ്ടത്തോട് ആലിയാമിന്റകത്ത് അഷ്‌റഫിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 90 സെന്റ് ഭൂമിയുടെ ആധാരം പ്രതികള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. 70 ലക്ഷത്തോളം ബാധ്യതയുള്ള ഭൂമി റവന്യു റിക്കവറി നടപടിയിലാണ്.
ഹംസയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന അഷ്‌റഫിനു വീടു പണിക്കുവേണ്ടിയാണ് പലിശ ഇല്ലാതെ പണം നല്‍കാമെന്ന് പറഞ്ഞ് 2015 ല്‍ ഹംസ ആധാരം കൈക്കലാക്കിയത്. എസ്‌ഐ കെ.പ്രദീപ് കുമാര്‍, എം.ജെ.ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തിരുവനന്തപുരത്ത് നിന്നു അറസ്റ്റ് ചെയ്തത്.
സംഘം തിരുവനന്തപുരത്ത് സമാന രീതിയില്‍ തട്ടിപ്പ് നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."