രാമന്തളി മാലിന്യപ്രശ്നം: സമരക്കാര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
പയ്യന്നൂര്‍: വെള്ളിയാഴ്ച നടന്ന ദേശീയ ഹരിത ട്രിബൂണല്‍ സിറ്റിങ്ങില്‍ രാമന്തളി മാലിന്യപ്രശ്നത്തിന്റെ ഗൗരവം ബോധിപ്പിക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നോട്ടിസ് ലഭിച്ചിട്ടും ഹാജരാകാതിരുന്നതില്‍ പ്രതിഷേധിച്ച് ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രാമന്തളി പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അനിശ്ചിതകാല സമരപന്തലില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര് പങ്കെടുത്തു. സമരക്കാര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ചെയര്മാന് ആര്. കുഞ്ഞികൃഷ്ണന്, കണ്‍വീനര്‍ കെ.പി രാജേന്ദ്രന്, വിനോദ് രാമന്തളി സംസാരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാത്ത ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി ദേശിയ ഹരിത ട്രിബ്യൂണില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. അതേസമയം അനിശ്ചിതകാല മാലിന്യ സമരം എഴുപത്തി അഞ്ചാം ദിവസത്തിലേക്ക് കടന്നു. പ്രിയേഷ് കക്കോപ്രത്തിന്റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം പ്രവര്‍ത്തകര്‍ പന്തലിലെത്തി. പ്രസിഡന്റ് വി.ടി.വി ദാമോദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."