ട്രെയിനുകള്‍ റദ്ദാക്കല്‍: പ്രതിഷേധം ശക്തമാകുന്നു
കണ്ണൂര്‍: സാധാരണക്കാരായ ജനങ്ങളെ ഹ്രസ്വദൂരയാത്രക്ക് സഹായിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കരുതെന്ന് പി.കെ ശ്രീമതി എം.പി റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ മാനേജര്‍ നരേഷ് ലാല്‍വാനിയുമായി ഫോണിലും സംസാരിച്ചു. മഴക്ക് മുമ്പുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായി താല്‍കാലികമായാണ് പാസഞ്ചര്‍ വണ്ടികള്‍ റദ്ദ് ചെയ്തതെന്നും പണി കഴിഞ്ഞാല്‍ ഈ വണ്ടികള്‍ ഓടുമെന്നും അദ്ദേഹം അറിയിച്ചു. യാത്രക്കാര്‍ തീരെ കുറവായതിനാലാണ് ബൈന്തൂര്‍ പാസഞ്ചറിന്റെ കണ്ണൂര്‍ വരെയുള്ള സര്‍വിസും പാലക്കാട്-പൊള്ളാച്ചി റൂട്ടിലെ വണ്ടികളും താല്‍കാലികമായി നിര്‍ത്തുന്നതെന്നും അറിയിച്ചു. കോച്ചുകള്‍ മറ്റെവിടെയും കൊണ്ടുപോകുന്നില്ലെന്നും ഈ ഭാഗത്തുള്ള തിരക്കുള്ള ട്രെയിനുകളില്‍ ഘടിപ്പിച്ചു കൂടുതല്‍ സൗകര്യം ഒരുക്കുമെന്നുമാണ് വിശദീകരണം. ഇതു സംബന്ധിച്ച് ചെന്നൈ ആസ്ഥാനത്ത് നിന്നുള്ള ഉത്തരവും എം.പിക്ക് അയച്ചുകൊടുത്തു. അതേസമയം ട്രെയിന്‍ റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്‌സ് അസോസിയേഷനും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ മാര്‍ച്ച് സുപ്രണ്ടിന്റെ മുറിക്ക് സമീപം പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. ഒ.കെ വിനീഷ്, എം.വി രാജീവന്‍ സംസാരിച്ചു. റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നടത്തിയ മാര്‍ച്ച് സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍: റദ്ദാക്കിയ ട്രെയിനുകള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.കെ രാഗേഷ് എംപി റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കി. നിരവധി രോഗികള്‍ ആശ്രയിക്കുന്ന ബൈന്തൂര്‍ പാസഞ്ചര്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി റെയില്‍മന്ത്രിക്ക് സന്ദേശമയച്ചു.
മലബാറിലെ യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്ന നടപടിയില്‍ സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി ലതയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷും ആവശ്യപ്പെട്ടു. റെയില്‍വേ വികസനത്തിന് തിരിച്ചടിയാക്കുന്ന നടപടി പിന്‍വലിച്ച് ട്രെയിനുകള്‍ പുനസ്ഥാപിക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും ദിശയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."