സംസ്ഥാന ജി.എസ്.ടി കമ്മിഷണറേറ്റിലെ സി.പി.എം അനുകൂല സംഘടനകള്‍ തമ്മിലടി
തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി കമ്മിഷണറേറ്റില്‍ സി.പി.എം അനൂകൂല സംഘടനകള്‍ തമ്മിലടി. എന്‍.ജി.ഒ യൂനിയനും ഗസറ്റഡ് ഓഫിസര്‍മാരുടെ ഇടയിലെ സി.പി.എം അനുകൂല സംഘടനയായ കെ.ജി.ഒ.എയും തമ്മിലാണ് തര്‍ക്കം.
തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് നീങ്ങി. ഇന്നലെ ഇറങ്ങിയ ക്ലര്‍ക്കുമാരുടെ പ്രൊമോഷന്‍ ലിസ്റ്റാണ് ഇരു യൂനിയനുകളും തമ്മിലുള്ള അടിയിലെത്തിയത്.
എന്‍.ജി.ഒ യൂനിയന്‍ നേതാവും ലിസ്റ്റിലെ സീനിയറുമായ പ്രശാന്തിനെ ലിസ്റ്റില്‍ ഒന്നാമനായിട്ടും കൊല്ലം ജില്ലയില്‍ ട്രെയിന്‍ സൗകര്യം പോലും ഇല്ലാത്ത അഞ്ചലിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ ലിസ്റ്റിലെ ജൂനിയര്‍മാരില്‍ പലര്‍ക്കും തലസ്ഥാനത്ത് തന്നെ നല്‍കി. ഇതാണ് പോര് മുറുകാന്‍ ഇടയാക്കിയത്.
സംഭവത്തില്‍ സംഘടനാ സംസ്ഥാന നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി കമ്മിഷണറേറ്റിലെ എന്‍.ജി.ഒ യൂനിയന്‍ പ്രവര്‍ത്തകര്‍ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്.
കുറേ നാളായി ജി.എസ്.ടി കമ്മിഷണറേറ്റില്‍ നിലനില്‍ക്കുന്ന കെ.ജി.ഒ.എ, എന്‍.ജി.ഒ യൂനിയന്‍ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവ വികാസങ്ങളും. നേരത്തെ വനിതയായ ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കമ്മിഷണറേറ്റിലെ എന്‍.ജി.ഒ യൂനിയന്റെ രണ്ടു പ്രമുഖ നേതാക്കളെ സ്ഥലം മാറ്റിയിരുന്നു. ഉടന്‍ തന്നെ ഇവര്‍ക്ക് വിടുതലും നല്‍കി.
എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് ഉണ്ണികൃഷ്ണന്‍ നായര്‍, ക്ലര്‍ക്ക് പ്രശാന്ത് എന്നീ എന്‍.ജി.ഒ യൂനിയന്‍ നേതാക്കളെയായിരുന്നു സ്ഥലം മാറ്റിയത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനായി മാര്‍ച്ച് 26ന് വൈകിട്ട് 3ന് ഡെപ്യൂട്ടി കമ്മിഷണര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുക്കാത്തതാണ് രണ്ടുവിഭാഗവും തെറ്റാനുണ്ടായ മറ്റൊരു കാരണം. അതേസമയം, കെ.ജി.ഒ.എയുടെ തെറ്റായ പ്രവൃത്തികളെ എതിര്‍ക്കാത്ത എന്‍.ജി ഒ യൂനിയന്‍ ഉന്നത നിലപാടില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ യൂനിയന്‍ നേതാവും ജി.എസ്.ടി കമ്മിഷണറേറ്റിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ജീവനക്കാരനുമായ വിപിന്‍ ഇഗ്‌നേഷ്യസ് സംഘടനയില്‍നിന്ന് രാജിവച്ചു. തങ്ങള്‍ നിലകൊള്ളുന്ന രാഷ്ട്രീയ ഇടത്തെപ്പറ്റി ബോധവാന്‍മാരല്ലാത്ത കെ.ജി.ഒ.എ നേതൃത്വത്തിലെ ചിലരുടെ പ്രവൃത്തികളും എന്‍.ജി.ഒ യൂനിയന്‍ നേതൃത്വം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസംഗതയുമാണ് രാജിക്ക് പിന്നിലെന്ന് വിപിന്‍ ഇഗ്‌നേഷ്യസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."