കലക്ടറേറ്റില്‍ നിന്നെത്തിച്ച ഭക്ഷ്യ വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചെന്ന്
പടിഞ്ഞാറത്തറ: പ്രളയദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാനായി കലക്ടറേറ്റില്‍ നിന്നെത്തിച്ച ഭക്ഷ്യവസ്തുക്കള്‍ അര്‍ധരാത്രിയില്‍ കടത്താന്‍ ശ്രമിച്ചതായി ആരോപണം.
സി.പി.എം വാര്‍ഡ് മെമ്പറുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുണ്ടക്കുറ്റി വാര്‍ഡ് മെമ്പറും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പി.ജി സജേഷ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ജിജി ജോസഫ്, ഡി.വൈ.എഫ്.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുമേഷ്, സി.പി.എം പ്രവര്‍ത്തകനായ ഹരീഷ് എന്നിവര്‍ക്കെതിരെ പ്രദേശവാസികളില്‍ ചിലര്‍ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കി. പ്രദേശത്തെ ദുരിതബാധിതര്‍ക്ക് നല്‍കാനായി കലക്ടറേറ്റില്‍ നിന്നെത്തിച്ച സാധനങ്ങള്‍ ബാങ്ക്കുന്നിലെ എ.കെ.ജി വായനശാലയിലാണ് സൂക്ഷിച്ചിരുന്നത്. ഇത് ഞായറാഴ്ച അര്‍ധരാത്രി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലെത്തിയ സംഘം ഒളിച്ചുകടത്തിയതായാണ് പരാതി. രാത്രി വായനശാലയില്‍നിന്ന് ഭക്ഷണക്കിറ്റ് കടത്തുന്നത് കണ്ട സമീപവാസികളെത്തി നാല് പേരെയും തടഞ്ഞ് വെച്ചെങ്കിലും മൂന്ന് പേരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സുമേഷിനെ പ്രദേശവാസികള്‍ പിടിച്ചുവെക്കുകയും ചെയ്തു. തുടര്‍ന്ന് പ്രദേശവാസികള്‍ തടിച്ചുകൂടിയതോടെ തിരിച്ചെത്തിയ വാര്‍ഡ് മെമ്പര്‍ സജേഷ്, കിറ്റുകള്‍ സി.പി.എമ്മിന്റേതാണെന്ന് അവകാശപ്പെട്ടെന്നും പരാതിക്കാര്‍ പറയുന്നു. ഭക്ഷണകിറ്റുകള്‍ കടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ 109 പേര്‍ ഒപ്പിട്ട പരാതി ജനകീയ വേദി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തരമായി അന്വേഷണം നടത്തുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്ന് ജനകീയ വേദി ഭാരവാഹികളായ ഇ.സി അബ്ദുല്ല, ടി.പി ഹാരിസ്, ടി. റഫീഖ്, വട്ടോളി മൊയ്തു, വിനു മാങ്കോട്ട്കുന്ന്, മഠത്തില്‍ അഷറഫ് പറഞ്ഞു.
അതേസമയം, ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് സജേഷ് പ്രതികരിച്ചു. കലക്ടറേറ്റില്‍ നിന്നെത്തിച്ച മുഴുവന്‍ സാധനങ്ങളും വാര്‍ഡില്‍ വിതരണം ചെയ്തിട്ടുണ്ട്. മുഴുവന്‍ വീടുകളിലും കിറ്റ് എത്തിച്ച ഏക വാര്‍ഡ് കൂടിയാണിത്. വായനശാലയുടെ കീഴിലും ഡി.വൈ.എഫ്.ഐ, മഹിള അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ കീഴിലുമൊക്കെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ കേന്ദ്രം കൂടിയാണ് വായനശാല. രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരിലാണ് ആരോപണങ്ങള്‍ പടച്ചുവിടുന്നതെന്നും സജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."