എം.ഇ.എസില്‍ 3.81 കോടി രൂപയുടെ ഫണ്ട് തിരിമറി; ഫസല്‍ ഗഫൂറിനെതിരേ കേസെടുത്തു
കോഴിക്കോട്: എം.ഇ.എസിന്റെ ഫണ്ടില്‍ നിന്ന് 3.81 കോടി രൂപ തിരിമറി നടത്തിയെന്ന പരാതിയില്‍ പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂറിനെതിരേ കേസ് എടുത്തു. വഞ്ചനാകുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ഫസല്‍ ഗഫൂറിനെതിരേ ചുമത്തിയിരിക്കുന്നത്. എം.ഇ.എസ് അംഗമായ എന്‍.കെ നവാസ് ആണ് പരാതിക്കാരന്‍. പരാതിയില്‍ പൊലിസ് നടപടി എടുക്കാത്തതിനാല്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. തുടര്‍ന്നാണ് നടക്കാവ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഫസല്‍ ഗഫൂര്‍ ഒന്നാം പ്രതിയും എം.ഇ.എസ് ജനറല്‍ സെക്രട്ടറി പ്രൊഫ. പി.ഒ.ജെ ലബ്ബ രണ്ടാം പ്രതിയുമാണ്.
എം.ഇ.എസിന്റെ അക്കൗണ്ടില്‍ നിന്ന് 2011 ല്‍ 3.7 കോടി രൂപ ടാസ് ഡവലപ്പേഴ്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയിലേക്കും 2012 ഒക്ടോബറില്‍ 11.82 ലക്ഷം രൂപ ഫസല്‍ ഗഫൂറിന്റെ മകന്‍ എം.ഡിയായ കമ്പനിയുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നും ഈ തുക തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. എം.ഇ.എസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയോ ജനറല്‍ ബോഡിയുടേയോ അനുവാദമില്ലാതെയാണ് ഈ ഇടപാടുകള്‍ നടന്നത്. സ്വകാര്യ ലാഭത്തിന് വേണ്ടി ഈ പണം ഉപയോഗിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
നിരവധി തവണ സംഘടനയില്‍ വിഷയം ഉന്നയിച്ചെങ്കിലും കൃത്യമായ വിശദീകരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് എം.ഇ.എസ് അംഗം കൂടിയായ നവാസ് പൊലിസിനെ സമീപിച്ചത്. ഓഗസ്റ്റ് 25നാണ് നവാസ് നടക്കാവ് സി.ഐക്ക് പരാതി നല്‍കിയത്.
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസ് തയാറാകാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ മാസം ആദ്യം കേസ് പരിഗണിച്ച കോടതി പൊലിസില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ 406, 408, 420 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലിസ് കോടതിയെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനില്‍ നിന്നും പൊലിസ് മൊഴി രേഖപ്പെടുത്തും. കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് പൊലിസ് പറഞ്ഞു. എം.ഇ.എസ് നേതൃത്വത്തിനെതിരേ പല ഘട്ടങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളാണ് പൊലിസ് കേസിലെത്തിയത്. നേരത്തെ ഒരു വിഭാഗം സേവ് എം.ഇ.എസ് ഫോറം എന്ന പേരില്‍ വിമത കൂട്ടായ്മ രൂപീകരിച്ച് ഫസല്‍ ഗഫൂറിനെതിരേ രംഗത്തുവന്നിരുന്നു. എം.ഇ.എസിനെ ഫസല്‍ ഗഫൂര്‍ കുടുംബസ്വത്താക്കി മാറ്റുന്നുവെന്നാണ് ഇവരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."