ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് സര്‍വേ: മന്ത്രി
തിരുവനന്തപുരം: ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് അങ്കണവാടികള്‍ മുഖേന അടുത്ത മാസം 30 വരെ പ്രത്യേക സര്‍വേ നടത്തുന്നതാണെന്ന് മന്ത്രി കെ.കെ ശൈലജ. കുട്ടികള്‍ വളരെയധികം സമയം ചെലവഴിക്കുന്നത് സ്‌കൂളുകളായതിനാല്‍ കുട്ടികളുടെ മാനസിക ശാരീരിക പ്രയാസങ്ങള്‍ അധ്യാപകര്‍ തിരിച്ചറിയണം. സാമൂഹ്യ പ്രതിബദ്ധതയോടെ കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
'കരുതല്‍ സ്പര്‍ശം, കൈകോര്‍ക്കാം കുട്ടികള്‍ക്കായി' എന്ന മെഗാ കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വലിയ അതിക്രമമാണ് നടന്നു വരുന്നത്. സമൂഹത്തിന്റെ ജീര്‍ണതയില്‍ നിന്നാണ് പലപ്പോഴും ഇവര്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മയക്കുമരുന്നുകളും നവമാധ്യമങ്ങളുടെ ദുരുപയോഗവും എല്ലാം ഇത്തരം അതിക്രമത്തിന് കാരണമാകാറുണ്ട്. ഇവയെല്ലാം ദൂരീകരിക്കാന്‍ യാന്ത്രികമായി സമീപിച്ചിട്ട് കാര്യമില്ല. വിശാലമായ കാഴ്ചപ്പാടോടെ ഇത് പരിഹരിക്കാനായാണ് അഞ്ചരമാസത്തോളം നീണ്ടുനില്‍ക്കുന്ന ഇത്തരമൊരു വലിയ പരിപാടി സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയരക്ടര്‍ ഷീബ ജോര്‍ജ്, യൂനിസെഫ് കേരള, തമിഴ്‌നാട് ചീഫ് ഡോ. പിനോക്കി ചക്രവര്‍ത്തി, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. മൃദുല ഈപ്പന്‍, ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സുരേഷ്, ഐ.സി.പി.എസ്. പ്രോഗ്രാം മാനേജര്‍ സി. സുന്ദരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."