തലശ്ശേരി-മൈസൂരു റെയില്‍പാത: കേന്ദ്രത്തെ സമീപിക്കുമെന്ന് ജി. സുധാകരന്‍
തിരുവനന്തപുരം: നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍പാത പ്രായോഗികമല്ലാത്തതിനാല്‍ തലശ്ശേരി-മൈസൂരു പാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനായി കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ നിയമസഭയെ അറിയിച്ചു.
രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍-നഞ്ചങ്കോട് പാതയുടെ ഡി.പി.ആര്‍ തയാറാക്കുന്നതിന് 8 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഡി.എം.ആര്‍.സിയെയാണ് ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇതിനായി രണ്ടുകോടി രൂപ ഡി.എം.ആര്‍.സിക്ക് കൈമാറി.
എന്നാല്‍, ഈ പാത കടന്നുപോകുന്നത് കര്‍ണാടകയിലെ സംരക്ഷിത വനമേഖലയായ ബന്ദിപ്പൂരിലൂടെയും കടുവാ സങ്കേതത്തിലൂടെയുമാണ്. കേന്ദ്ര നിയമപ്രകാരം സംരക്ഷിത വനമേഖലയിലും ദേശീയ ഉദ്യാനങ്ങളിലും നിര്‍മാണങ്ങള്‍ പാടില്ല. ഇതിനേത്തുടര്‍ന്ന് കര്‍ണാടക ഈ പദ്ധതിക്ക് അനുമതി നിഷേധിച്ചു. ഇക്കാര്യത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കര്‍ണാടക വനമേഖലയിലൂടെ നിര്‍മാണം അനുവദിക്കില്ലെന്നു പറഞ്ഞതോടെ ബദല്‍ പദ്ധതിയെക്കുറിച്ച് ആലോചിച്ചു. ഭൂഗര്‍ഭ റെയില്‍പാതയുടെ സാധ്യതകളും മുന്നോട്ടുവച്ചിരുന്നു.
എന്നാല്‍, ഭൂഗര്‍ഭ റെയില്‍പാതയും കര്‍ണാടകം തള്ളി. തലശ്ശേരി-മൈസൂരു പാതയുടെ അലൈന്‍മെന്റ് സാധ്യമാകുമെങ്കില്‍ അതേക്കുറിച്ച് ആലോചിക്കാമെന്ന് കര്‍ണാടകം പറഞ്ഞിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി പത്തു ദിവസത്തിനുള്ളില്‍ കേന്ദ്രത്തെ സമീപിക്കുന്നത്.
പുതിയ അലൈന്‍മെന്റ് അംഗീകരിച്ചാല്‍ നിര്‍മാണം വേഗത്തില്‍ ആരംഭിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."