ശിവശങ്കറിനെ ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഇ.ഡി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടിവരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്.
ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യമനുവദിച്ചാല്‍ നിയമപ്രകാരമുള്ള പല നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കാനാവില്ലെന്നും ഹൈക്കോടതിയില്‍ ഇ.ഡി വ്യക്തമാക്കി. ഇതു മറ്റു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ കാരണമാകുമെന്നും ഹരജി തള്ളണമെന്നും ഇ.ഡി.ആവശ്യപ്പെട്ടു.
തെളിവുകള്‍ അന്വേഷിച്ചു കണ്ടെത്താന്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ശിവശങ്കറിനു സ്വപ്നയുമായി വളരെ അടുപ്പമുണ്ടായിരുന്നു. സ്വപ്നയ്ക്ക് എല്ലാ ദിവസവും നിരന്തരം വാട്‌സ്ആപ്പ് വഴി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. സ്വപ്ന സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നെന്നും അവര്‍ക്കു നല്ല ജോലി ലഭിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്വപ്ന പണമുണ്ടാക്കിയത് സ്വര്‍ണക്കടത്തിലൂടെയാണെന്ന് ശിവശങ്കര്‍ അറിയാതിരിക്കാന്‍ സാധ്യതയില്ല. സ്വപ്നയ്ക്ക് കമ്മിഷന്‍ ലഭിച്ചതും ശിവശങ്കര്‍ അറിയാന്‍ സാധ്യതയുണ്ട്. സ്വപ്ന എല്ലാ കാര്യങ്ങളും ശിവശങ്കറുമായി വാട്‌സ്ആപ്പ് വഴി ചര്‍ച്ച ചെയ്തിരുന്നു. ഇതില്‍ കൂടുതല്‍ അന്വേഷണം വേണം. സ്വപ്ന 30 ലക്ഷം രൂപ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനു കൈമാറിയത് ശിവശങ്കറിന്റെ സാന്നിധ്യത്തിലാണെന്നും എതിര്‍ സത്യവാങ്മൂലത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."