ശങ്ക തീര്‍ക്കാന്‍ പോയ യുവാവ് അഗ്നിശമന സേനയെയും നാട്ടുകാരെയും ആശങ്കയിലാക്കി
ചെര്‍ക്കള: സഹോദരനോടൊപ്പം പുഴക്കരയിലൂടെ പോകുമ്പോള്‍ മൂത്രശങ്ക തീര്‍ക്കാന്‍ പോയ യുവാവ് അഗ്നിശമന സേനയെയും നാട്ടുകാരെയും വട്ടംകറക്കിയത് ഒരു മണിക്കൂറോളം. യുവാവ് പുഴയില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരും അഗ്നിശമന സേനയും മണിക്കൂര്‍ നീണ്ട തിരച്ചില്‍ നടത്തുന്നതിനിടെ 'പുഴയില്‍ വീണ'യുവാവ് തിരിച്ചെത്തിയതോടെയാണ് ആശങ്കള്‍ക്കു വിരാമമായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ ബേവിഞ്ച പുഴയോരത്താണ് നാട്ടുകാരെയാകെ പരിഭ്രാന്തിയിലാക്കിയ സംഭവം നടന്നത്. സഹോദരനോടൊപ്പം നടന്നു പോവുകയായിരുന്ന കര്‍ണാടക സ്വദേശിയായ യുവാവ് തൊട്ടടുത്ത പറമ്പില്‍ പ്രാഥമിക ആവശ്യം നിര്‍വഹിക്കാന്‍ പോവുകയായിരുന്നു. ഏറെദൂരം നടന്നു തിരിഞ്ഞു നോക്കുമ്പോഴാണ് ഒപ്പമുണ്ടായിരുന്നയാള്‍ തനിക്കൊപ്പമില്ലെന്ന് സഹോദരന് മനസിലായത്. തുടര്‍ന്നാണ് സഹോദരന്‍ പുഴയില്‍ വീണെന്നു പറഞ്ഞ് യുവാവ് പുഴയോരത്തിരുന്ന് കരച്ചില്‍ തുടങ്ങിയത്. ഇതിനിടെയാണ് യുവാവ് സ്ഥലത്തെത്തിയത്. 'കാണാതായയാളെ കണ്ടെത്താന്‍' ഇയാളും സഹായിക്കാനൊരുങ്ങുമ്പോഴാണ് സഹോദരന്‍ യുവാവിനെ കാണുന്നത്.
ഇതോടെ ശ്വാസംവീണ സഹോദരനും നാട്ടുകാരും തിരച്ചില്‍ തുടരുകയായിരുന്ന അഗ്നിശമന സേനാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും വിവരം നല്‍കി. ഒരുമണിക്കൂര്‍ നേരം തീ തീറ്റിച്ച സഹോദരങ്ങള്‍ക്ക് ഉപദേശം നല്‍കിയാണ് നാട്ടുകാരും അഗ്നിശമന സേനയും മടങ്ങിയത്. കടയില്‍ നിന്നു സാധനം വാങ്ങാന്‍ നിന്നതാണ് വൈകാന്‍ കാരണമെന്ന് ഇയാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."