പ്രവാസിയെ നാടുകടത്താന്‍ ജലീല്‍ സമ്മര്‍ദം ചെലുത്തിയെന്ന് സ്വപ്‌ന
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പ്രവാസിയെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. തനിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ മോശം ഭാഷയില്‍ പോസ്റ്റിട്ട യാസിര്‍ എടപ്പാള്‍ എന്നയാളെ യു.എ.ഇയില്‍ നിന്ന് ജോലി നഷ്ടപ്പെടുത്തി കേരളത്തിലെത്തിക്കാന്‍ ജലീല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്.
ജലീലിനെതിരേ പോസ്റ്റിട്ട ലീഗ് പ്രവര്‍ത്തകനായ യാസിറിനെതിരേ മന്ത്രി അപകീര്‍ത്തിക്കേസ് നല്‍കിയിരുന്നു. എന്നാല്‍ നാട്ടില്‍ ഫയല്‍ ചെയ്ത കേസുകൊണ്ട് ഒന്നുമാകില്ലെന്നും താന്‍ വിദേശത്താണുള്ളതെന്നും യു.എ.ഇയില്‍ വന്ന് കേരളാ പൊലിസിന് തന്നെ പിടികൂടാനാകില്ലെന്നും ഇതിനു മറുപടിയായി യാസിര്‍ എടപ്പാള്‍ പറഞ്ഞതാണ് മന്ത്രിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
തുടര്‍ന്നാണ് യാസിറിനെ തിരികെയെത്തിക്കാനുള്ള സാധ്യത തേടി ജലീല്‍ തന്നെ സമീപിച്ചതെന്നാണ് സ്വപ്നയുടെ മൊഴി. നേരത്തേ കിറ്റുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ഖുര്‍ആന്‍ വിതരണവുമായി ബന്ധപ്പെട്ടും സ്വപ്നയുമായി സംസാരിച്ചിരുന്നെന്ന് ജലീല്‍ സമ്മതിച്ചിരുന്നു. അതിനു പിന്നാലെയാണ് സ്വപ്നയുടെ മൊഴി പുറത്തുവന്നത്. അതേസമയം, ജലീലിന്റെ നടപടിയില്‍ ഗുരുതരമായ ചട്ടലംഘനമുണ്ടെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഒരു മന്ത്രിക്ക് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഇത്തരം ഇടപെടല്‍ നടത്താനാകില്ല.
യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഇത്തരം ഒരു ആവശ്യം മന്ത്രിക്ക് ഉന്നയിക്കണമെങ്കില്‍ അത് വിദേശകാര്യമന്ത്രാലയം വഴിയായിരിക്കണം നടത്തേണ്ടത്. അതും ഗുരുതരമായ കേസുകളാണെങ്കിലേ അത്തരം ആശയവിനിമയം നടത്തുക പതിവുള്ളൂ. അപകീര്‍ത്തിക്കേസുകള്‍ പോലുള്ള താരതമ്യേന ചെറിയ കേസുകളില്‍ ഇത്തരം ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു പ്രതിനിധി നടത്താറില്ലെന്നും വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."