ഗോഡ്‌സെ വിവാദം അവസാനിക്കില്ല; എന്തുകൊണ്ട് ?
മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി'യെന്നു നാഥുറാം വിനായക് ഗോഡ്‌സെയെ വിളിച്ചിട്ടുണ്ടെങ്കില്‍ അത് ഏറ്റവും ചെറിയ ആരോപണം മാത്രമായേ കാണേണ്ടതുള്ളൂ. ഗോഡ്‌സെയുടെ വ്യക്തിത്വം അപഗ്രഥിച്ചാല്‍ ഫാസിസ്റ്റ് വംശീയവാദി, മതമൂല്യങ്ങളുമായി ബന്ധമില്ലാത്ത ജീവിതം നയിക്കുന്ന മതതീവ്രവാദി, മാനുഷികമൂല്യങ്ങള്‍ക്കും ആര്‍ദ്രതകള്‍ക്കും ജീവിതത്തില്‍ പരിഗണനയും കല്‍പ്പിക്കാത്ത ക്രൂരന്‍ എന്നിങ്ങനെ പല തലങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഗാന്ധിജിയോടും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലെ മതേതരവാദികളായിരുന്ന എല്ലാ നേതാക്കളോടും അയാള്‍ പുലര്‍ത്തിയിരുന്ന അമര്‍ഷം അളന്നെടുക്കാന്‍ പറ്റുന്നതായിരുന്നില്ല.
ഗാന്ധിജിയെ ശരീരഹത്യ ചെയ്യണമെന്ന് ആര്‍.എസ്.എസും ഹിന്ദുമഹാസഭയും ചേര്‍ന്ന് അന്തിമതീരുമാനത്തിലെത്തിയപ്പോള്‍ നാഥുറാമിനെയായിരുന്നില്ല ചുമതല ഏല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഗൂഢാലോചനാസംഘത്തിലെ കൂടുതല്‍ ആരോഗ്യവും പക്വതയുമുള്ള നാല്‍വര്‍ സംഘത്തില്‍ ഓരോരുത്തരെയായി പരിഗണിച്ചു. ആ 'നാല്‍വര്‍ സംഘത്തില്‍' ഗോഡ്‌സെയുണ്ടായിരുന്നില്ല.
എന്നാല്‍, ഗാന്ധിജിയെ സ്വന്തം കൈകൊണ്ടു വെടിവച്ചു കൊല്ലണമെന്നും മഹാത്മാവ് പിടഞ്ഞു മരിക്കുന്നതു നേരില്‍ കാണണമെന്നും തനിക്കാഗ്രഹമുണ്ടെന്നു തന്റെ കിരാതമായ മനോഭാവം വെളിപ്പെടുത്തി സവാര്‍ക്കറിലും ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിലും വലിയ സമ്മര്‍ദം ചെലുത്തി നാഥുറാം രംഗത്തു വന്നു. ഇങ്ങനെ, ചോദിച്ചു വാങ്ങിയ ദൗത്യമാണു നാഥുറാമിനെ സംബന്ധിച്ചു ഗാന്ധിവധം. ഈ ദൗത്യം കിട്ടുന്നതിനുവേണ്ടി പൂനെയ്ക്കും നാഗ്പൂരിനും നാസിക്കിനും ബോംബെയ്ക്കുമിടയില്‍ പലതവണയാണു നാഥുറാം യാത്ര ചെയ്തത്. ഒരുവേള ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ കാല്‍ക്കല്‍ വീണു കേഴുന്ന സ്ഥിതിവരെയുണ്ടായി.
അവസാനം തന്നിലേയ്ക്കു ചുമതല വന്നുചേര്‍ന്നപ്പോള്‍ മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും പുരാതനക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ക്കായി ഭീമമായ സംഖ്യ, ക്ഷേത്രവിശ്വാസിയല്ലാഞ്ഞിട്ടും, ചെലവഴിച്ചു. ഈ ദൗത്യം കിട്ടുന്നതിനു വേണ്ടി നടത്തിയ വഴിപാടുകള്‍ വേറെയും. നേരേ ചൊവ്വേ തോക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത, കൈവിറയ്ക്കുന്ന ഭീരുവായിരുന്ന നാഥുറാം ആ പ്രശ്‌നം പരിഹരിച്ചതു ബോംബെയില്‍ താമസിച്ചിരുന്ന ഇസ്‌റാഈലില്‍ ആയുധ പരിശീലക-വ്യാപാരിയില്‍ നിന്നാണ്. സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രചാരകനായ ആ ജൂതനെ ഹിന്ദുമഹാസഭ-ആര്‍.എസ്.എസ് നേതൃത്വം ഗാന്ധിജിയെ വധിക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെടുന്നവര്‍ക്കു പരിശീലനം നല്‍കാനായി പാര്‍പ്പിച്ചതായിരുന്നു.
വി.ഡി സവാര്‍ക്കറുടെ തുരുമ്പെടുത്ത പെട്ടികളില്‍നിന്നു കണ്ടെടുത്ത പൂനാരേഖകള്‍ അഥവാ 'പൂനാ പേപ്പേഴ്‌സ് ' ഗാന്ധിവധത്തിന്റെ പിന്നാമ്പുറങ്ങളില്‍ നടന്ന അനേകം ദുരൂഹസംഭവങ്ങളിലേയ്ക്കു വെളിച്ചം വീശുന്നവയാണ്. ഗാന്ധിവധത്തിന്റെ കാര്യത്തില്‍ സയണിസ്റ്റുകള്‍ ഇന്ത്യയിലെ ഹിന്ദുത്വഭീകരവാദികളെ സഹായിച്ചതിന്റെയും ഗാന്ധിജിയെ കൊല്ലാനായി ഹിന്ദുമഹാസഭക്കാര്‍ പണപ്പിരിവു നടത്തിയതിന്റെയും വിവരണങ്ങള്‍ അതിലുണ്ടായിരുന്നു. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും വിവിധ ഭാഗങ്ങളിലെ പണക്കാരായ സേട്ടുമാരില്‍നിന്നും സവര്‍ണ തീവ്രവാദി ബിസിനസുകാരില്‍നിന്നും വലിയ സംഖ്യതന്നെ ഹിന്ദുമഹാസഭക്കാര്‍ പിരിച്ചെടുത്തിരുന്നു.
ഈ സംഖ്യയത്രയും ചെന്നുചേര്‍ന്നതു വി.ഡി സവാര്‍ക്കറുടെ കൈവശമാണ്. ആ പണം പിന്നീടെങ്ങോട്ടു പോകുന്നുവെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. ഗൂഢാലോചനാസംഘത്തിനിടയില്‍ ഇതിന്റെ പേരില്‍ ഛിദ്രത ഉടലെടുത്തിരുന്നു. 'കേസ് നടത്തിപ്പിനു വലിയ ചെലവു വരും' എന്ന ഒറ്റവാക്കിലൊതുക്കി സവാര്‍ക്കര്‍ എല്ലായിപ്പോഴും പണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി. സംഘത്തില്‍ കൊലയാളി നാഥുറാം ഒഴികെ മറ്റാരും വീര്‍ദാമോദര്‍ സവാര്‍ക്കറെ കണ്ണടച്ചു നമ്പിയിരുന്നില്ലെന്നതാണു സത്യം. 'സവാര്‍ക്കറുടെ മുഖത്തുതന്നെ കടുകട്ടി കള്ളലക്ഷണമുണ്ട് ' എന്നാണു പിന്നീടൊരിക്കല്‍ നാരായണ്‍ ആപ്‌തേ ഗോപാല്‍ ഗോഡ്‌സെയോടു പറഞ്ഞത്.
ഹിന്ദുജനതയോടുള്ള അഭിനിവേശത്തിന്റെ പേരില്‍ ഗാന്ധിഹത്യക്കിറങ്ങിയ തന്റെ സഹോദരനെ സവാര്‍ക്കര്‍ പരമാവധി മുതലെടുത്തിട്ടുണ്ടെന്നു ഗോപാല്‍ ഗോഡ്‌സെ പരിതപിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ചതിയുടെ ആ സംഘം ഏറ്റവും കിരാതമായ ലക്ഷ്യത്തിനുവേണ്ടി ഒന്നിച്ചുനിന്നപ്പോഴും പരസ്പരം അവിശ്വസിക്കുന്നവരായിരുന്നു. 'എന്തുകൊണ്ടോ അവര്‍ തമ്മില്‍ തമ്മില്‍ വെടിവച്ചു മരിക്കയുണ്ടായില്ല' എന്നു പറയത്തക്കവിധം കടുത്തതായിരുന്നു അവര്‍ക്കിടയിലെ അവിശ്വാസം.
സയണിസ്റ്റ് ആയുധവ്യാപാരിയില്‍നിന്നു നാലു കൈത്തോക്ക് രഹസ്യമായും രണ്ടെണ്ണം പരസ്യമായും സവാര്‍ക്കര്‍ വാങ്ങുകയുണ്ടായി. ഈ തോക്കുകളിലൊന്നാണോ ഗോഡ്‌സെ ഉപയോഗിച്ചതെന്നു പറയാനാവില്ല. സവാര്‍ക്കര്‍ രഹസ്യമായി വാങ്ങിയ തോക്കുകളുടെ പിന്നിലെ ഉദ്ദേശമെന്താവാം. പദ്ധതി പാളുകയും അവിചാരിതവും അപ്രതീക്ഷിതവും അപകടകരവുമായ വഴിത്തിരിവുകള്‍ ഉണ്ടാകയും ചെയ്താല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരെ ഉന്മൂലനം ചെയ്യാന്‍ സവാര്‍ക്കര്‍ക്ക് ഉദ്ദേശമുണ്ടായിരുന്നിരിക്കണം. ഏറ്റവും വിശ്വസ്തരായ മൂന്നുപേര്‍ക്കു നല്‍കാനുള്ളതായിരുന്നു ആ നാലെണ്ണത്തിലെ മൂന്നെണ്ണം. ഒരെണ്ണം സ്വയം കരുതിവയ്ക്കാനും.
ഗാന്ധിഹത്യയുടെ സാമ്പത്തിക തമോഗര്‍ത്തത്തിലേയ്ക്ക് ആരും കടന്നുചെന്നിട്ടില്ല. വലിയ തട്ടിപ്പും വഞ്ചനയും സവാര്‍ക്കര്‍ ഇക്കാര്യത്തില്‍ നടത്തിയിരുന്നു. അങ്ങനെയാണു ഗാന്ധിവധത്തിനുശേഷം സവാര്‍ക്കറുടെ കൈവശം വലിയ തോതില്‍ പണം കാണപ്പെട്ടത്. ഗാന്ധിജി കൊല്ലപ്പെട്ടാല്‍ ഇന്ത്യയില്‍ മതേതര ഭരണകൂടത്തിനു നിലനില്‍ക്കാനാവില്ലെന്നും വൈകാതെ, അധികം അധ്വാനിക്കാതെ, ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമെന്നുമെല്ലാം ചില പണക്കാരായ ഹിന്ദുത്വ തീവ്രവാദികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു സവാര്‍ക്കര്‍ ഭീമമായ സംഖ്യ പിരിച്ചെടുത്തത്.
ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അതിര്‍ത്തി കടന്നുപോകേണ്ടിവരുമെന്നും ഗാന്ധിജി ഇല്ലാതായാല്‍ മുസ്‌ലിംകള്‍ക്കിവിടെ നിലനില്‍പ്പില്ലാതാകുമെന്നും സവാര്‍ക്കര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. 'പൂനാ രേഖകളില്‍' സവാര്‍ക്കര്‍ ഇത്തരത്തില്‍ പലര്‍ക്കും അയച്ച കത്തുകള്‍ക്കുള്ള മറുപടികളുണ്ടായിരുന്നു. ഹിന്ദുരാഷ്ട്രവാദത്തിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടുന്ന സ്‌ഫോടനാത്മക അക്ഷരങ്ങളായിരുന്നു അവയിലേത്. അത്തരം 'പൊട്ടിത്തെറിക്കയും തിരിച്ചടിക്കയും ചെയ്യുന്ന കടലാസുകള്‍ക്ക് ' എന്തു സംഭവിച്ചിരിക്കാമെന്ന് ഊഹിക്കാമല്ലോ. ചതിയുടെ ചിലന്തിവലകള്‍ നെയ്‌തെടുത്ത് അതിനു മധ്യത്തില്‍ വച്ചാണു മഹാത്മജിയെ ഹിന്ദുത്വ ഭീകരര്‍ ജീവഹാനി വരുത്തിയത്.
ഇന്ത്യയിലെ മണ്ണില്‍നിന്നു ഹിന്ദുത്വ തീവ്രവാദ രാഷ്ട്രീയത്തെയും ഹിന്ദുരാഷ്ട്രവാദാശയത്തെയും ഇനി ഒരു കാലത്തും തുടച്ചുമാറ്റാനാവില്ല. സംഘ്പരിവാറിനകത്തും പുറത്തുമായി ആ രാഷ്ട്രീയവും ലക്ഷ്യവും നിലനിന്നുകൊണ്ടിരിക്കും. ഹിന്ദുത്വരാഷ്ട്രീയത്തിനും ഹിന്ദുരാഷ്ട്രവാദത്തിനുമാകട്ടെ മഹാത്മജിയെ വധിക്കുകയെന്ന ദൗത്യം നിര്‍വഹിച്ച അവരുടെ വീരബലിദാനി നാഥുറാമിനെ എങ്ങനെ കൈയൊഴിയാന്‍ കഴിയും. ഇന്നിപ്പോള്‍ നാഥുറാം ഗോഡ്‌സെയ്ക്ക് അമ്പലങ്ങളും സ്മൃതിമന്ദിരങ്ങളുമുണ്ട്. ഇന്ത്യയിലെ അവസാനത്തെ മുസല്‍മാനും അതിരുകടന്നുപോയ ശേഷമേ തനിക്കു സ്മാരകങ്ങളുണ്ടാക്കാവൂവെന്നു ഗോഡ്‌സെ ഒസ്യത്തു ചെയ്തിരുന്നെങ്കിലും ഗോഡ്‌സെ ഭക്തര്‍ക്ക് അതുവരെ കാത്തിരിക്കാന്‍ ക്ഷമയുണ്ടായില്ല എന്നതിന്റെ സാക്ഷ്യങ്ങളാണ് ഈ ക്ഷേത്രങ്ങളും സ്മൃതിമന്ദിരങ്ങളും.
നാളെ വരാന്‍ പോകുന്നതു വിപുലമായ ആദരവിന്റെയും അപരമായ ഭക്തിയുടെയും തെളിവുകളാകാവുന്ന നിര്‍വൃതികളായിരിക്കും. അപ്പോള്‍ ഇന്ത്യയിലെ മതേതരവാദികള്‍ക്കു നിശ്ശബ്ദരായി നില്‍ക്കാന്‍ മാത്രമേ സാധിക്കൂ. ഇപ്പോള്‍ ഗോഡ്‌സെയെ 'മഹാനായ ദേശീയവാദി'യെന്നോ 'ദേശസ്‌നേഹി'യെന്നോ പറയുന്ന പ്രജ്ഞാസിങ്ങുമാര്‍ക്കെതിരേ ബി.ജെ.പിക്ക് ഉപരിപ്ലവമായി നടപടിയെടുക്കേണ്ടി വന്നതു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണെന്ന സന്ദര്‍ഭത്തിന്റെ സമ്മര്‍ദംകൊണ്ടു മാത്രമാണ്. ആ നടപടിയില്‍ ഒട്ടും ആത്മാര്‍ഥത കാണേണ്ടതില്ല. സാഹചര്യം മാറിയാല്‍ ഇതേ പ്രജ്ഞാസിങ്ങിനെ ബി.ജെ.പിക്കാര്‍ വാഴ്ത്തും.
മലേഗാവ് സ്‌ഫോടനക്കേസുകളില്‍ പങ്കാളിയെന്നു ഹേമന്ത് കര്‍ക്കറെ കണ്ടെത്തിയ പ്രജ്ഞാസിങ്ങ് ഠാക്കൂര്‍, തന്റെ ശാപമാണ് ആ അന്വേഷണ ഉദ്യോഗസ്ഥനെ ഇല്ലായ്മ ചെയ്തതെന്നു പറയാന്‍ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കിടയിലും മടികാണിച്ചില്ലെന്ന് ഓര്‍ക്കണം. ഇത്തരം വ്യക്തിയെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ അല്‍പ്പംപോലും മടികാണിക്കാത്ത ബി.ജെ.പിക്ക് അവരെ ആത്മാര്‍ഥമായി തള്ളിപ്പറയാനാകുമോ.
നാഥുറാം വിനായക് ഗോഡ്‌സെയെ മുന്‍നിര്‍ത്തിയുള്ള വിവാദങ്ങളും ചര്‍ച്ചകളും ഇന്ത്യയില്‍ ഇനിയും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. കാരണം, ആ പേര് ഇന്ത്യയുടെ അന്തരീക്ഷത്തില്‍ മുഴക്കത്തില്‍ നിര്‍ത്തേണ്ടത് സംഘ്പരിവാറിന്റെയും ഇതര ഹിന്ദുത്വ ഭീകരരുടെയും ആവശ്യമാണ്. അവര്‍ ബോധപൂര്‍വം അതിനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിക്കയും വിവാദ കോലാഹലങ്ങള്‍ ആവിര്‍ഭവിക്കുകയും ചെയ്യും. ആ പേരിനെയും അതു പ്രതിനിധാനം ചെയ്യുന്ന തീവ്രവാദാശയങ്ങളെയും സജീവമായി നിര്‍ത്തേണ്ടതു ഹിന്ദുത്വരുടെ സ്വാഭാവികാവശ്യമാണ്. ചില സമ്മര്‍ദഘട്ടങ്ങളില്‍ ഗോഡ്‌സെ സ്തുതിക്കാര്‍ക്കെതിരേ ഏതെങ്കിലും പരിവാര്‍ ഘടകത്തിനു നടപടിയെടുക്കയോ അവരെ തള്ളിപ്പറയുകയോ വേണ്ടി വന്നിട്ടുണ്ടെങ്കില്‍ അതവിടെ തീരുന്നു എന്നര്‍ഥം.
ഗാന്ധിജിയുടെ നാമധേയത്തിനു മുകളിലേയ്ക്കു ഗോഡ്‌സെയുടെ പേരിനെ കയറ്റിനിര്‍ത്തുക എന്നതു ഹിന്ദുത്വ ഭീകരവാദത്തിന്റെ സുപ്രധാന ലക്ഷ്യമാണ്. അതിനു ഗോഡ്‌സെയെക്കുറിച്ച് ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതു തെരഞ്ഞെടുപ്പു കാലമായാലും അല്ലെങ്കിലും ഹിന്ദുത്വരുടെ ആവശ്യമാണ്.
ഗാന്ധിജിയെ ഇന്ത്യന്‍ ജനത സ്വാഭാവികമായി സ്മരിക്കയും പറയുകയും ചെയ്യും, ചെയ്യുന്നുണ്ട്. ആ ഒരു തലത്തില്‍ ഗോഡ്‌സെയെ പെട്ടെന്നു പ്രതിഷ്ഠിച്ചെടുക്കാനാവില്ലെന്ന യാഥാര്‍ഥ്യം ഹിന്ദുത്വതീവ്രവാദികള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അപ്പോള്‍ പിന്നെ അവശേഷിക്കുന്നത് ഇത്തരം കുത്സിത തന്ത്രങ്ങള്‍ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."