മാമ്പഴക്കാലത്ത് ജനകീയ കൂട്ടായ്മകള്‍ക്ക് ചെയ്യാവുന്നത്
ചക്ക സംസ്ഥാന ഫലവും പ്രമേഹരോഗത്തിനുള്ള സിദ്ധൗഷധമെന്ന നിലയില്‍ താരവുമാണെങ്കിലും കേരളത്തില്‍ ഈ അമൂല്യനിധി ഒട്ടുമുക്കാലും പാഴായിപ്പോവുകയാണ്. പറിച്ചിറക്കാന്‍ ആളില്ലാതെ പഴുത്തുവീണു നശിച്ചു പോകുന്നുവെന്നതാണു ചക്കയുടെ ദുര്‍വിധി.
ചക്ക മാത്രമല്ല, മാങ്ങയും ഏതാണ്ടിതേ അവസ്ഥയിലാണ്. കേരളത്തിലുടനീളം മാവുകള്‍ നിറയെ കായ്ച്ചു നില്‍ക്കുന്ന കാലമാണിത്. മിക്കയിടങ്ങളിലും 'തുംഗമാം മീനച്ചൂടില്‍' മാവുകളുടെ 'മരതകക്കിങ്ങിണി സൗഗന്ധിക സ്വര്‍ണമായി' മാറിയിട്ടു നാളേറെയായി. പച്ചയും പാതി പഴുത്തതും തികച്ചും പഴുത്തതുമൊക്കെയായ ഈ മാമ്പഴങ്ങള്‍ പറിക്കാന്‍ ആളുകളെ കിട്ടാത്തതിനാല്‍ പഴുത്തുവീണു ചീഞ്ഞുപോവുമെന്ന് തീര്‍ച്ച.
ഇക്കൊല്ലം റെക്കോര്‍ഡ് കായപിടിത്തമാണു മാവുകളുടേത്. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും കായ്ച്ചു നില്‍ക്കുന്ന മാവുകളാണ്. ഒരു സംശയവും വേണ്ട, അവയില്‍ വലിയൊരു പങ്കും നശിച്ചുപോവുക തന്നെ ചെയ്യും.
പണ്ടൊന്നും ഇതായിരുന്നില്ല സ്ഥിതി. 'ആറുമാസം ചക്കേം മാങ്ങേം, ആറുമാസം താളും തകരേം' എന്നൊരു ചൊല്ലു തന്നെയുണ്ടായിരുന്നു മലയാളത്തില്‍. ചക്കയെപ്പോലെ മാങ്ങയും മലയാളികള്‍ പലതരത്തില്‍ കാലങ്ങളോളം ഉപയോഗിച്ചുപോന്ന ഫലമാണ്. ഉപ്പുമാങ്ങയും മാമ്പഴപ്പുളിശേരിയും മാങ്ങാത്തിരയും എരുമാങ്ങയും കടുമാങ്ങയും തൊറമാങ്ങയും മാങ്ങാച്ചുമെല്ലാം മാങ്ങാരുചിയുടെ വ്യത്യസ്തമായ ആവിഷ്‌കാരങ്ങളാണ്.
കാലദേശങ്ങള്‍ക്കനുസരിച്ച് ഈ രുചിഭേദങ്ങള്‍ മാറിമറിഞ്ഞു വരും. ഇവയ്ക്കു പുറമെ ചെത്തിപ്പൂളി തിന്നുകയും ചെയ്യാം. കുട്ടികള്‍ക്കു കടിച്ചീമ്പി മാമ്പഴ രുചി ആവോളം ആസ്വദിക്കാം. എന്നാല്‍, ഇന്നു 'മാമ്പഴ സമൃദ്ധി'യുടെ സംസ്‌കാരം നമുക്കു നഷ്ടമായി വരികയാണ്. മാമ്പഴങ്ങള്‍ ഇല്ലാതായതല്ല കാരണം. മാവുകളിപ്പോഴും സമൃദ്ധമായി കായ്ക്കുന്നുണ്ട്. കാറ്റു വീശുന്നുണ്ട്. പക്ഷേ, 'പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെന്നു' വിളിച്ചുകൂവാന്‍ മാഞ്ചോട്ടില്‍ കുട്ടികളില്ല.
'ബേണങ്കി ഞ്ഞിം ഞാമ്പറിച്ചു തരാ'ന്നു പറഞ്ഞു മിശ്‌റു കടി വകവയ്ക്കാതെ മാവില്‍ വലിഞ്ഞുകയറി സുഹ്‌റമാര്‍ക്കു മാമ്പഴം പറിച്ചുകൊടുക്കാന്‍ വെമ്പുന്ന മജീദുമാരില്ല. വഴിയോരങ്ങളില്‍ കായ്ച്ചുനില്‍ക്കുന്ന മാവുകള്‍ക്കു നേരെ കല്ലെറിഞ്ഞു മാങ്ങ വീഴ്ത്തുന്ന മിടുമിടുക്കന്മാരില്ല. മാങ്ങാച്ചുനയുടെ പൊള്ളലേറ്റ കുഞ്ഞുങ്ങളെ കാണാനേയില്ല.
മാവായ മാവൊക്കെ കായ്ച്ചു നില്‍ക്കുന്നു. പറിക്കാന്‍ ആളെക്കിട്ടാതെ പഴുത്തു വീഴുന്നു. അണ്ണാന്മാര്‍ക്കും വവ്വാലുകള്‍ക്കും ബഹുസന്തോഷം. അവ കൊത്തിയും ഈമ്പിയിടുമിടുന്ന മാമ്പഴങ്ങള്‍ നിപാ പേടിച്ചു കുട്ടികള്‍ തൊട്ടുനോക്കുന്നുപോലുമില്ല. ഇതാണു 'മാമ്പഴ'ത്തിന്റെ ഇപ്പോഴത്തെ ദുര്‍ഗതി.
എന്നുവച്ചു മാമ്പഴം ആളുകള്‍ക്കു വേണ്ടാതായിട്ടില്ല. തൊടികള്‍ നിറയെ മാവുകള്‍ കായ്ച്ചുനില്‍ക്കുമ്പോഴും അങ്ങാടിയില്‍ മാമ്പഴത്തിനു വന്‍ ഡിമാന്‍ഡാണ്. വലിയ വില കൊടുത്തു വിപണിയില്‍നിന്ന് വാങ്ങിക്കൊണ്ടു വരുന്ന മാമ്പഴങ്ങളാണു തീന്‍മേശ നിറയെ. അല്‍ഫോണ്‍സോയും സിന്ദൂറും ഖുദാദാത്തുമെല്ലാമാണു നമ്മുടെ പ്രിയപ്പെട്ട മാമ്പഴങ്ങള്‍. നാടന്‍ മാമ്പഴങ്ങള്‍ക്കു വീണു നശിച്ചുപോകാനാണ് വിധി.
ഇതില്‍ വലിയൊരു വൈപരീത്യവുമുണ്ട്. വിഷാംശത്തിന്റെ ലാഞ്ചനപോലുമേല്‍ക്കാതെ മൂത്തുപഴുത്തു നില്‍ക്കുന്ന നാട്ടുമാമ്പഴങ്ങള്‍ ഒഴിവാക്കിയാണു രാസവസ്തുക്കള്‍ ചേര്‍ത്തു പഴുപ്പിച്ചവ വാങ്ങിത്തിന്നു വിഷം അകത്താക്കുന്നത്. ഒന്നുരണ്ടു കൊല്ലം മുന്‍പു മാരകവിഷാംശമടങ്ങിയ മാമ്പഴം തിന്ന് ഒരു കുട്ടി മരിക്കുകപോലുമുണ്ടായി. രാസവസ്തുക്കള്‍ ഉപയോഗിച്ചു പഴുപ്പിക്കുന്നതിനെതിരായി ജനവികാരം ഉയര്‍ന്നതുകൊണ്ടായിരിക്കാം ഈയിടെയായി മാമ്പഴമേള നടത്തിപ്പുകാരും പഴം വില്‍പ്പനക്കാരും മറ്റും കൃത്രിമ മാര്‍ഗങ്ങളുപയോഗിച്ചു പഴുപ്പിക്കാത്ത മാമ്പഴങ്ങളാണ് തങ്ങളുടേത് എന്ന് അവകാശപ്പെടാറുണ്ട്.
പക്ഷേ, വിപണിയിലെത്തുന്ന, പ്രത്യേകിച്ചു അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മാമ്പഴങ്ങളില്‍ മാരകമായ കീടനാശിനികള്‍ ചേര്‍ക്കുന്നില്ലെന്നതിന് എന്താണുറപ്പ്. വാണിജ്യാടിസ്ഥാനത്തില്‍ മാമ്പഴം ഉല്‍പ്പാദിപ്പിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും ആന്ധ്രയില്‍ നിന്നും മറ്റുമാണു കേരളത്തില്‍ വന്‍തോതില്‍ മാമ്പഴമെത്തുന്നത്. അവിടങ്ങളിലെല്ലാം ഉണ്ണിമാങ്ങകള്‍ കരിഞ്ഞുവീഴാതിരിക്കാന്‍വേണ്ടി പൂവിടുന്ന കാലത്തുതന്നെ കീടനാശിനികള്‍ വന്‍തോതില്‍ തളിക്കാറുണ്ട്. വിഷാംശം കലര്‍ന്ന മാമ്പഴങ്ങളാണു വിപണിയിലെത്തുന്നവയില്‍ വലിയ പങ്കുമെന്നു വ്യക്തം. പറിക്കാനാളില്ലാതെ സ്വന്തം പറമ്പിലെ മാമ്പഴങ്ങള്‍ വീണു നശിക്കുമ്പോള്‍ നാം പണം കൊടുത്തു വിഷം വാങ്ങിത്തിന്നുന്നു.
കേരളത്തിലെ 'മാംഗോസിറ്റി'യാണു പാലക്കാട് ജില്ലയില്‍ തമിഴ്‌നാടിനോടു ചേര്‍ന്നു നില്‍ക്കുന്ന മുതലമട. വാണിജ്യാടിസ്ഥാനത്തില്‍ മാവുകള്‍ നട്ടുവളര്‍ത്തുന്ന മുതലമടയില്‍ രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗം വ്യാപകമാണ്. തമിഴ്‌നാട്ടില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടില്ല. അതിനാല്‍ മുതലമടയിലെ മാവു കൃഷിക്കാര്‍ എന്‍ഡോസള്‍ഫാന്‍ തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവന്ന് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഇതിനോടു വിയോജിപ്പുള്ള ചുരുക്കം ചിലര്‍ മുതലമടയില്‍ ജൈവരീതിയില്‍ മാമ്പഴം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും വിപണിയില്‍ സുലഭമല്ല.
വിപണിയില്‍നിന്ന് മാമ്പഴം വാങ്ങി ഭക്ഷിക്കുന്ന ശീലം സ്വായത്തമാക്കിയ മലയാളി പറമ്പില്‍ മാമ്പഴങ്ങള്‍ വീണു ചീഞ്ഞളിയുമ്പോഴും അതേപ്പറ്റി കാര്യമായി ആലോചിക്കാറില്ലെന്നതാണ് സങ്കടകരം. മാങ്ങപറിക്കാന്‍ ആളെക്കിട്ടാത്തതാണ് ഈ അവസ്ഥയ്ക്കു വലിയൊരളവോളം കാരണം (പൊങ്ങച്ചം അതിനു പിന്നാലെ മാത്രമേ വരുന്നുള്ളൂ).
ഇതു മാങ്ങയുടെ മാത്രം ഗതികേടല്ല, ജോലിക്കാരുടെ ദൗര്‍ലഭ്യമാണു യഥാര്‍ഥ വില്ലന്‍. റെസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍, സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയ വിചാരിച്ചാല്‍ തീര്‍ക്കാവുന്നതേയുള്ളൂ ഈ പ്രശ്‌നം. ഓരോ പ്രദേശത്തും കായ്ച്ചു നില്‍ക്കുന്ന മാങ്ങ പറിക്കാന്‍ അതതു പ്രദേശത്തെ ഇത്തരം കൂട്ടായ്മകള്‍ ശ്രമിക്കട്ടെ. അങ്ങനെ ശ്രമിക്കുമ്പോള്‍ പണിക്കാരുടെ ലഭ്യതയില്ലായ്മ പരിഹരിക്കാനാവും. ഇങ്ങനെ പറിച്ചു ശേഖരിക്കുന്ന മാമ്പഴങ്ങളുടെ ഒരു ഭാഗം സന്നദ്ധസംഘടനകള്‍ക്കു പൊതുആവശ്യത്തിലേയ്ക്കു നീക്കിവയ്ക്കാം. ബാക്കി ഉടമസ്ഥര്‍ക്ക് നല്‍കാം.
പൊതുപൂളിലേയ്ക്കു സംഭരിക്കുന്ന മാമ്പഴങ്ങള്‍, വീട്ടുപറമ്പില്‍ കായ്ക്കുന്ന മാവില്ലാത്ത നാട്ടുകാര്‍ക്കിടയില്‍ വിതരണം നടത്തുകയോ വില്‍പ്പന നടത്തി അതിലൂടെ കിട്ടുന്ന പണം പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയോ ആവാം. മാമ്പഴം കൊണ്ടു മൂല്യവര്‍ധിത വസ്തുക്കളുണ്ടാക്കി വില്‍പ്പന നടത്തുന്നതുപോലും ആലോചിക്കാവുന്നതാണ്. ഒരു കാര്യം തീര്‍ച്ച, ഇങ്ങനെയൊരു പരിശ്രമമുണ്ടാവുകയാണെങ്കില്‍ ആര്‍ക്കും വേണ്ടാതെ ചീഞ്ഞുപോവുന്ന മാമ്പഴങ്ങള്‍ ഉപയോഗപ്രദമാക്കാം. അല്‍പ്പം ഭാവനാപൂര്‍വം ചിന്തിച്ചാല്‍ പ്രാദേശിക കൂട്ടായ്മകള്‍ക്ക് എളുപ്പത്തില്‍ നടപ്പില്‍ വരുത്താവുന്ന കാര്യമാണിത്.
നമ്മുടെ നാട്ടില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ യുവജനസംഘടനകള്‍ വളരെ സജീവമാണ്. അവര്‍ സാമൂഹ്യപ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടാറുണ്ട്. പക്ഷേ, പ്രതിഷേധപ്രകടനങ്ങള്‍, പിക്കറ്റിങ്, കലക്ടറേറ്റ് മാര്‍ച്ച്, പൊതുയോഗങ്ങള്‍, ധര്‍ണ തുടങ്ങിയ സമരരൂപങ്ങളിലൂടെയാണു മിക്കപ്പോഴും യുവാക്കളുടെ സംഘബലം ആവിഷ്‌കരിക്കപ്പെടാറുള്ളത്. എന്തുകൊണ്ടു യുവജനസംഘടനകള്‍ക്ക് ഇത്തരം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൂടാ. ചക്കയും മാങ്ങയുമെല്ലാം ആര്‍ക്കും ഉപയോഗിക്കാനാവാതെ നശിച്ചുപോവുന്നത് ഒഴിവാക്കാന്‍ അതുമൂലം സാധിക്കും.
പതിറ്റാണ്ടുകള്‍ക്കു മുന്‍പു കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിവിഭാഗമായ കെ.എസ്.യു 'ഓണത്തിന് ഒരു പറ നെല്ല് ' എന്നൊരു പദ്ധതി ഏറ്റെടുത്തു നടത്തിയിരുന്നു. അതില്‍ വലിയൊരളവോളം പബ്ലിസിറ്റി താല്‍പ്പര്യമുണ്ടായിരുന്നുവെന്ന കാര്യം കണക്കിലെടുത്താല്‍ തന്നെയും പ്രസ്തുത പരിപാടി നല്‍കിയ സന്ദേശം മാതൃകാപരമായിരുന്നു. അതേപോലെ, ഡി.വൈ.എഫ്.ഐ മുന്‍വര്‍ഷങ്ങളില്‍ പലയിടങ്ങളിലും ജൈവപച്ചക്കറികൃഷി നടത്തിയിരുന്നു.
യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മകള്‍ക്ക് അതതു പ്രദേശങ്ങളില്‍ പൊതുജനസഹകരണത്തോടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിച്ചുപോവുന്നത് ഒഴിവാക്കാനുള്ള ഇത്തരം സംരംഭങ്ങള്‍ നടത്താന്‍ വലിയ പ്രയാസമൊന്നുമില്ല. മതസമുദായ സംഘടനകള്‍ക്കും ഇതു പരീക്ഷിച്ചുനോക്കാവുന്നതാണ്. കലക്ടറേറ്റിനും പൊലിസ് സ്റ്റേഷനും മുന്‍പില്‍ തൊണ്ടപൊട്ടിയലറി ഊര്‍ജം നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ എത്ര നന്നു മാവില്‍ കയറി രണ്ടു മാമ്പഴം പൊട്ടിച്ചെടുത്തു നാട്ടുകാര്‍ക്കു തിന്നാനിട്ടുകൊടുക്കുന്നത്.
പല പടിഞ്ഞാറന്‍ നാടുകളിലും യുവജന കൂട്ടായ്മകളും ജനകീയ സമിതികളും വിജയകരമായി ഇങ്ങനെ വിളവുകള്‍ ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യാറുണ്ട്. ഉടമസ്ഥര്‍ വിളവെടുത്തു ബാക്കിയാവുന്ന വിളകളും ഈ സമിതികള്‍ സംഭരിച്ച് ഉപയോഗപ്പെടുത്തും. നമ്മുടെ നാട്ടില്‍ നിലവിലുള്ള 'കാലപെറുക്കല്‍' തന്നെയാണിത്. കൊയ്ത്തുകഴിഞ്ഞ വയലുകളില്‍ കാല പെറുക്കാനുള്ള അവകാശം കുട്ടികള്‍ക്കായിരുന്നു. കാല പെറുക്കിക്കിട്ടുന്ന കതിര്‍മണികള്‍ അവരുടേതാണ്.
കുരുമുളകു വള്ളികളില്‍നിന്ന് പൊഴിഞ്ഞുവീഴുന്ന തിരികളില്‍ നിന്നു മണികള്‍ ശേഖരിച്ചുണക്കി വില്‍ക്കാനുള്ള അവകാശവും കുട്ടികളുടേതാണ്. ഇത്തരം 'കാല പെറുക്കലുകള്‍' ഉല്‍പ്പന്നങ്ങളുടെ സമ്പൂര്‍ണമായ ഉപയോഗമാണ് ഉറപ്പുവരുത്തുന്നത്. കുട്ടികള്‍ 'കാലപെറുക്കല്‍' ഇന്ന് ഉപേക്ഷിച്ചിട്ടുണ്ടായിരിക്കാം. എന്നാല്‍, മറ്റൊരു തരത്തില്‍ ജനകീയകൂട്ടായ്മകള്‍ക്കു നമ്മുടെ കാര്‍ഷികവിളകള്‍ ഒരളവോളം സംരക്ഷിക്കാന്‍ കഴിയുകതന്നെ ചെയ്യും. ഇക്കാര്യം സ്വന്തം അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രം മതി.
'മാവുകള്‍ക്കറിയുമോ മാനവാത്മാവിന്‍ നോവും വേവും' എന്നു കവി. 'മാനവര്‍ക്കറിയുമോ മാവുകളുടെ വേദന' എന്ന് ഓരോ മാങ്ങയും മൂത്തു പഴുത്തു മണ്ണില്‍ വീണ് ആര്‍ക്കും വേണ്ടാതെ ചീഞ്ഞളിഞ്ഞു പോവുമ്പോള്‍ ഈ പാവം മരങ്ങളും പാടുന്നുണ്ടാവില്ലെന്ന് ആരു കണ്ടു!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."