മുളിയാര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: മത്സരം കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍
ബോവിക്കാനം: മുളിയാര്‍ സര്‍വിസ് സഹകരണ ബാങ്കിലെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം സമവായത്തിലെത്തിയില്ല. ഡി.സി.സി നേതൃത്വം ഇടപ്പെട്ട് സമവായത്തിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള മത്സരം ഉറപ്പായി.
ഈ മാസം 23നാണ് ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനൊന്ന് സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. ഇതില്‍ ഒരംഗം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിക്ഷേപക വിഭാഗത്തില്‍ മത്സരിച്ച രണ്ടു പേരില്‍ ശന്തിനിദേവി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെ അഡ്വ.കെ. രാമചചന്ദ്രനാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ബാക്കിയുള്ള 10 സീറ്റിലേക്ക് മുസ്‌ലിം ലീഗിന്റെ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെ 19പേരാണിപ്പോള്‍ മത്സര രംഗത്തുള്ളത്. ഇതില്‍ എട്ടുപേര്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളായിട്ടുള്ളത്. 40പേരാണ് ആദ്യം നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. സൂഷ്മ പരിശോധനയില്‍ രണ്ടു പേരുടെ പത്രിക തള്ളി 38പേരുടെ പത്രികയാണ് സ്വീകരിച്ചിരുന്നത്. ഇരുവിഭാഗത്തില്‍ നിന്നുമായി പതിനെട്ടു പേര്‍ ഇന്നലെ പത്രിക പിന്‍വലിക്കുകയായിരുന്നു. സീറ്റ് നിര്‍ണയത്തെച്ചൊല്ലി മുളിയാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇടപ്പെട്ട് മുളിയാറിലെ നേതാക്കളുമായി സമവായ ചര്‍ച്ച നടത്തിയെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറാവാത്തതിനാല്‍ സമവായ ശ്രമം ഫലം കണ്ടില്ല.
പിന്നീട് മുസ്‌ലിം ലീഗിന്റെ രണ്ടു സീറ്റൊഴിച്ച് ഇരുവിഭാഗത്തില്‍ നിന്നുമായി ഒന്‍പതുപേരെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
കോണ്‍ഗ്രസിന് ഏറെ മുന്‍തൂക്കമുള്ള ബാങ്കില്‍ സി.പി.എം, ബി.ജെ.പി ഉള്‍പ്പെടെയുള്ള മറ്റു കക്ഷിയിലെ അംഗങ്ങളൊന്നും മത്സര രംഗത്തില്ലാതിരുന്നിട്ടും ഭരണസമിതി അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുക്കുന്നതിനു പകരം നേതാക്കള്‍ ചേരിതിരിഞ്ഞ് മത്സര രംഗത്തിറങ്ങിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."