മുഖ്യധാരക്കും ന്യൂനപക്ഷങ്ങള്‍ക്കുമിടയിലെന്ത്?
എല്‍.ഡി.എഫില്‍ ഇപ്പോള്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ മൂന്ന്. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ബാലകൃഷ്ണപിള്ള വിഭാഗം കേരള കോണ്‍ഗ്രസ്, സ്‌കറിയാ തോമസ് വിഭാഗം കേരള കോണ്‍ഗ്രസ് (ഇവയില്‍ അച്ഛനും മകനും തമ്മില്‍ വേര്‍പിരിഞ്ഞ് രണ്ടാവുന്നതിന്റെ ലക്ഷണങ്ങള്‍ ബാലകൃഷ്ണ പിള്ള വിഭാഗം കുറച്ചു മുന്‍പ് കാണിച്ചിരുന്നു. അതിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയില്ല). യു.ഡി.എഫില്‍ രണ്ട് കേരള കോണ്‍ഗ്രസുകളുണ്ട്. പി.ജെ ജോസഫ് ചെയര്‍മാനായ പാര്‍ട്ടി, അനൂപ് ജേക്കബിന്റെ ജേക്കബ് വിഭാഗം. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയിലുമുണ്ട് മൂന്ന് കേരള കോണ്‍ഗ്രസുകള്‍. പി.സി തോമസിന്റെ കേരള കോണ്‍ഗ്രസും പി.സി ജോര്‍ജിന്റെ ജനപക്ഷവും 2014 ല്‍ നോബിള്‍ മാത്യു രൂപീകരിച്ച നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസും. ചുരുക്കത്തില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ മുന്നണി ഭേദമന്യേ ഉടനീളം വ്യാപിച്ചുനില്‍ക്കുന്ന സാന്നിധ്യമാണ് കേരള കോണ്‍ഗ്രസ്. ഈ പശ്ചാത്തലത്തിലേക്കാണ് പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ നിന്ന് അടര്‍ന്നു മാറി സ്വന്തമായി ഒരു പാര്‍ട്ടിയായിത്തീര്‍ന്ന് ജോസ് കെ. മാണി വിഭാഗം കടന്നുവരുന്നത്. സാങ്കേതികമായി പറഞ്ഞാല്‍ ഈ വിഭാഗം പിളര്‍ന്നു പുറത്ത് പോയതല്ല, അവരെ യു.ഡി.എഫ് പുറത്ത് നിര്‍ത്തിയതാണ്. എന്നാല്‍, അതിന് വഴിയൊരുക്കിയത് ജോസ് മാണിയും കൂട്ടരും തന്നെ. ഒരു കാര്യം വളരെ വ്യക്തം. മധ്യതിരുവിതാംകൂറിലെ ക്രിസ്തീയ ബെല്‍റ്റില്‍, കുറച്ച് കൂടി സൂക്ഷ്മമായി പറഞ്ഞാല്‍ മധ്യവര്‍ഗത്തിനും അതിനു മുകളിലുമുള്ള ക്രിസ്ത്യാനികള്‍ക്കിടയില്‍ ഒതുങ്ങിനില്‍ക്കുന്ന പള്ളിയുടെയും പട്ടക്കാരുടെയും ആശീര്‍വാദത്തിന്റെ ബലത്തില്‍ സ്ഥാനമുറപ്പിക്കാന്‍ പാട് പെടുന്ന ഒരു കൊച്ചു പാര്‍ട്ടിക്കാണ് ഇത്രയും അവാന്തരവിഭാഗങ്ങള്‍. ചിതറിത്തെറിച്ചു പോകുന്ന കഷണങ്ങളാണ് എക്കാലത്തും കേരളത്തിലെ മുഖ്യധാരാ മുന്നണികള്‍ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്നത്.
യു.ഡി.എഫിനാല്‍ തിരസ്‌ക്കരിക്കപ്പെട്ട ജോസ് വിഭാഗത്തിനു വേണ്ടി സി.പി.എം വാതില്‍ തുറന്നിട്ടതും എന്‍.ഡി.എ അവരുടെ നേരെ നോട്ടമെറിയുന്നതും കേരള കോണ്‍ഗ്രസുകാര്‍ കൊണ്ടുനടക്കുന്ന സാമുദായിക രാഷ്ട്രീയത്തിന് വിപണി മൂല്യമുണ്ട് എന്നതിന് തെളിവാണ്. വളര്‍ന്നാലും പിളര്‍ന്ന് പലതായിപ്പിരിഞ്ഞാലും കേരള കോണ്‍ഗ്രസിനു ചുറ്റും ഭൈമീകാമുകന്മാര്‍ നിരവധി. കേരള കോണ്‍ഗ്രസ് വഴിയോരത്ത് കുണുങ്ങി നില്‍ക്കുന്ന സുന്ദരിയാണന്നും അവളുടെ കരം ഗ്രഹിക്കാന്‍ ആളുണ്ടാവുമെന്നുമുള്ള മാണി സാറിന്റെ പഴയ ഉപമ എത്ര പരമാര്‍ത്ഥം!
വളര്‍ച്ചയും തളര്‍ച്ചയും
മാണി സാര്‍ തന്നെ സ്വന്തം പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞ സുന്ദരിയുടെ ഉപമ ഇത്തിരി പരിഹാസത്തോടെയാണ് കേരളം ഏറ്റുവാങ്ങിയിട്ടുള്ളത്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി എന്ന് കേരള കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചതും അദ്ദേഹം തന്നെ. 1964 ല്‍ രൂപീകൃതമായതു മുതല്‍ പാര്‍ട്ടി കടന്നുപോയ പിളര്‍പ്പുകളുടെയും ലയനങ്ങളുടെയും മുന്നണി മാറ്റങ്ങളുടെയുമെല്ലാം പശ്ചാത്തലത്തില്‍ ഈ പരിഹാസം കേരള കോണ്‍ഗ്രസ് അര്‍ഹിക്കുന്നതുമാണ്. എന്നാല്‍, ഇമ്മട്ടില്‍ എട്ടും ഒമ്പതുമായി പിളരേണ്ടതും മുഖ്യധാരാ മുന്നണികളെ മാറി മാറി പുണരേണ്ടതുമായ കൂട്ടരാണോ സൂക്ഷ്മ വിശകലനത്തില്‍ ഈ കക്ഷി? അല്ലെന്ന് ദ്യോതിപ്പിക്കുന്ന ലക്ഷണത്തോടെയാണ് കേരള കോണ്‍ഗ്രസിന്റെ ഉദയ വികാസങ്ങള്‍.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പി.ടി ചാക്കോയും ആര്‍. ശങ്കറും നേര്‍ക്കുനേര്‍ നിന്ന് പൊരുതിയ പോരില്‍ നിന്നാണ് കേരള കോണ്‍ഗ്രസിന്റെ ഉത്ഭവം എന്നാണ് ചരിത്രം. എന്നാല്‍, അതിലുമപ്പുറത്തേക്ക് ഈ വിഭാഗീയതക്ക് ആഴമുണ്ടായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഭദ്രമാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളാണ്. തിരുസഭകളുടെ തണലില്‍ തഴച്ചുവന്ന ഈ രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാന ഘടകം കമ്മ്യൂണിസ്റ്റ് വിരോധമായിരുന്നു എന്ന് തീര്‍ച്ച. ഏറിയകൂറും മധ്യവര്‍ഗ താല്‍പര്യങ്ങള്‍ക്ക് ചുറ്റും പ്രതിഷ്ഠിക്കപ്പെട്ടവരും കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവരുമായ ക്രിസ്ത്യാനികളായിരുന്നു ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും പ്രബലമായ വോട്ട് ബാങ്ക്. എന്നാല്‍ പി.ടി ചാക്കോയ്ക്ക് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം മതിയായ പരിഗണന നല്‍കിയില്ല എന്ന കെറുവ് ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്നു. അതുണ്ടാക്കിയ മുറിവ് ചാക്കോയുടെയും അദ്ദേഹത്തെ പിന്തുണക്കുന്നവരുടെയും മനസില്‍ ഉണങ്ങാതെ കിടക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ പേരില്‍ ഒരു ലൈംഗികാപവാദക്കേസുണ്ടാവുന്നതും അദ്ദേഹം ബലിയാടാക്കപ്പെടുന്നതും. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ നിന്നാണ് കെ.എം ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ഉണ്ടാവുന്നത്. പാര്‍ട്ടിയുണ്ടാക്കി ഒരു കൊല്ലത്തിനുള്ളില്‍, 1965 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തന്നെ ഒറ്റക്ക് നിന്ന് 25 സീറ്റുകള്‍ നേടിയ പാര്‍ട്ടി സ്വന്തം ശക്തി തെളിയിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പുകളിലും ഈ മധ്യവര്‍ഗ പാര്‍ട്ടി തങ്ങളുടെ അടിത്തറ ഭദ്രമാണെന്ന് തെളിയിച്ചു. ഇത് സാമുദായികത മാത്രമുപയോഗിച്ച് സ്വരൂപിച്ചതാണെന്ന് പറയാനാവുകയില്ല.
ശക്തി ദൗര്‍ബല്യങ്ങള്‍
കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ സമ്മര്‍ദ ഗ്രൂപ്പായിരുന്നു ഒരു കാലത്ത് കേരള കോണ്‍ഗ്രസ്. സംസ്ഥാനത്തെ മൂന്നാം പാര്‍ട്ടി. മുസ്‌ലിം ലീഗിനെക്കാള്‍ ശക്തര്‍. ഇപ്പോള്‍ ആ കരുത്തൊക്കെ ചോര്‍ന്നുപോയി. മുസ്‌ലിം ലീഗ് യു.ഡി.എഫിലെയെന്നല്ല കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും പ്രബലമായ സമ്മര്‍ദ ശക്തിയായി വളര്‍ന്നപ്പോള്‍ കേരള കോണ്‍ഗ്രസ് ശിഥിലമാവുകയാണ് ചെയ്തത്. ആര്‍ക്കും തട്ടിക്കളിക്കാന്‍ പാകത്തിലുള്ള റബ്ബര്‍ പന്താണ് പാര്‍ട്ടി. അങ്ങനെയാവാന്‍ കാരണം നേതാക്കന്മാരുടെ ദീര്‍ഘവീക്ഷണമില്ലായ്മയും ഇടുങ്ങിയ മനസുമാണ്. തൊട്ടു മുമ്പാകെയുള്ള വ്യക്തിഗത താല്‍പര്യങ്ങള്‍ക്കപ്പുറത്തേക്ക് അവരുടെ കണ്ണ് ചെല്ലുന്നില്ല. കെ.എം മാണി പോലും വളരെ ഇടുങ്ങിയ ചിന്തയാണ് പുലര്‍ത്തിയത്. കോട്ടയം ലോക്‌സഭാ എം.പി സ്ഥാനം ഒഴിച്ചിട്ട് തല്‍സ്ഥാനം ജോസ് കെ. മാണിക്ക് പതിച്ചു കൊടുപ്പിക്കുകയായിരുന്നു തലമുതിര്‍ന്ന നേതാവായ മാണി സാര്‍. മകന്റെ ഭാവി കരുതിയാവണം അദ്ദേഹം ഇത് ചെയ്തത്. പാര്‍ട്ടിയുടെ രണ്ടാം നിര നേതാക്കളും സ്വാന്തസ്സുഖായക്കാരായതില്‍ അത്ഭുതപ്പെടേണ്ടല്ലോ. ഇത് കേരള കോണ്‍ഗ്രസിനുണ്ടാക്കിയ പ്രതിഛായാ നഷ്ടം കുറച്ചൊന്നുമല്ല.
സങ്കുചിതവും സ്വാര്‍ത്ഥപ്രേരിതവുമായ താല്‍പര്യങ്ങളാണ് കേരള കോണ്‍ഗ്രസിനെ പലവട്ടം പിളര്‍ത്തിയതും സീറ്റുകളുടെയും വോട്ടുകളുടെയും എണ്ണം വളരെയധികം കുറച്ചതും. തല്‍സ്ഥാനത്തേക്ക് കയറിവന്നത് മുസ്‌ലിം ലീഗാണ്. അതിസമര്‍ഥമായി, തികഞ്ഞ കച്ചവട മനസോടെയാണ് ലീഗ് രാഷ്ട്രീയത്തില്‍ മൂലധന നിക്ഷേപം നടത്തിയത്. ഒറ്റനോട്ടത്തില്‍ വിട്ടുവീഴ്ചയെന്നും ഉദാരതയെന്നും തോന്നാവുന്ന ലീഗിന്റെ തീരുമാനങ്ങള്‍ക്കടിയില്‍ പോലുമുണ്ടായിരുന്നു എന്നും സ്വന്തം താല്‍പര്യങ്ങള്‍. അവ സാധിപ്പിക്കാന്‍ നേരത്തെ പറഞ്ഞ സന്മനസും വിട്ടുവീഴ്ചയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ലീഗ് കരുനീക്കങ്ങള്‍ നടത്തിയത്. കേരള കോണ്‍ഗ്രസും അപ്രകാരം തന്നെയായിരിക്കാം കരുക്കള്‍ നീക്കിയത്. പക്ഷേ പാര്‍ട്ടിയിലെ ഉള്‍ത്താപങ്ങള്‍ അവയെ അപ്രസക്തമാക്കി. അതിനാല്‍ എവിടെയുമില്ലാത്ത അവസ്ഥയിലാണ് ഈ കക്ഷിയുടെ വിവിധ വകഭേദങ്ങള്‍. ക്രിസ്ത്യന്‍ ഹൃദയഭൂമിയില്‍ തങ്ങളുടെ വോട്ട് ബാങ്ക് പിടിച്ചെടുത്തതിന്റെ ചെരുക്ക് കേരള കോണ്‍ഗ്രസിനു നേരെ കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോഴുമുണ്ട്. അതിനാല്‍ അവര്‍ ഉള്ളാലെ ചിരിക്കുന്നുണ്ടാവണം.
എന്നാല്‍, ഈ അവസ്ഥയിലും ഒരു വസ്തുത കടങ്കഥയായി അവശേഷിക്കുന്നു. കേരള കോണ്‍ഗ്രസുകള്‍ വളരെ ദുര്‍ബലമാണ്. സംഘടനാപരമായി വിഘടിതമാണ്. എന്നിട്ടും തീരെ ജനപിന്തുണയില്ലാത്ത ഇത്തരം ഗ്രൂപ്പുകളെപ്പോലും മുന്നണിയിലെടുത്ത് താലോലിക്കാന്‍ (ഉദാഹരണം: സ്‌കറിയാ തോമസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍) എല്‍.ഡി.എഫിന് യാതൊരു പ്രയാസവുമില്ല. അതേസമയം മുസ്‌ലിം ലീഗില്‍ നിന്ന് പുറത്തുവന്ന് എല്‍.ഡി.എഫിന്റെ സകലമാന നയങ്ങളെയും പിന്തുണച്ചു പോന്ന ഐ.എന്‍.എല്ലിനെ മാന്യമായ സ്ഥാനം നല്‍കി കൂട്ടത്തില്‍ കൂട്ടാന്‍ ഏതാണ്ട് മൂന്നു പതിറ്റാണ്ടു കാലത്തെ വിധേയത്വം വേണ്ടിവന്നു. ഇടതുപക്ഷക്കാരുടെ നല്ല പുസ്തകത്തില്‍ ഇടം കിട്ടാന്‍ വേണ്ടി പേരില്‍ പോലും നാഷനല്‍ എന്ന് കൂട്ടിച്ചേര്‍ത്ത് സാമുദായികത കുടഞ്ഞു തെറിപ്പിച്ചു കളഞ്ഞ പാര്‍ട്ടിയാണത്. സി.പി.എം പറയുന്നതെല്ലാം അവര്‍ കൂടുതല്‍ ഒച്ചയിട്ടു പറഞ്ഞു. പക്ഷേ അടുക്കളത്തിണ്ണയിലേക്കു പോലും പ്രവേശനം ലഭിക്കാന്‍ എത്ര കാലം! ഇടതുപക്ഷമുഖ്യധാര ക്രിസ്തീയ സാമുദായികതയെ ഉള്‍ക്കൊള്ളാന്‍ താല്‍പര്യം കാണിക്കുമ്പോള്‍ മുസ്‌ലിം സാമുദായികതയോട് തൊട്ടുകൂടായ്മ പുലര്‍ത്തുന്നു എന്ന് അനുമാനിക്കാന്‍ ഇത് വകതരുന്നുണ്ടോ? കാര്യത്തോടടുത്ത് വരുമ്പോള്‍ രണ്ടും രണ്ടാണ് എന്ന് കരുതുന്നവരുണ്ട്. മുസ്‌ലിം സാമുദായികത ക്രിസ്തീയ സാമുദായികത എന്നീ രണ്ട് ഫാക്ടുകള്‍ പരിഗണനാവിധേയമാവുമ്പോള്‍ മുസ്‌ലിം സ്വത്വം രണ്ടാം തരം പൗരത്വം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നുവോ എന്ന് ആലോചിക്കാന്‍ ഇത് പ്രേരകമാവുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ മുന്‍ഗണനകളിലേക്ക് നടന്നുകയറാന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കുന്നില്ല എന്നതിന്റെ പരോക്ഷ സൂചനയാണിത്. അല്ലായിരുന്നുവെങ്കില്‍ ജോസ് കെ. മാണിയ്ക്കും സ്‌കറിയാ തോമസിനും കിട്ടിയതും കിട്ടുന്നതുമായ പരിഗണന ഐ.എന്‍.എല്ലിന് നിഷേധിച്ചതിന്റെ യുക്തി എന്താണ്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."