പ്രതീക്ഷയുടെ ചിറകില്‍ വീണ്ടും പെരിയ എയര്‍സ്ട്രിപ്പ്
കാസര്‍കോട്: സാധ്യതാ പഠനത്തിനു സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപീകരിച്ചതോടെ പെരിയ എയര്‍സ്ട്രിപ്പിന് വീണ്ടും പ്രതീക്ഷയുടെ ചിറകുമുളക്കുന്നു. കണ്ണൂര്‍ വിമാനത്താവളം കമ്മിഷന്‍ ചെയ്യുന്നതിനു പിന്നാലെ പെരിയ എയര്‍ സ്ട്രിപ്പും യാഥാര്‍ഥ്യമാക്കാനാണ് നീക്കം. ബേക്കല്‍ ടൂറിസം വികസനത്തിന്റെ സാധ്യത കൂടി പരിഗണിച്ചാണ് എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കുന്നത്.
പെരിയ എയര്‍സ്ട്രിപ്പ് സംബന്ധിച്ച് സാധ്യതാ പഠനം നടത്താന്‍ വ്യോമയാനത്തിന്റെ പ്രത്യേക ചുമതലയുള്ള ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന്റെ നേതൃത്വത്തിലാണ് സമിതിക്കു രൂപം നല്‍കിയിരിക്കുന്നത്. സമിതിയോട് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കലക്ടര്‍, ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പറേഷന്‍ എം.ഡി, ധനവകുപ്പിന്റെയും കൊച്ചിന്‍ വിമാനത്താവള കമ്പനിയായ സിയാലിന്റെയും ഓരോ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ടതാണ് സമിതി.
സമിതി പഠനത്തില്‍ പെരിയയില്‍ എയര്‍സ്ട്രിപ്പ് സാധ്യമാണെന്നു കണ്ടെത്തിയാല്‍ കാസര്‍കോടുകാരുടെ ഏറെക്കാലത്തെ സ്വപ്നമാണ് യാഥാര്‍ഥ്യമാവുക. കണ്ണൂര്‍ വിമാനതാവളം വരുന്ന ഘട്ടത്തില്‍ വിനോദ സഞ്ചാരസാധ്യത കൂടി കണക്കിലെടുത്താണ് പെരിയ എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് വീണ്ടും ജീവന്‍വെക്കുന്നത്.
ഏതാനും വര്‍ഷം മുന്‍പ് പെരിയ എയര്‍സ്ട്രിപ്പ് പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ സിയാലിന്റെ പഠനത്തില്‍ പദ്ധതി ലാഭകരമല്ലെന്നു കണ്ടെത്തിയതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.
അടുത്തകാലത്ത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീണ്ടും പണ്ടദ്ധതിക്കായി പരിശ്രമം തുടങ്ങി. സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിച്ച് പെരിയ എയര്‍സ്ട്രിപ്പ് യാഥാര്‍ഥ്യമാക്കാനായിരുന്നു ജില്ലാ പഞ്ചായത്തിന്റെ ശ്രമം. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രൊപ്പോസല്‍ സര്‍ക്കാരിനു മുന്നിലുണ്ട്. ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍ സാധ്യതാപഠനത്തിനു സമിതി രൂപീകരിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍വകലാശാല പ്രവര്‍ത്തിക്കുന്ന പെരിയയിലെ സ്ഥലത്താണ് എയര്‍സ്ട്രിപ്പ് ഉദ്ദേശിക്കുന്നത്. 25 മുതല്‍ 40 വരെ യാത്രക്കാരുള്ള ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൗകര്യമുള്ള എയര്‍ സ്ട്രിപ്പില്‍ റണ്‍വേയും ചെറിയൊരു ഓഫിസും മാത്രമാണ് ഉണ്ടാവുക.
കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കെ 2011ലാണ് പെരിയ കനിക്കുണ്ടിലെ 80 ഏക്കര്‍ സ്ഥലത്ത് ചെറുവിമാനത്താവള പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി യഥാര്‍ഥ്യമായാല്‍ വടക്കന്‍ കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്കു കരുത്തേകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."