യു.എസില്‍ തൊഴിലാളി 12 സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു
വെര്‍ജീനിയ: യു.എസിലെ വെര്‍ജീനിയ കടല്‍ത്തീരത്തെ മുനിസിപ്പല്‍ കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഒരു തൊഴിലാളി സഹപ്രവര്‍ത്തകരുടെ നേരെ നിറയൊഴിക്കുകയായിരുന്നു. ഒടുവില്‍ പൊലിസ് കൊലയാളിയെ വെടിവച്ചു കൊന്നു. നിരവധിപേര്‍ക്ക് പരുക്കുണ്ട്. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ മുനിസിപ്പല്‍ കെട്ടിടം രണ്ടിലെ തൊഴിലാളികളും ഒരാള്‍ കരാറുകാരനുമാണ്. ഒരു പൊലിസുകാരനും പരുക്കുണ്ട്.
പബ്ലിക് യൂറ്റിലിറ്റീസ് വകുപ്പിലെ തൊഴിലാളിയായ ഡിവൈന്‍ ക്രാഡോക് എന്ന 40കാരന്‍ വെള്ളിയാഴ്ച വൈകിട്ട് നാലോടെ നിറതോക്കുമായെത്തി വിവേചനമില്ലാതെ നിറയൊഴിക്കുകയായിരുന്നുവെന്ന് വെര്‍ജീനിയ ബീച്ച് പൊലിസ് മേധാവി ജെയിംസ് കെര്‍വേര പറഞ്ഞു. 45 കാലിബര്‍ കൈത്തോക്കുമായി വന്ന കൊലയാളി തിര തീരുന്നതിനനുസരിച്ച് വീണ്ടും നിറക്കുകയായിരുന്നു. വിവരമറിഞ്ഞു മിനുട്ടുകള്‍ക്കകം പൊലിസ് സ്ഥലത്തെത്തിയതാണ് കൂടുതല്‍ ആളപായം ഇല്ലാതാക്കിയത്. വെര്‍ജീനിയ ബീച്ചിന്റെ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് മേയര്‍ ബോബി ഡയര്‍ അക്രമത്തെക്കുറിച്ച് പറഞ്ഞത്.
കൊലയാളി വരുമ്പോള്‍ തൊഴിലാളികള്‍ അവരുടെ ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു. നീണ്ടകാലം പബ്ലിക് യൂറ്റിലിറ്റീസ് വിഭാഗത്തില്‍ തൊഴിലാളിയായിരുന്ന കൊലയാളി ജോലിയില്‍ അസംതൃപ്തനായിരുന്നു. സിവില്‍ എന്‍ജിനീയറിങില്‍ ബിരുദമുള്ള ഇയാള്‍ ഒക്‌ലഹോമയില്‍ വച്ച് സൈനിക പരിശീലനം ലഭിച്ചയാളാണെന്ന് പൊലിസ് മേധാവി പറഞ്ഞു.
തോക്കുനിയമങ്ങള്‍ കര്‍ക്കശമല്ലാത്ത യു.എസില്‍ പൊതുജനങ്ങളില്‍ മിക്കവരുടെയും കൈവശം തോക്കുള്ളതിനാല്‍ ജോലിസ്ഥലങ്ങളിലും സ്‌കൂളുകളിലും വരെ സഹപ്രവര്‍ത്തകരെ വെടിവച്ചു കൊല്ലുന്ന സംഭവങ്ങള്‍ വിരളമല്ല. 2018 നവംബറിനു ശേഷം യു.എസില്‍ നടക്കുന്ന അതിഭീകരമായ കൂട്ടക്കുരുതിയാണിത്. അന്ന് കാലിഫോര്‍ണിയയിലെ ബാറില്‍ 12 പേരാണ് വെടിയേറ്റു മരിച്ചത്. 2017 ഒക്ടോബറില്‍ ലാല്‍വാഗാസില്‍ സംഗീതപരിപാടിക്കിടെ 58 പേരും 2016 ജൂണില്‍ ഫ്‌ളോറിഡയിലെ ഗേ നൈറ്റ് ക്ലബില്‍ 49 പേരും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഫ്‌ളോറിഡയിലെ പാര്‍ക്ലാന്റ് ഹൈസ്‌കൂളില്‍ 17 കുട്ടികളാണ് സഹപാഠിയുടെ വെടിയേറ്റു കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഓറോറയില്‍ ജോലിയില്‍ പിരിച്ചുവിടപ്പെട്ട ഫാക്ടറി തൊഴിലാളി അഞ്ചു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നിരുന്നു. ഈവര്‍ഷം യു.എസില്‍ 150 കൂട്ട വെടിവയ്പ് നടന്നതായി ഗണ്‍ വയലന്‍സ് ആര്‍ക്കീവ് വെബ്‌സൈറ്റ് പറയുന്നു. ഇതില്‍ 5,764 പേര്‍ കൊല്ലപ്പെടുകയും 11,060 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ടുവര്‍ഷത്തിനിടെ യു.എസില്‍ നടന്നത് 568 വെടിവയ്പുകളാണ്. തോക്കു വാങ്ങുന്നതിന് കര്‍ക്കശ നിയമങ്ങള്‍ കൊണ്ടുവരുന്ന രണ്ടു ബില്ലുകള്‍ ജനപ്രതിനിധിസഭ അംഗീകരിച്ചിരുന്നെങ്കിലും റിപ്പബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റും വൈറ്റ്ഹൗസും ഇതിനെ എതിര്‍ക്കുകയായിരുന്നു.
വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോക്കുനിയമം കര്‍ശനമാക്കുന്ന നിയമം കൊണ്ടുവരുന്നത് പ്രധാന വിഷയമാകുമെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."