കരിഞ്ചോല ദുരന്തം: ഇരകള്‍ മന്ത്രിയെ തടഞ്ഞു
താമരശ്ശേരി: കരിഞ്ചോലയിലുണ്ടായ ഉരുള്‍പ്പൊട്ടലിലെ ഇരകള്‍ താമരശ്ശേരിയില്‍ മന്ത്രിയെ തടഞ്ഞു. വെള്ളപ്പൊക്ക ദുരിതാശ്വാസ വിഭവ സമാഹരണത്തിന് എത്തിയ മന്ത്രി ടി.പി രാമകൃഷ്ണനെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലെത്തിയ ഇരകളുടെ സംഘം തടഞ്ഞത്. താമരശ്ശേരി ഗസ്റ്റ്ഹൗസിലാണ് മന്ത്രി വിഭവസമാഹരണത്തിനെത്തിയത്. രാവിലെ ഒമ്പത് മുതല്‍ 11.45 വരെ മന്ത്രി ഗസ്റ്റ് ഹൗസിലുണ്ടായിരുന്നു. ജില്ലാ കലക്ടര്‍ യു.വി ജോസ്, എം.എല്‍.എ കാരാട്ട് റസാഖ്, ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
യൂത്ത് ലീഗ് ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പ്രതിഷേധവുമായി ഗസ്റ്റ് ഹൗസിലേക്ക് എത്തിയത്. പ്രതിഷേധ സംഘത്തെ അകത്തേക്ക് കടത്താതെ സ്ഥലത്തുണ്ടായിരുന്ന പോലിസ് തടയുകയായിരുന്നു. സംഘം ഏറെ നേരം ഗെയിറ്റിന് മുമ്പില്‍ ഉപരോധം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വൈകാതെ താമരശ്ശേരി പോലിസെത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
അറസ്റ്റ് ചെയ്തചെയ്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എമാരായ സി. മോയിന്‍കുട്ടി, വി.എം ഉമ്മര്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തുകയും പോലിസ് സ്‌റ്റേഷന് മുമ്പില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ദുരന്തത്തില്‍ കുടുംബത്തിലെ എട്ടു പേര്‍ മരണപ്പെട്ട കരിഞ്ചോല ഹസന്റെ മകന്‍ റാഫിയും കുടുംബത്തിലെ നാലു പേര്‍ മരണപ്പെട്ട കരിഞ്ചോല അബ്ദുറഹ്മാന്റെ മകന്‍ ജംഷീദും സമരത്തില്‍ പങ്കെടുത്തു.
കരിഞ്ചോല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ആറു ലക്ഷം രൂപയും, മരണപ്പെട്ടവരുടെ പേരില്‍ നാലു ലക്ഷം രൂപ വീതവും നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷവും, വീടു നിര്‍മാണത്തിന് ഒരു ലക്ഷം രൂപയും നല്‍കിയതൊഴിച്ചാല്‍ ബാക്കിയെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി. ദുരന്തത്തിന്റെ ഇരകള്‍ സഹായങ്ങള്‍ക്കായി ആരെ സമീപിക്കണമെന്ന അറിയാത്ത അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."