ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച വെളിപ്പെടുത്തല്‍: തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി
കൊച്ചി: പ്രമുഖ വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി ജോര്‍ജ്.
ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും പൊലിസിന് മുന്‍പാകെ എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ തയാറാണെന്നും സോബി വ്യക്തമാക്കി. ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും എറണാകുളത്തിന് പുറത്തുപോയി മൊഴി നല്‍കണമെങ്കില്‍ പൊലിസ് സംരക്ഷണം വേണമെന്നും സോബി ആവശ്യപ്പെട്ടു. മൊഴി നല്‍കിയ ശേഷം തനിക്ക് വീട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും കോതമംഗലം സ്വദേശിയായ സോബി വ്യക്തമാക്കി.
ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെട്ട് പത്തു മിനിറ്റിനു ശേഷമാണ്, താന്‍ തിരുനെല്‍വേലിക്ക് പോകുന്നതിനായി അതുവഴി പോയതെന്ന് സോബി വെളിപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറിന്റെ വാഹനമാണ് അപകടത്തില്‍പെട്ടതെന്ന് താന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല.
അപകടം നടന്നതിനു പിന്നാലെ റോഡിന്റെ ഇടതു സൈഡിലൂടെ ഏകദേശം 20 മുതല്‍ 25 വരെ വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഓടുന്നതാണ് താന്‍ കാണുന്നത്. വലതു വശത്ത് അല്‍പം പ്രായം തോന്നുന്ന വണ്ണമുള്ള ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ടായിട്ടും കാലുകൊണ്ട് തള്ളിക്കൊണ്ട് മുന്നോട്ടു പോകുന്നുണ്ടായിരുന്നു.
അപകടം കണ്ട് താന്‍ ഹോണ്‍ അടിച്ചെങ്കിലും ഇവര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ അവരുടെ മുഖഭാവം താന്‍ ശ്രദ്ധിച്ചപ്പോള്‍ എന്തോ പന്തികേടുള്ളതായി തനിക്ക് തോന്നിയിരുന്നുവെന്നും സോബി പറയുന്നു. ബാലഭാസ്‌കറാണ് അപകടത്തില്‍ പെട്ടതെന്ന് താന്‍ പിന്നീടാണ് അറിയുന്നത്.
ഇതിനുശേഷം തന്റെ സുഹൃത്തും ബാലഭാസ്‌കറിന്റെ ബന്ധുവുമായ മധുബാലകൃഷ്ണനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് മധു ബാലകൃഷ്ണന്‍ പറഞ്ഞതനുസരിച്ച് പ്രകാശ് തമ്പിയെ വിളിച്ചു. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞു.
എന്നാല്‍ അദ്ദേഹത്തില്‍ നിന്നും നല്ല പ്രതികരണമല്ല തനിക്ക് ലഭിച്ചതെന്നും സോബി പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. പിന്നീട് പത്തു മിനിറ്റിനുശേഷം പ്രകാശ് തമ്പി തന്നെ തിരിച്ചു വിളിച്ച്, ആറ്റിങ്ങല്‍ സി.ഐ വിളിക്കുമ്പോള്‍ ഇക്കാര്യം മൊഴിയായി കൊടുക്കുമോയെന്ന് ചോദിച്ചു.
കൊടുക്കാമെന്ന് താന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ തന്നെയാരും വിളിച്ചിട്ടില്ലെന്നും സോബി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഇക്കാര്യം പറയാന്‍ താന്‍ തയാറാണെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഒട്ടേറെ സംശയമുണ്ട്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്ന കാര്യത്തില്‍ ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയും കാര്‍ഡ്രൈവറും രണ്ടുതരത്തിലാണ് പറയുന്നതെന്നും സോബി പറഞ്ഞു.
ബാലഭാസ്‌ക്കറിന്റെ പ്രോഗ്രാം കോഡിനേറ്ററായ പ്രകാശ് തമ്പിയെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതിയായ വിഷ്ണുവാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."