മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി നാളെ അണക്കെട്ട് പരിശോധിക്കും
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രിം കോടതി നിയോഗിച്ച ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍ നാളെ അണക്കെട്ട് സന്ദര്‍ശിക്കും. സമിതി ചെയര്‍മാന്‍ ഗുല്‍ഷന്‍ രാജിനോടൊപ്പം കേരള പ്രതിനിധി വി. അശോക്, തമിഴ്‌നാട് അംഗം കെ.എസ്. പ്രഭാകര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അണക്കെട്ട് സന്ദര്‍ശിക്കുക. കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായാണ് പരിശോധന.
രാവിലെ 11 ന് അണക്കെട്ടില്‍ എത്തി ചേരുന്ന സമിതി അംഗങ്ങള്‍ പ്രധാന ഷട്ടറുകള്‍, ബേബി ഡാം എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ ശേഷം നിലവിലെ സ്ഥിതി ഗതികള്‍ വിലയിരുത്തും. ഉന്നത സമിതി അംഗങ്ങളോടൊപ്പം കേരള തമിഴ്‌നാട് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഉപസമിതിയും നാളെ അനുഗമിക്കുന്നുണ്ട്.
പതിവ് പരിശോധന എന്ന രീതിയിലുള്ള വിശദീകരണമാണ് ഉന്നത സമിതി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന അധികൃതര്‍ നല്‍കുന്നതെങ്കിലും, കേരളം കഴിഞ്ഞ നൂറ്റാണ്ടില്‍ നേരിട്ട ഏറ്റവും വലിയ പ്രളയ ദുരിതങ്ങള്‍ക്ക് ശേഷമുള്ള മഴക്കാലമാണ് ഇനി വരാനിരിക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ നിരവധി ജില്ലകളില്‍ ദുരന്തത്തിന്റെ ആക്കം കൂട്ടിയതില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതിന്റെ അനന്തരഫലം കൂടിയായിരുന്നു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാടിലെ ഡി.എം.കെ മുന്നണി പ്രകടനപത്രികയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 ആയി ഉയര്‍ത്തുമെന്ന് പ്രഖ്യപിച്ചിരുന്നു. ഭരണകക്ഷിയായ അണ്ണാ ഡി.എം.ക്കെയ്ക്ക് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അണ്ണക്കെട്ടുമായി ബന്ധപ്പെട്ട നിലപാടില്‍ ഒ. പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ളവര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ല എന്ന വിലയിരുത്തലാണ് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."