മെഡിക്കല്‍ കോളജില്‍ മൃതദേഹം പുറത്തെത്തിക്കാന്‍ മാലിന്യ കടമ്പ സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ആംബുലന്‍സ് ഡ്രൈവേഴ്‌സ് സംഘടനകള്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൃതദേഹം പുറത്തെത്തിക്കുന്നതിനുള്ള വഴികളില്‍ മാലിന്യകൂമ്പാരം. ഇതോടെ മൃതദേഹം പുറത്തെത്തിക്കാനുള്ള ഏകവഴിയും ഇല്ലാതായി. ആശുപത്രിയിലേക്കാവശ്യമായ മരുന്നും ഓക്‌സിജന്‍ സിലിന്‍ഡറുകളും എത്തിക്കുന്ന വഴിയും കൂടിയാണിത്.
ഓപ്പറേഷന്‍ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞതോടെ ഇതുവഴിയുള്ള കാല്‍നട യാത്രയും ബുദ്ധിമുട്ടിലായി. മാലിന്യ കൂമ്പാരത്തിനടുത്തായിട്ടാണ് രണ്ടാം നിലയില്‍ ഓപ്പറേഷന്‍ തിയേറ്ററും ഐ.സിയുവും പ്രവര്‍ത്തിക്കുന്നത്.
രോഗികള്‍ക്കു ലഭിക്കുന്ന സൗജന്യ ഭക്ഷണം കൈപ്പറ്റുന്നതിനായും ആളുകള്‍ ഈ വഴിയാണ് ഉപയോഗിക്കുന്നത്. അസഹനീയമായ ദുര്‍ഗന്ധവും സഹിച്ചു വേണം ഭക്ഷണം വാര്‍ഡുകളില്‍ എത്തിക്കാന്‍. ആശുപത്രി മാലിന്യം സംസ്‌ക്കരിക്കുന്നതിന് പ്ലാന്റുണ്ടെങ്കിലും ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. നിലവില്‍ മാലിന്യം നീക്കുന്നതിന് സംവിധാനങ്ങളുണ്ടെങ്കിലും കരാരുകാര്‍ ഈ ഭാഗത്തെ മാലിന്യങ്ങള്‍ നീക്കാത്തതാണ് പ്രശ്‌നത്തിനു കാരണം. ഒന്നു മുതല്‍ 18 വരെയുള്ള വാര്‍ഡുകളിലെ മൃതദേഹങ്ങളാണ് പ്രധാനമായും ഇതു വഴി പുറത്തെത്തിക്കുന്നത്. മാലിന്യത്തിനു പുറമെ ബെഡ്ഡ്, ഫര്‍ണ്ണിച്ചറുകള്‍, കാര്‍ബോര്‍ഡ് പെട്ടികള്‍, തുരുമ്പു പിടിച്ച ഇരുമ്പു കട്ടിലുകള്‍, പ്ലാസ്റ്റിക്ക് സഞ്ചികള്‍ എന്നിവയും വഴിയരികില്‍ കൂട്ടിയിട്ടിട്ടുണ്ട്.
മഴക്കാല രോഗങ്ങള്‍ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജില്‍ അധികൃതരുടെ മൂക്കിനു താഴെ ഇതരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നത്.
മാലിന്യം സ്ഥലത്തു നിന്നു നീക്കിയില്ലെങ്കില്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിര്‍ത്തലാക്കുമെന്നും, ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കുമെന്നും ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."