ഊതിപ്പെരുപ്പിച്ച റിസള്‍ട്ടുകള്‍ സമൂഹത്തെ നയിക്കുന്നതെങ്ങോട്ട്
ഇന്ന് വിദ്യാഭ്യാസം തൊഴില്‍ നേടാനുള്ള മാര്‍ഗ്ഗമായി മാറിയിരിക്കുന്നു. വിദ്യാര്‍ഥികളുടെ ജീവിതരീതികളും പരീക്ഷകളും ഫലങ്ങളും നാമൊരു വിലയിരുത്തലിന് വിധേയമാക്കണം.നമ്മുടെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷകള്‍ അവസാനിച്ചു റിസള്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുകയാണല്ലോ എല്ലാ കുട്ടികളും മികച്ച ഗ്രേഡോടെ തന്നെ ഉപരി പഠനത്തിന് അര്‍ഹരാകുന്നു. പുതിയ പദ്ധതി പ്രകാരം സാങ്കേതികമായി ജയം,തോല്‍വി എന്നി പദങ്ങള്‍ ഉപയോഗിക്കുന്നില്ല. ഈയവസരത്തില്‍ ഉയര്‍ന്ന പഠനത്തിന് യോഗ്യത നേടുന്ന വിദ്യാര്‍ഥികളുടെ നിലവാരമൊന്ന് പരിശോധിക്കണം.ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരെ അഭിനന്ദിക്കണം താഴ്ന്ന നിലവാരത്തിലുള്ളവരില്‍ പരിഹാര ക്രിയകള്‍ നടത്തണം.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ ശരിയാം വിധം പേരെഴുതാന്‍ സാധിക്കാത്ത കുട്ടികളുമുണ്ട് ഉയര്‍ന്ന പഠനത്തിന് യോഗ്യത നേടുന്നതില്‍. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. ഈ ഭാഷകളിലെ അക്ഷരങ്ങള്‍ പൂര്‍ണമായും അറിയാത്ത കുട്ടികള്‍ പോലുമുണ്ടത്രേ. ഈ ദൈന്യ ഭാവം ഇല്ലാതാക്കേണ്ടേ...? ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ഹൈസ്‌കൂളിലെ അധ്യാപകരെയും, ഹൈസ്‌കൂള്‍ അധ്യാപകര്‍ യു.പി അധ്യാപകരെയും അവര്‍ എല്‍.പിക്കാരെയും നഴ്‌സറി, അച്ഛനമ്മമാരേയും കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെട്ടെന്ന് സ്വയം ആശ്വസിക്കുന്നു. ഈ അധ്യാപകര്‍ അവര്‍ വാങ്ങുന്ന ശമ്പളത്തോട് നീതി പുലര്‍ത്തുന്നുണ്ടോയെന്ന് മനഃസാക്ഷിയോട് ചോദിക്കണം (എല്ലാവരുമില്ല). കടമകള്‍ കാറ്റില്‍ പോലും പറക്കാതെ പൊടിപിടിച്ചു കിടക്കുകയായിരിക്കും.
പരീക്ഷകളുടെ പ്രയാസത്തെക്കുറിച്ച് പല രക്ഷിതാക്കളും അധ്യാപകരും ആശങ്കപ്പെടുന്നുണ്ടാകാം. പരീക്ഷകള്‍ കുറച്ച് കഠിനമായിരിക്കുക തന്നെ വേണം.അര്‍ഹതയുള്ളവര്‍ക്കേ ഉയര്‍ന്ന ഗ്രേഡ് ലഭിക്കാവൂ.പരീക്ഷാ ഹാളില്‍ പോയി ഉത്തരക്കടലാസില്‍ ചോദ്യ നമ്പര്‍ എഴുതിയവന് മുഴുവന്‍ മാര്‍ക്കും നല്‍കുക വഴി യഥാര്‍ഥത്തില്‍ നമ്മുടെ കുട്ടികളെ പരാജയപ്പെടുത്തുകയല്ലേ ചെയ്യുന്നത്. ഊതിപ്പെരുപ്പിക്കുന്ന പരീക്ഷാ ഫലങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് പരീക്ഷയ്ക്ക് വേണ്ടി മാത്രം പരിഹാസപ്പരീക്ഷ നടത്തി പ്രഹസന മാകേണ്ടതുണ്ടോ?. പരീക്ഷകളില്‍ ചെറിയ വിഷമങ്ങള്‍ വരുമ്പോള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തി മാര്‍ക്ക് ദാനം ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് പകരം ജീവിതത്തില്‍ നിന്നും അവരെ ഒളിച്ചോടാന്‍ പ്രേരിപ്പിക്കുകയാണ്.
കണക്കിലെ അടിസ്ഥാന ക്രിയകളായ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവ ചെയ്യാനറിയാത്തവര്‍ കണക്കില്‍ പാസായിട്ട് എന്ത് ഗുണം. മാത്തമാറ്റിക്കല്‍ ഇന്റലിജന്‍സില്ലാത്തവന്‍ മറ്റു ഇന്റലിജന്‍സുകളില്‍ മിടുക്ക് കാണിച്ചേക്കാം. അവനെ സൗജന്യ മാര്‍ക്ക് നല്‍കി കണക്കിന്റെ വഴിയില്‍ തളച്ചിടേണ്ടതുണ്ടോ അവന്റെ മാര്‍ഗ്ഗത്തില്‍ അവന്‍ ശോഭിക്കട്ടെ. അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ലാത്ത നൈപുണ്യം മാത്രം ആവശ്യമായ തൊഴില്‍ രംഗങ്ങളും മറ്റു മാനവ സാമൂഹ്യ വിഷയങ്ങളില്‍ അവര്‍ക്ക് വിജയിക്കാനായേക്കാം. അങ്ങനെയുള്ളവരുടെ സമയങ്ങളാണ് മാര്‍ക്ക് ദാനത്തിലൂടെ തെറ്റായ വഴികളിലേക്ക് തിരിച്ച് വിട്ടു തടയപ്പെടുന്നത്.
ഓഫിസ് കുറിപ്പുകളും സൗഹൃദ കത്തുകളും എഴുതുന്ന പരിശീലനം ഭാഷകളില്‍ നല്‍കുന്നുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വിപുലമായ ഇക്കാലത്ത് അത്തരം മെയിലുകളും അപേക്ഷകളും അയക്കുന്നതിനുള്ള പരിശീലനം കൂടി നല്‍കണം. പല കുട്ടികളുടെയും വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ വായിക്കുമ്പോള്‍ ചിരിയും ദുഃഖവും അമര്‍ഷവും വരുന്ന വിധത്തിലാണ്. ഇവരൊക്കെ പഠിക്കുന്നതോ, ഡിഗ്രികള്‍ക്കും ഡിപ്ലോമകള്‍ക്കും. ന്യൂജെന്‍ എന്ന ആലങ്കാരിക പേരും ചാര്‍ത്തി വിഡ്ഢിവേഷം കെട്ടുന്ന ഈ യുവത്വം എവിടെ ചെന്നെത്തും.
കുട്ടികളുടെ രൂപഭാവങ്ങളെക്കുറിച്ചോ, പഠന ധാര്‍മ്മിക സദാചാരങ്ങളെക്കുറിച്ചോ സംസാരിക്കാന്‍ സമൂഹം ഇന്ന് ഭയപ്പെടുന്നു. വിദ്യാര്‍ഥി സംഘടനകളും വിദ്യാര്‍ഥികള്‍ തന്നെയുമോ ഹിംസ്ര സ്വഭാവം കൈകൊണ്ട് പറയുന്നവരെ ഏതെങ്കിലും വിധത്തില്‍ അക്രമിച്ചേക്കാം. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍കരിക്കാന്‍ പല കമ്മിഷനുകളുമുണ്ട്. എന്നാല്‍ അവരുടെ കടമകളെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ആരുണ്ട്. ഭാവി തലമുറയെ കെട്ടിപ്പടുക്കേണ്ട അവര്‍ക്ക് ആര് ദീപശിഖ കാണിക്കും. അത് കാണിക്കേണ്ട അധ്യാപകരെയും രക്ഷിതാക്കളെയും അവകാശ കമ്മിഷനുകളും കുട്ടിരേഖക്കാരും വിദ്യാര്‍ഥി സംഘടനകളും കണ്ണുരുട്ടി പേടിപ്പിച്ച് നിറുത്തിയിരിക്കുകയല്ലേ..? അധ്യാപകര്‍ വയ്യാവേലിക്ക് പോയി പൊല്ലാപ്പിലാകാതെ മാസാമാസം ലഭിക്കുന്ന ഭീമന്‍ ശമ്പളത്തിന്റെ ഉറവ വറ്റാതെ സസുഖം വാഴുമ്പോള്‍ (എല്ലാവരുമല്ല) കര്‍ത്തവ്യങ്ങള്‍ മരിച്ചു കിടക്കുന്നു. അധ്യാപകര്‍ക്ക് മനഃസാക്ഷിയോട് നീതി പുലര്‍ത്താനാവാത്ത അവസ്ഥ. കണ്മുന്നിലുള്ള സിലബസ് എങ്ങനെയെങ്കിലും തീര്‍ത്തതായി വരുത്തുന്നു. അതുപോലും നേരാവണ്ണമില്ല. അധ്യാപക പരിശീലനത്തില്‍ കര്‍ത്തവ്യങ്ങളെക്കുറിച്ച് അധ്യാപക വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ അവബോധം നല്‍കണം.
അധ്യാപകരുടെ ശിക്ഷണങ്ങളില്‍ നേര്‍ പാതയില്‍ സഞ്ചരിച്ചവരാണ് ഔന്നത്യം നേടിയവരെല്ലാം. ഇന്ന് അധ്യാപകര്‍ ശിക്ഷിക്കുന്നത് പോയിട്ട് ശാസിക്കുന്നതിനോ സ്‌നേഹിക്കുന്നതിനോ ഭയക്കുന്നു. ലഹരിക്കും സാമൂഹ്യ അരാജകത്വത്തിനും അടിമപ്പെട്ട് ആഴക്കടലില്‍ ദിശയറിയാതെ തകര്‍ന്നു കൊണ്ടിരിക്കുന്ന നൗകകളായി സമൂഹത്തിലെ അടിസ്ഥാന യൂനിറ്റായ വ്യക്തിയിലെ 'ന്യൂവെസ്റ്റ് ജെന്‍' 'ന്യൂ വേസ്റ്റ്' മാറിക്കൊണ്ടിരിക്കുന്നു. ഫലമോ, മുന്‍പില്ലാത്ത വിധം പീഡനങ്ങളും, അക്രമങ്ങളും, വര്‍ഗീയതയും, ലൈംഗികതയും, ലഹരി ഉപയോഗങ്ങളും സമൂഹത്തില്‍ വ്യാപകം. ഏതെങ്കിലും ഒരു പ്രശ്‌നം വിവാദമായാല്‍ മാധ്യമങ്ങള്‍ കുറച്ച് ദിവസം എടുത്തുപിടിക്കും. പിന്നെ കണ്ടവരുമില്ല കേട്ടവരുമില്ല. ധാര്‍മ്മികത, സദാചാരം തുടങ്ങിയ പദങ്ങള്‍ക്ക് പുതിയ അര്‍ഥങ്ങള്‍ നല്‍കി അതിന് വേണ്ടി വാദിക്കുന്നവരെ പ്രതി ചേര്‍ക്കുന്ന കാലം. വിദ്യാഭ്യാസം കൊണ്ട് അടിസ്ഥാന ഘടകം നേടേണ്ട മനുഷ്യത്വം എന്ന ഒന്ന് ലഭിക്കുന്നില്ലെന്ന് മാത്രമല്ല പൈശാചികതയുടെ വിളനിലങ്ങളായി മാറിയ കാംപസുകളില്‍ വിദ്യാര്‍ഥികള്‍ തന്നെ സാത്താന്റെ ദുര്‍ഗുണങ്ങള്‍ കൊയ്‌തെടുക്കുന്നുണ്ടെന്ന് ഉറപ്പിക്കാവുന്ന തരത്തിലുള്ളതാണ് സമീപകാല സംഭവ വികാസങ്ങള്‍. പഠനം കൊണ്ട് നേടിയെടുക്കേണ്ടത് കേവലം ഗ്രേഡുകളല്ല. വ്യക്തിത്വവും സംസ്‌കാരവും കോമണ്‍സെന്‍സുമാണ്. ഊതിപ്പെരുപ്പിച്ച റിസള്‍ട്ടുമായി ഒരു കോഴ്‌സ് കഴിഞ്ഞ് അടുത്തതിലേക്ക,് തുടര്‍ന്ന് അടുത്തതിലേക്ക് എന്നിങ്ങനെ പോകുമ്പോള്‍ അവരുദ്ദേശിച്ച ലക്ഷ്യത്തിലേക്കും അവര്‍ക്ക് കഴിയുന്ന മാര്‍ഗ്ഗത്തിലേക്കും എത്തുകയില്ല. ഫലമോ സമൂഹത്തില്‍ ചില പ്രത്യേക തരം (ചവറ്റു കുട്ടയില്‍ നിക്ഷേപിക്കുന്ന വസ്തു എന്ന പദം ഉപയോഗിക്കുന്നില്ല) നിരാശാ വിഭാഗങ്ങള്‍ കൂടി വരും. എല്ലാവര്‍ക്കും ഉയര്‍ന്ന ഉദ്യോഗം വേണ്ടി വരും. തൊഴിലില്ലായ്മ വര്‍ദ്ധിക്കും. അടിസ്ഥാന ജോലികള്‍ ചെയ്യാന്‍ ആളില്ലാതാകും. എന്ന് കരുതി എല്ലാവരും പഠിക്കുന്നത് നിറുത്തി അടിസ്ഥാന തൊഴിലിന് പോകണമെന്നല്ല. ഓരോ തൊഴിലിനും മഹത്വമുണ്ടെന്ന് മറുപക്ഷം.
ഈയൊരു സമൂഹത്തെ ഇങ്ങനെ കയറൂരി വിടുന്നതിന് പകരം ചില നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ സമൂഹവും വിദ്യാര്‍ഥികള്‍ സ്വമേധയ തയാറാകണം. ഊതിപ്പെരുപ്പിച്ച റിസള്‍ട്ടുകള്‍ വേണ്ട വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതയുള്ള ഗ്രേഡ് മാത്രം ലഭിച്ചാല്‍ മതി. മൊബൈലിലും സോഷ്യല്‍ മീഡിയകളുടെയും മായാ ലോകത്ത് ജീവിക്കുന്നതിന് പകരം ജീവിത യാഥാര്‍ഥ്യങ്ങളില്‍ പുതു തലമുറയെക്കൂടി പങ്കാളികളാക്കണം. ജീവിത, നൈപുണ്യ, വ്യക്തിത്വ വികാസത്തിനുതകുന്ന തരത്തിലുളള പാടങ്ങളും പരിശീലനങ്ങളും കലാലയങ്ങളില്‍ നിന്നും നല്‍കണം. സ്ത്രീ-പുരുഷ ബഹുമാനം, വിവിധ ജാതിമത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കണം. ആകര്‍ഷണ ത്വരയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുപരിയായി അഭിനന്ദനങ്ങള്‍ ലഭ്യമാകുന്ന പ്രവര്‍ത്തനങ്ങളില്‍ പുതിയ തലമുറ ഇടപെടണം. സിനിമകളും ദൃശ്യമാധ്യമങ്ങളും നല്ല സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കണം. ഇങ്ങനെയുള്ള ശുദ്ധികലശ പ്രക്രിയകള്‍ നടത്തിയില്ലെങ്കില്‍ വരും തലമുറയില്‍ ഇന്ന് അസഭ്യമെന്ന് പറയുന്നവ സഭ്യമാകുമെന്നും അരാജകത്വം കൊടികുത്തി വാഴുമെന്നും സൂചിപ്പിക്കുന്നു. അന്ന് വിലപിച്ചിട്ടു കാര്യമുണ്ടാകണമെന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."