വോട്ടെടുപ്പ് നടത്തിയത് ബാലറ്റ് പേപ്പറിലും ഇ.വി.എമ്മിലും: ബി.ജെ.പിയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞു
മംഗളൂരു: മെയ് 29 ന് കര്‍ണാടകയില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടത്തിയത് ബാലറ്റ് പേപ്പറുകളിലും ഇ.വി.എം യന്ത്രങ്ങളിലും. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റുകളില്‍ 25 എണ്ണവും കരസ്ഥമാക്കിയ ബി.ജെ.പിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഗ്രാഫ് കുത്തനെ താഴുകയും ചെയ്തു. നഗര പഞ്ചായത്തുകളിലേക്കും നഗരസഭയിലെ ചില സീറ്റുകളിലേക്കും നടന്ന തെരെഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു നടത്തിയപ്പോള്‍ കോര്‍പറേഷന്‍ സീറ്റുകളിലേക്ക് വോട്ടെടുപ്പിന് ഉപയോഗിച്ചത് ഇ.വി.എം യന്ത്രങ്ങളാണ്.
ഏപ്രില്‍ 23 ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ അപ്രമാദിത്യം ഒരു മാസം കഴിയുമ്പോഴേക്ക് കുത്തനെ ഇടിഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്.
ആകെ 1,221 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് മിന്നും വിജയമാണ്. 509 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. 366 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. ജെ.ഡി.എസിന് 174, സ്വതന്ത്രന്മാര്‍ 172 എന്നിങ്ങനെയാണ് സീറ്റു നില. ഒരു മാസം കൊണ്ട് സംസ്ഥാനത്ത് ബി.ജെ.പിയുടെ ഗ്രാഫ് കുറയാനിടയാക്കിയ സംഭവം പൊതുവെ ചര്‍ച്ചയായിട്ടുണ്ട്. അതിനിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇ.വി.എം യന്ത്രത്തില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്നാണ് ബി.ജെ.പി മൃഗീയ ഭൂരിപക്ഷം നേടിയതെന്ന ആരോപണങ്ങളും സംസ്ഥാനത്ത് ഉയര്‍ന്നിട്ടുണ്ട്. ബിജാപൂരില്‍ തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിനകത്ത് ഒട്ടനവധി ഇ.വി.എം യന്ത്രങ്ങള്‍ കണ്ടെത്തിയെന്ന തരത്തില്‍ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോയില്‍ ഇ.വി.എം യന്ത്രങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും ആളുകള്‍ ഷെഡിനകത്ത് കയറി ബഹളം വയ്ക്കുന്നതും വിഡിയോയില്‍ വ്യക്തമായി കാണുന്നുണ്ടെങ്കിലും ഇതേ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."