കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി യാഥാര്‍ഥ്യമാകുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി യാഥാര്‍ഥ്യത്തിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ നിയുക്ത ഏജന്‍സിയായ നാഷനല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചു.
വ്യവസായ ഇടനാഴി പ്രദേശങ്ങളും നിര്‍ദ്ദിഷ്ട പദ്ധതികളും വികസിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്ക് നിര്‍വചിക്കുന്ന കരാറുകളാണ് ഒപ്പുവച്ചത്.
കൊച്ചി - ബംഗളൂരു വ്യവസായ പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി കിന്‍ഫ്രയാണ്.
നിക്ഡിറ്റ് (നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.സഞ്ജയ് മൂര്‍ത്തിയും സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ പ്രത്യേക ചുമതലയുള്ള അല്‍കേഷ് കുമാര്‍ ശര്‍മ്മയും, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശിയുമാണ് കരാറില്‍ ഒപ്പുവച്ചത്.
പദ്ധതികളുടെ വിശദമായ ആസൂത്രണം, രൂപകല്‍പന, നടപ്പാക്കല്‍, പ്രവര്‍ത്തനം, പരിപാലനം എന്നിവയ്ക്കായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. തുല്യ ഓഹരി പങ്കാളിത്തത്തോടെ സംയുക്ത സംരംഭമായി രൂപീകരിക്കുന്ന ബോര്‍ഡില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ഏജന്‍സിയുടെയും പ്രതിനിധികള്‍ ഉണ്ടാകും.
ഇടനാഴിയിലെ കൊച്ചി - പാലക്കാട് മേഖലയാണ് സംയോജനത്തിന്റെ ആദ്യഘട്ടത്തില്‍ സജ്ജമാക്കുന്നത്. ആദ്യ ഘട്ടത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ ഇലക്ട്രോണിക്‌സ്, ഐ.ടി., ബയോടെക്‌നോളജി, ലൈഫ് സയന്‍സ് എന്നിവയുള്‍പ്പെടെയുള്ള ഉല്‍പാദന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."