സൗമിത്ര ഖാനെ 'ബി.ജെ.പിയുടെ ഏക മുസ്‌ലിം എം.പി'യാക്കുന്നതിനെതിരേ ഹിന്ദുത്വ പോര്‍ട്ടല്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിന്നുള്ള ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥി സൗമിത്ര ഖാനെ പാര്‍ട്ടിയുടെ ഏക മുസ്‌ലിം എം.പിയായി അവതരിപ്പിക്കുന്നതിനെതിരേ തീവ്ര ഹിന്ദുത്വ വെബ്‌സൈറ്റ് രംഗത്ത്. സൗമിത്ര ഖാനെ മുസ്‌ലിമായി ഒരു വിഭാഗം മാധ്യമങ്ങള്‍ അവതരിപ്പിച്ചതില്‍ ബി.ജെ.പി ഉള്ളില്‍ ആനന്ദം കണ്ടെത്തുകയാണെന്നും ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിവരുന്ന തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടിങ്ങിനെതിരേ ഹൈന്ദവ വിശ്വാസികള്‍ രംഗത്തുവരണമെന്നും തീവ്ര ഹിന്ദുത്വ വെബ്‌പോര്‍ട്ടല്‍ ഹിന്ദു എക്‌സിസ്റ്റന്‍സ് ഡോട്ട് ഒര്‍ഗ് പറഞ്ഞു.
ടൈംസ് നൗ, ഇന്ത്യാ ടുഡേ, ഡെക്കാന്‍ ക്രോണിക്കിള്‍ തുടങ്ങിയ മാധ്യമങ്ങള്‍ സൗമിത്രയെ മുസ്‌ലിം എം.പിയായി ചിത്രീകരിച്ച് ചെയ്ത റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ലേഖനത്തോടൊപ്പം നല്‍കിയിട്ടുണ്ട്. ഇക്കണോമിക് ടൈംസ് ഇന്നലെയും ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയും സൗമിത്ര മുസ്‌ലിം ആണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ അതു സംബന്ധിച്ച വാര്‍ത്ത എ.എന്‍.ഐ നീക്കം ചെയ്തിട്ടുണ്ട്. എ.എന്‍.ഐയുടെ വാര്‍ത്ത ഗൂഗിളില്‍ തിരയുമ്പോള്‍ കാണുന്നുണ്ടെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ 'ഈ പേജ് ഇപ്പോള്‍ കാണുന്നില്ല' എന്ന മറുപടിയാണ് ലഭിക്കുന്നത്. സൗമിത്രയെ മുസ്‌ലിമായി അവതരിപ്പിക്കുന്ന വാര്‍ത്തയോട് ബി.ജെ.പി കേന്ദ്ര നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സൗമിത്ര ഖാന്റെ വ്യക്തിഗത വിവരങ്ങളില്‍ അദ്ദേഹം ഹിന്ദുവാണെന്നും ജാതി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെന്നും പറയുന്നുണ്ട്. പിതാവ് ധനഞ്ജയ് ഖാന്‍, മാതാവ് ഛായാ ഖാന്‍, ഭാര്യ സുനിത സൗമിത്ര എന്നിവരെല്ലാം വിശ്വാസികളായ ഹിന്ദുക്കളാണെന്നും പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. സൗമിത്രയുടെയും ഭാര്യ സുനിതയുടെയും കുടുംബത്തോടു പോര്‍ട്ടലന്‍ ലേഖകന്‍ സംസാരിച്ചപ്പോള്‍, അദ്ദേഹത്തെ മുസ്‌ലിമായി അവതരിപ്പിക്കുന്നതില്‍ മൗനം പാലിക്കുന്ന ബി.ജെ.പിയുടെ നടപടിയെ അവര്‍ അപലപിക്കുകയും ചെയ്തു.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ജനുവരിയിലാണ് സൗമിത്ര ബി.ജെ.പിയിലെത്തിയത്. 2013ല്‍ കോണ്‍ഗ്രസ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട സൗമിത്ര പിന്നീട് തൃണമൂലിലേക്കു മാറുകയായിരുന്നു. ഈ ലോക്‌സഭയില്‍ ബിഹാറിലെ കഗാരിയയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട എല്‍.ജെ.പി നേതാവ് മഹ്ബൂബ് അലി കൈസര്‍ മാത്രമാണ് എന്‍.ഡി.എയിലെ മുസ്‌ലിം എം.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."