കന്യാസ്ത്രീയെയും സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്ന് കോട്ടയം എസ്.പി
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെയും സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകള്‍ കിട്ടിയതായി കോട്ടയം ജില്ലാ പൊലിസ് മേധാവി എസ്. ഹരിശങ്കര്‍ അറിയിച്ചു. ഇതുസംബന്ധിച്ച മൊബൈല്‍ കോള്‍ റെക്കോര്‍ഡ് ചെയ്തതു ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലിസിന്റെ പക്കലുണ്ട്. കന്യാസ്ത്രീ പീഡന പരാതി നല്‍കിയതു മുതല്‍ മഠത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പൊലിസ് ഒരുക്കിയിട്ടുള്ളത്. കന്യാസ്ത്രീ ആവശ്യപ്പെടാതെ തന്നെയാണ് പൊലിസ് സ്വമേധയാ ഇത്തരം നടപടികള്‍ സ്വീകരിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍ മഠത്തില്‍ പ്രദര്‍ശിപ്പിച്ചതിന് പുറമെ മഠത്തിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍വരെ നിരീക്ഷിക്കാനും സംവിധാനമൊരുക്കിയിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പിനെ ചോദ്യംചെയ്യുന്ന 19ന് മുന്‍പായി അന്വേഷണ സംഘം കൃത്യമായ നിഗമനത്തിലെത്തും.
ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികളിലും രേഖകളിലും ചില വൈരുധ്യങ്ങളുണ്ട്. ചോദ്യംചെയ്യലിന് മുന്‍പ് ഇക്കാര്യങ്ങളില്‍ വ്യക്തതവരുത്തി അന്തിമധാരണയിലെത്തും. മൊഴികളിലെ അവ്യക്തത മനപ്പൂര്‍വമല്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസായതു കൊണ്ടാണിത്. അന്വേഷണത്തിലെ കാലതാമസം സ്വാഭാവികമാണ്. കേരളത്തില്‍ പല സ്ഥലത്തും കേരളത്തിന് പുറത്തും പോവുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. ആവശ്യമെങ്കില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യും. ഇതുവരെ ബിഷപ്പ് അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. 19ന് ഹാജരാവാതിരുന്നാല്‍ മാത്രമേ നിസ്സഹകരണമെന്ന പ്രശ്‌നം ഉയരുന്നുള്ളൂ. അന്വേഷണ സംഘം മുന്‍കൂട്ടി നോട്ടിസ് നല്‍കിയശേഷമാണ് ആറോളം പേരെ ചോദ്യംചെയ്തത്.
അവര്‍ കൃത്യസമയത്തുതന്നെ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായിട്ടുമുണ്ട്. പി.സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ മൊഴിയെടുക്കാന്‍ മഠത്തില്‍ പോയെങ്കിലും കന്യാസ്ത്രീ അസൗകര്യമറിയിച്ചു. കന്യാസ്ത്രീ പരാതി നല്‍കിയാല്‍ ജോര്‍ജിനെതിരേ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."