ഗള്‍ഫ് പ്രതിസന്ധിയും തിരുത്തേണ്ട നയങ്ങളും
'നിതാഖാത്ത് ' (സ്വദേശിവല്‍ക്കരണം) എന്ന വാക്ക് കേരളത്തിലെ പല വീടുകളിലെയും പേടി സ്വപ്നമാണിപ്പോള്‍. അടുത്തകാലത്ത്, ഇപ്പോഴും ഇന്ത്യയെപ്പോലെ ഒട്ടേറെ രാജ്യങ്ങളിലെ സാധാരണക്കാരുടെ സ്വപ്നഭൂമിയായ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇനി എത്രകാലം സുരക്ഷിതരായി കഴിയാമെന്ന ആശങ്ക എല്ലാവരിലും ഉണ്ടായിരിക്കുന്നു. തൊഴില്‍സുരക്ഷയുടെ താവളമായിരുന്നു ഇതുവരെ ഗള്‍ഫ് നാടുകള്‍. അവിടെയാണ് തൊഴിലിന്റെ കാര്യത്തില്‍ സ്വദേശിവല്‍ക്കരണം നടപ്പായി വരുന്നത്.
ധാരാളം പ്രവാസികള്‍ക്കു ജീവിതമൊരുക്കുന്ന സഊദി അറേബ്യയില്‍നിന്നു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും ഭയകലുഷിതമാണ്. 2017 വര്‍ഷത്തെ സഊദി അറേബ്യന്‍ ബജറ്റ് 692 ബില്ല്യണ്‍ റിയാലിന്റെ വരവും 890 ബില്ല്യണ്‍ റിയാലിന്റെ ചെലവുമാണു കാണിക്കുന്നത്. വിദ്യാഭ്യാസമേഖലയ്ക്കും തൊഴില്‍പരിശീലനത്തിനുംവേണ്ടി 200 ബില്ല്യണ്‍ റിയാലിന്റെ ഭീമമായ സംഖ്യ മാറ്റവയ്ക്കുന്ന സഊദി സര്‍ക്കാര്‍ സുരക്ഷയ്ക്കായി 96 ബില്ല്യണ്‍ റിയാലാണു മാറ്റിവയ്ക്കുന്നത്.
ഒരു രാജ്യത്ത്, വരുമാനത്തേക്കാള്‍ ചെലവു കൂടിക്കൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍നിന്നു രക്ഷിക്കേണ്ടത് ഭരണാധികാരിയുടെ കര്‍ത്തവ്യമാണ്. ഈയൊരര്‍ഥത്തില്‍ സ്വന്തംരാജ്യത്തു ജോലി ചെയ്യുന്ന വിദേശികളുടെ പ്രയാസങ്ങള്‍ അറിഞ്ഞിട്ടാണെങ്കിലും സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്താന്‍ ഭരണാധികാരി നിര്‍ബന്ധിതനാകുമെന്നതില്‍ തര്‍ക്കമില്ല.
കേരളമടക്കമുള്ള മിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും വികസനത്തില്‍ പ്രവാസികളുടെ വിയര്‍പ്പിനു വലിയ പങ്കാണുള്ളത്. മുന്‍പ് തെക്കന്‍ കേരളക്കാര്‍ ഉപജീവനത്തിനുള്ള പച്ചപ്പായി ജര്‍മനി, യു.എസ്, കാനഡ എന്നി രാജ്യങ്ങളെ കണ്ടപ്പോള്‍ മലബാറുകാര്‍ ആശ്രിയിച്ചതു ഗള്‍ഫ് നാടുകളെയായിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വികസനത്തിന്റെയും പെരുമയുടെയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സഊദി അറേബ്യ, യു.എ.ഇ എന്നി രാഷ്ട്രങ്ങളില്‍ത്തന്നെയാണു പ്രവാസികള്‍ ഏറെയുമുള്ളത്.
യു.എ.ഇ യുടെ ആകെ ജനസംഖ്യയുടെ 42 ശതമാനവും പ്രവാസികളാണ്. ഇതില്‍ മലയാളികള്‍ പത്തു ലക്ഷത്തിലധികം വരും. സഊദി അറേബ്യ 8.55 ലക്ഷം, ഒമാന്‍ 1.89 ലക്ഷം, കുവൈത്ത് 1.83 ലക്ഷം, ബഹ്‌റൈന്‍ 1.50 ലക്ഷം, ഖത്തര്‍ 1.06 ലക്ഷം എന്നിങ്ങനെയാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഇന്ത്യക്കാരുടെ കണക്ക്. ഇന്ത്യന്‍ സമ്പദ്ഘടന ഭദ്രമാക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഇന്ത്യയുടെ മൊത്തം ജി.ഡി.പി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) യുടെ മൂന്നിലൊന്ന് പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ നിന്നും അതിന്റെ ക്രയവിക്രയങ്ങളിലൂടെ ലഭിക്കുന്ന നികുതി-നികുതിയേതര വരുമാനങ്ങളില്‍ നിന്നുമാണ് എന്നു സര്‍ക്കാര്‍ പറയുന്നു.
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ കണക്കു പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഒരു വര്‍ഷം ഇവിടേയ്‌ക്കെത്തുന്ന പണം കേരളത്തിന്റെ 60 ശതമാനവും കടബാധ്യതയും തീര്‍ക്കാന്‍ പര്യാപ്തമാണ്. പ്രാദേശികതലം മുതല്‍ നടന്നു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ,ആരോഗ്യ,നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യവസായികള്‍ക്കും പ്രധാന ആധാരവു ഉറവിടവും ഗള്‍ഫ് പണമാണ്.
പ്രവാസികള്‍ക്ക് എത്രനാള്‍ ഇങ്ങനെ സ്വന്തം കുടുംബത്തെയും നാടിനെയും രക്ഷിച്ചുനിര്‍ത്താനാകുമെന്ന ചോദ്യം ഉത്തരംകിട്ടാതെ അവശേഷിക്കുകയാണ്. ഗള്‍ഫ് പണത്തിന്റെ ശഭളിമയില്‍ അടുക്കളയില്‍ നിന്ന് ഉയര്‍ന്നിരുന്ന കൊതിപ്പിക്കുന്ന വിഭവങ്ങളുടെ കൊതിയൂറും ഗന്ധം കൈയ്‌പ്പേറിയതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഗന്ധത്തിലേയ്ക്കു വഴിമാറിയിരിക്കൊണ്ടിരിക്കുകയാണ്.
മലയാളികള്‍ക്ക് ജോലി നല്‍കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്ന സഊദി അറേബ്യ പുതിയ വികസന നയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ഈ നാട്ടിലെ ഭരണാധികാരികളെയും അന്ധമായി 'ഗള്‍ഫ് ജോലി' സ്വപ്നം കാണുന്നവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. സ്വദേശിവല്‍ക്കരണത്തിനായി സഊദി അറേബ്യ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ നയങ്ങളില്‍ ആകൃഷ്ടരായി കുവൈത്തും ആ പാത പിന്തുടരാനുള്ള ശ്രമത്തിലാണ്. ഇന്ത്യന്‍ ജനതയുടെ സ്വപ്നഭൂമിയായ യു.എ.ഇയും ഈ ചിന്തയിലേയ്ക്കു കടക്കുമോയെന്നാണു പ്രവാസികള്‍ ആശങ്കയോടെ നോക്കുന്നത്.
രാജ്യത്തിന്റെ സമ്പത്ത് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ എങ്ങനെ ക്രിയാത്മകമായി വിനിയോഗിക്കണമെന്നതിന്റെ ഉദാത്തമാതൃകയാണ് സഊദി. ഒരുപാടു രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കു ജീവിതോപാധി നല്‍കിക്കൊണ്ടിരിക്കുന്ന ഈ രാഷ്ട്രം തങ്ങളുടെ സ്വന്തം പൗരന്മാരുടെ ഭാവിജീവിതത്തിലെ പ്രതിസന്ധി മനസിലാക്കാന്‍ തുടങ്ങിയതോടെയാണു സമൂലമായ പരിഷ്‌ക്കാരങ്ങള്‍ക്കു നിര്‍ബന്ധിതരായത്.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ സ്വന്തം നാട്ടുകാര്‍ക്ക് വന്‍ പദ്ധതികളാണു സഊദി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സൗഊദി പൗരന്മാര്‍ക്കു സ്വദേശത്തായാലും വിദേശത്തായാലും വിദ്യാഭ്യാസത്തിനു വിവിധ സ്‌കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും നല്‍കിവരുന്നു. പഠനം കഴിഞ്ഞു തിരിച്ചെത്തുന്ന യുവതിയുവാക്കള്‍ക്കു നാട്ടില്‍ ആകര്‍ഷകമായ ജോലി ഉറപ്പുനല്‍കുന്നു. ജിദ്ദയില്‍ ഇപ്പോള്‍ ആരംഭിക്കുന്ന ഇക്കണോമിക് സിറ്റികളും ആരോഗ്യരംഗത്തു നടത്തിക്കൊണ്ടിരിക്കുന്ന സ്വദേശവല്‍ക്കരണവും ഇതിന്റെ ഭാഗമാണ്. എന്നാല്‍പ്പോലും സ്വദേശികള്‍ക്കു യോഗ്യതയ്ക്കനുസരിച്ചു തൊഴില്‍ ഒരുക്കല്‍ പ്രയാസമായിരിക്കുകയാണ്.
സഊദി അറേബ്യയിലെ പരിശുദ്ധ മക്കയുള്‍ക്കൊള്ളുന്ന പ്രദേശത്ത് 410 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കാനുള്ള ഒരുക്കത്തിലാണു ഭരണകൂടം. കിഴക്കന്‍ പ്രദേശങ്ങളായ മവിയ, ഖുര്‍മ, റനിയ, തുര്‍ബ, മീസാന്‍, ത്വാഇഫ് എന്നി മേഖലകളും കൂടുതല്‍ വികസിതപ്രദേശങ്ങളാക്കാനുള്ള തയാറെടുപ്പിലാണ്. ഇങ്ങനെ സാമ്പത്തിക വികസനത്തില്‍ കാതലായ മാറ്റമാണു നടപ്പാക്കാന്‍ പോകുന്നത്. ഇതൊക്കെ സാമ്പത്തികപ്രതിസന്ധി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ആദ്യം മൊബൈല്‍ വിപണനമേഖലയും പിന്നീട് ഡ്രൈവിംഗ് മേഖലയും സ്വദേശിവല്‍ക്കരണത്തിലേയ്ക്കു കടന്നു. വിദേശികള്‍ ഏറെയും ഉപജീവനം നേടിക്കൊണ്ടിരുന്ന മേഖലകളാണിത്. അവസാനമായി ഷോപ്പിങ് മാളുകളും സ്വദേശവല്‍ക്കരണത്തിനായി തയാറെടുക്കുകയാണ്. ഒരു കാലത്തു സ്ത്രീകള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാതിരുന്ന രാജ്യത്ത് പ്രത്യേക ശൂറാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം അതും അനുവദിച്ചു. പത്തു ലക്ഷത്തോളം സ്ത്രീകളാണ് ഇനി സഊദി അറേബ്യയുടെ റോഡുകളില്‍ വളയം പിടിക്കാനിറങ്ങുന്നത്. ഹൗസ് ഡ്രൈവറായും കമ്പനി ഡ്രൈവറായും ജോലി ചെയ്ത ലക്ഷക്കണക്കിനു പ്രവാസികളെ ഈ പുതിയ നിയമം സാരമായി ബാധിക്കും.
സ്വദേശിവല്‍ക്കരണത്തിന് ആക്കംകൂട്ടാനാണ് സഊദി ഭരണകൂടം മൂന്നു മാസത്തിനുള്ളില്‍ നിയമലംഘകരായി രാജ്യത്തു കഴിയുന്നവര്‍ക്കു സ്വദേശത്തേയ്ക്കു പോകാനുള്ള അവസരമൊരുക്കി പൊതുമാപ്പു പ്രഖ്യാപിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദിന്റെ നേതൃത്വത്തിലുള്ള സംഘം സഊദി വിദേശകാര്യ ഉപമന്ത്രി, റിയാദ് ജവാസാത്ത് മേധാവി എന്നിവരുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് പൊതുമാപ്പു കാലാവധി കഴിഞ്ഞു നിയമലംഘകരായ ഇന്ത്യക്കാര്‍ സഊദിയില്‍ ഉണ്ടാവില്ലെന്ന പ്രസ്താവന സഊദി ഗവണ്‍മെന്റ് നടത്തിയത്. അവരുടെ പുതിയ നയത്തിന്റെ കാര്‍ക്കശ്യത്തെയാണതു കാണിക്കുന്നത്.
പ്രവാസി കുടുംബങ്ങള്‍ക്കു പ്രതിമാസം നൂറു റിയാല്‍ ഫീസ് ഏര്‍പ്പെടുത്തിയതു കുടുംബ സമേതം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ക്കു വളരെയേറെ ബാധ്യത സൃഷ്ടിക്കുന്നതാണ്. രണ്ടുവര്‍ഷത്തിനുശേഷം ഈ ഫീസ് 300 റിയാലാക്കുമെന്ന പ്രഖ്യാപനവുമുണ്ട്. അനാവശ്യചെലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാരുടെയടക്കം ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിന്റെ 25 ശതമാനം കുറയ്ക്കുകയും ചെയ്തു. ഇതെല്ലാം സഊദി അറേബ്യ ലക്ഷ്യമിടുന്ന '2030 സ്വപ്നപദ്ധതി'യുടെ സാക്ഷാല്‍കാരത്തിനു വേണ്ടിയാണ്.
നിയമ ലംഘനം, അനധികൃതതാമസം എന്നിവയുടെ പേരില്‍ കഴിഞ്ഞ മാസം മാത്രം 767 പേരടക്കം ആകെ 2075 പേരെയാണ് കുവൈത്തില്‍നിന്നു നാടുകടത്തിയത്. സഊദിയില്‍ പൊതുമാപ്പു പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടപ്പോഴേയ്ക്കും നാട്ടിലേയ്ക്കു മടങ്ങാനായി ഇരുപതിനായിരത്തിലധികം ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കാലാവധി കഴിയുമ്പോഴേയ്ക്കും നിരവധി പ്രവാസികള്‍ക്കു നാട്ടിലെത്തി പുതിയ വരുമാനമാര്‍ഗം തേടേണ്ടിവരും.
നമ്മുടെ വിദ്യാഭ്യാസനയത്തിലും ജീവിതവ്യവസ്ഥയിലും സമൂലമായ മാറ്റങ്ങള്‍ വരുത്തിമാത്രമേ ഗള്‍ഫ് പ്രതിസന്ധി മറികടക്കാന്‍ കഴിയൂ. വിദ്യാഭ്യാസം കുറഞ്ഞവരെ കയറ്റിയയക്കാനുള്ള ഇടമാണ് ഗള്‍ഫ് എന്ന ധാരണ മാറ്റണം. തൊഴില്‍ നൈപുണ്യത്തിനും ഇച്ഛാശക്തിക്കും മാത്രമേ ഇനി ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സ്ഥാനമുള്ളൂ. ഐ.ടി, അധ്യാപനം, കമ്പനികളിലെ വിവര്‍ത്തനജോലികള്‍, മാനേജിങ് എന്നി വിഭാഗങ്ങളിലെല്ലാം അതീവനൈപുണ്യം നേടിയവര്‍ക്ക് ഉചിതമായ ജോലി ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇന്നും സുലഭമാണ്.
ഇന്നു കേരളത്തില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന മതഭൗതിക സമന്വയ വിദ്യാഭ്യാസസ്ഥാപനങ്ങളും കോളജുകളും സ്വീകരിച്ചു പോരുന്ന വിദ്യാഭ്യാസരീതിക്കു കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇത്തരം പാഠ്യപദ്ധതിയിലൂടെ പ്രതിഭാധനരായി സ്വദേശത്തും വിദേശത്തും നല്ല തൊഴില്‍ നേടിയെടുക്കാനാകും. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഉന്നത ജോലി കിട്ടാന്‍ ബഹുഭാഷാജ്ഞാനം അത്യാവശ്യമാണ്. അറബി, ഇംഗ്ലീഷ് എന്നി ഭാഷകളിലെ പ്രാവീണ്യം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ സഹായകമാകും. യോഗ്യതനേടി അവസരം കണ്ടെത്തിയാല്‍ തൊഴില്‍ സുരക്ഷ പ്രശ്‌നമാകില്ല.
ഗള്‍ഫ് ജീവിതം കഴിഞ്ഞു നാട്ടിലെത്തുന്നവരില്‍ പലരുടെയും ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാവാറുണ്ട്. അതിനു കാരണക്കാര്‍ പ്രവാസികള്‍ തന്നെയാണ്. പ്രവാസ ജീവിതം നയിക്കുന്നവരില്‍ നല്ലപങ്കും രണ്ടും മൂന്നും വര്‍ഷം ചുട്ടു പഴുത്ത മണലാരണ്യത്തില്‍ അധ്വാനിച്ച സമ്പാദ്യം ഒന്നോ രണ്ടോ മാസത്തെ അവധിക്കാലത്തു ധൂര്‍ത്തടിച്ചു കളയുന്നവരാണ്. കുടുംബപശ്ചാത്തലത്തിലേയ്ക്കു പ്രവേശിക്കുംമുന്‍പ് ഗള്‍ഫിലെത്തുന്നവരാണ് ഇതില്‍ ഏറെയും.
ഇതില്‍നിന്നു വിഭിന്നമായി ലഭിക്കുന്ന വരുമാനം കാര്യക്ഷമമായ കരുതല്‍ ശേഖരമായി സൂക്ഷിച്ചുവയ്ക്കുകയും അന്യനാട് എക്കാലത്തും സുരക്ഷിതമല്ലെന്ന ഉത്തമധാരണയില്‍ സ്വന്തം രാജ്യത്തിനും കുടുംബത്തിനും നേട്ടമുണ്ടാക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുകയുമാണു പ്രവാസികള്‍ ചെയ്യേണ്ടത്. വരുമാനത്തിന് അനുസൃതമായി ജീവിതബജറ്റ് തയാറാക്കണം. അപ്പോള്‍ ഇരുതലയും കൂട്ടിമുട്ടിക്കാന്‍ പാടുപെടേണ്ടിവരില്ല.
പ്രവാസികള്‍ക്കു സര്‍ക്കാര്‍ നാമമാത്രമായ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതു കൊണ്ടോ കുറച്ചുപേര്‍ക്കു പുനരധിവാസപദ്ധതി നടപ്പാക്കിയതുകൊണ്ടോ പരിഹാരമാകില്ല. പൗരന്മാരുടെ സുഗമമായ ജീവിതത്തിനായുള്ള തൊഴില്‍ മേഖലകള്‍ സ്വന്തം രാഷ്ട്രത്തില്‍ ഏര്‍പ്പെടുത്താനുള്ള ജാഗ്രതയാണു ഭരണകൂടം കാട്ടേണ്ടത്. സര്‍ക്കാരും പ്രവാസികളും ഒരു മനസോടെ പ്രവര്‍ത്തിക്കാന്‍ തയാറായാലേ നിതാഖാത്തിന്റെ പ്രതിസന്ധി നേരിടാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."