'ജയ് ശ്രീറാം' വിളിയുടെ പേരില്‍ കൊമ്പുകോര്‍ത്ത് ബി.ജെ.പിയും മമതയും
കൊല്‍ക്കത്ത: 'ജയ് ശ്രീറാം' വിളിയുടെ പേരില്‍ കൊമ്പുകോര്‍ത്ത് ബി.ജെ.പിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും. 'ജയ് ശ്രീറാം' വിളിയെ ബി.ജെ.പി അവരുടെ രാഷ്ട്രീയ മുദ്രാവാക്യമായി മാറ്റിയെന്നും തന്റെ പാര്‍ട്ടിയുടെ മുദ്രാവാക്യം 'ജയ് ഹിന്ദ്' എന്നും 'വന്ദേ മാതരം' എന്നുമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ മമത പറഞ്ഞു.
ചില ബി.ജെ.പി അനുകൂലികള്‍ ബി.ജെ.പി അക്കൗണ്ടുകളിലൂടെയും വ്യാജ വീഡിയോകളിലൂടെയും വ്യാജ വാര്‍ത്തകളിലൂടെയും സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണ്.
വസ്തുതകളെ അടിച്ചമര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനും വേണ്ടിയാണിതെന്നും മമത കുറ്റപ്പെടുത്തി. ഹിന്ദിയിലും ഇംഗ്ലീഷിലുമിട്ട ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മമത ഇക്കാര്യം പറഞ്ഞത്.
ഓരോ രാഷ്ട്രീയപ്പാര്‍ട്ടിക്കും ഓരോ മുദ്രാവാക്യമുണ്ട്. തൃണമൂലിന്റെത് ജയ് ഹിന്ദെന്നും വന്ദേ മാതരമെന്നുമാണ്. ഇടതു പാര്‍ട്ടികളുടെത് ഇങ്ക്വിലാബ് സിന്ദാബാദ് എന്നാണ്. മറ്റു പാര്‍ട്ടിക്കാര്‍ക്കും വ്യത്യസ്ത മുദ്രാവാക്യങ്ങളുണ്ട്. നമ്മള്‍ പരസ്പരം ബഹുമാനിക്കണം.
ജയ് സീതാ റാം, ജയ് റാം ജീ കീ, റാം നാം സത്യ ഹേ തുടങ്ങിയവയൊക്കെ മതപരമായ വാക്യങ്ങളാണ്. എന്നാല്‍, മതപരമായ വാക്യങ്ങളെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്.
അവര്‍ക്ക് 'ജയ് ശ്രീറാം' പാര്‍ട്ടി മുദ്രാവാക്യമാണ്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുകയാണ് ബി.ജെ.പി. ആര്‍.എസ്.എസിന്റെ പേരില്‍ ഇത്തരത്തില്‍ നിര്‍ബന്ധിതമായി മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനെ ബംഗാള്‍ ഒരിക്കലും സ്വീകരിക്കില്ല. അക്രമത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് അവര്‍ നടത്തുന്നത്.
ഒരുവ്യക്തിക്ക് മറ്റുള്ളവരെ ചില സമയങ്ങളില്‍ വഞ്ചിക്കാന്‍ കഴിയും. എന്നാല്‍, എപ്പോഴും എല്ലാകാലവും ഒരുവ്യക്തിക്ക് മറ്റുള്ളവരെ വഞ്ചിക്കാനാകില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കാനും വിദ്വേഷം പ്രചരിപ്പിക്കുന്ന രാഷ്ട്രീയത്തിനു മറുപടി നല്‍കുന്നതിനും ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങള്‍ തയാറാകണമെന്നും മമത ആവശ്യപ്പെട്ടു.'ജയ് ശ്രീറാം' എന്നെഴുതിയ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതക്ക് അയച്ചുകൊടുക്കണമെന്ന് ബി.ജെ.പി എം.പി അര്‍ജുന്‍ സിങ് കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. ഈ 10 ലക്ഷം പേരെ അറസ്റ്റ്‌ചെയ്യാന്‍ അദ്ദേഹം മമതയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
തൃണമൂല്‍ നേതാവും മന്ത്രിയുമായ സുജിത് ബോസിന്റെ വീടിനു മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം ജയ് ശ്രീറാം മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടിയത് വിവാദമായിരുന്നു. സംസ്ഥാനത്ത് ജയ് ശ്രീറാം വിളിച്ചവരെ അറസ്റ്റ്‌ചെയ്യുകയാണെന്നാണ് ബംഗാളില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രസംഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."