കര്‍ണപര്‍വം തീരേണ്ടത് കര്‍ണനിഗ്രഹത്തിലോ?
മഹാഭാരതത്തില്‍ കര്‍ണപര്‍വം അവസാനിക്കുന്നത് സ്വന്തം അനുജന്‍ എയ്ത ശരമാരിയേറ്റ് കര്‍ണന്‍ നിലംപതിക്കുന്നതോടെയാണ്. കര്‍ണനിഗ്രഹത്തോടെ അധര്‍മത്തിനുമേല്‍ ധര്‍മവിജയത്തിന്റെ സുപ്രധാനമായ അധ്യായം പൂര്‍ത്തിയായെന്നാണു പുരാണം പറയുന്നത്. സത്യത്തിന്റെയും ധര്‍മത്തിന്റെയും വിജയഗാഥയെന്നാണല്ലോ മഹാഭാരതം പ്രകീര്‍ത്തിക്കപ്പെടുന്നത്.
ഇന്ന്, കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സി.എസ് കര്‍ണന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദപൂര്‍ണമായ അധ്യായം അവസാനിക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല. ഈ കുറിപ്പെഴുതുന്ന ഘട്ടത്തിലും അദ്ദേഹം അജ്ഞാതവാസത്തിലാണ്. കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹത്തെ ആറുമാസത്തേയ്ക്കു തടവിലിടണമെന്ന സുപ്രിംകോടതിയുടെ വിധി പ്രാബല്യത്തിലുണ്ട്. കോടതി ഉത്തരവനുസരിച്ച് അദ്ദേഹത്തെ പിടികൂടാന്‍ കല്‍ക്കത്ത പൊലിസ് നാടുനീളെ ഓടുകയാണ്.
കര്‍ണപര്‍വത്തിനു താല്‍ക്കാലികമായെങ്കിലും തിരശ്ശീല വീഴണമെങ്കില്‍ അദ്ദേഹം അറസ്റ്റിലാവുകയും ജയിലില്‍ അടയ്ക്കപ്പെടുകയും വേണം. അത് എപ്പോഴും സംഭവിക്കാം. മറ്റൊരു മാര്‍ഗം ജസ്റ്റിസ് കര്‍ണന്റെ മാപ്പപേക്ഷ സ്വീകരിച്ചു സുപ്രിംകോടതി അദ്ദേഹത്തിനു മേലുള്ള വിധി പിന്‍വലിക്കലാണ്. ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകര്‍ അതിനുള്ള അപേക്ഷ സുപ്രിംകോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഏഴംഗ ബെഞ്ചാണു ഈ കേസ് കൈകാര്യം ചെയ്തതെന്നതിനാല്‍ ആ ബെഞ്ചിന്റെ സിറ്റിങ്ങില്‍ മാത്രമേ തീര്‍പ്പുണ്ടാക്കാനാകൂവെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി കഴിഞ്ഞു.
ഏറ്റവുമൊടുവിലായി കേള്‍ക്കുന്നത് ജസ്റ്റിസ് കര്‍ണന്‍ സുപ്രിംകോടതി മുന്‍പാകെ കീഴടങ്ങി കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പുപറയുമെന്നാണ്. ആറുമാസത്തേയ്ക്കു ശിക്ഷിച്ച കേസിലെ പ്രതിയുടെ മാപ്പപേക്ഷ സ്വീകരിച്ചു ശിക്ഷ റദ്ദാക്കാന്‍ കോടതി തയാറായാലും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിസമാപ്തിയാകും.
ജസ്റ്റിസ് കര്‍ണന്‍ ശിക്ഷിക്കപ്പെടണമോ വേണ്ടയോ എന്നത് അദ്ദേഹത്തെ ബാധിക്കുന്ന പ്രശ്‌നം മാത്രം. ശിക്ഷയനുഭവിച്ചു പുറത്തുവരുമ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ഔദ്യോഗികകാലാവധി കഴിയും. പിന്നീട്, റിട്ടയേഡ് ജസ്റ്റിസ് മാത്രമായിരിക്കും അദ്ദേഹം. ശിക്ഷ ഒഴിവാക്കപ്പെട്ടാല്‍ നീതിപീഠത്തില്‍ ഇരുന്നു വിരമിക്കാം. രണ്ടായാലും, ഇന്ത്യാ രാജ്യത്തെ ജനങ്ങള്‍ക്ക് കൗതുകത്തിന് അപ്പുറത്തുള്ള വിശേഷമല്ല അത്.
അതേസമയം, ഒരു ചോദ്യം ഇവിടെ ഉത്തരം കിട്ടാതെ നില്‍ക്കുന്നു, ജസ്റ്റിസ് കര്‍ണനെ ശിക്ഷിച്ചാലുമില്ലെങ്കിലും അവസാനിക്കുന്നതാണോ അദ്ദേഹം ഉയര്‍ത്തിവിട്ട കാര്യങ്ങള്‍.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ, രണ്ടു കാര്യങ്ങളാണ് ജസ്റ്റിസ് കര്‍ണന്‍ ഉന്നയിച്ചിരുന്നത്. ജുഡീഷ്യറിയിലെ അഴിമതിയാണ് ഇതിലൊന്ന്. രണ്ടാമത്തേത്, ജാതീയമായ വിവേചനമാണ്.
സിറ്റിങ് ജഡ്ജിമാരുള്‍പ്പെടെ 20 ന്യായാധിപന്മാര്‍ അഴിമതി നടത്തിയവരാണെന്നും അവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണു ജസ്റ്റിസ് കര്‍ണന്‍ പ്രധാനമന്ത്രിക്കും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചത്. സ്വാഭാവികമായും കത്തിലെ പരാമര്‍ശം വാര്‍ത്തയായി, അതോടെ വിവാദവുമായി.
സിറ്റിങ് ജഡ്ജി സഹന്യായാധിപന്മാര്‍ക്കെതിരേ അഴമതിയാരോപണം ഉന്നയിക്കാമോയെന്ന ചോദ്യം സംഗതമാണ്. ഈ ന്യായാധിപന്മാര്‍ അഴിമതി നടത്തിയെന്നതിന് എന്തു തെളിവാണ് ജസ്റ്റിസ് കര്‍ണന്റെ മുന്നിലുള്ളത് എന്ന ചോദ്യവും ഉന്നയിക്കാം. ജസ്റ്റിസ് കര്‍ണന്‍ അഴിമതിയാരോപണം ഉന്നയിച്ച 20 ന്യായാധിപന്മാരും സത്യസന്ധരായിരിക്കാം. എന്നുവച്ച് അദ്ദേഹം ഉന്നയിച്ച പ്രശ്‌നം നിരര്‍ത്ഥകമാകുന്നില്ലല്ലോ.
നീതിപീഠത്തിലെ അഴിമതിക്കെതിരേ ആരോപണവുമായി നേരത്തേ രംഗത്തുവന്നിരുന്നത് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരായിരുന്നു. നീതിപീഠം അഴിമതി മുക്തമല്ലെന്ന് അദ്ദേഹം പറഞ്ഞതു രാജ്യത്തെ ഏറ്റവും പവിത്രമായി കണക്കാക്കപ്പെടുന്ന ആ ഭരണഘടനാസ്ഥാപനത്തെ ഇകഴ്ത്തിക്കാണിക്കാനായിരുന്നില്ല. ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷാകേന്ദ്രമായ നീതിപീഠത്തില്‍നിന്ന് അഴിമതിയുടെ കാരണത്താല്‍ അനീതി നടപ്പാകരുതെന്ന് ഉറപ്പുവരുത്താനായിരുന്നു.
ഇതിനുശേഷം ജസ്റ്റിസ് ആര്‍.എം ലോധയും ജസ്റ്റിസ് മാര്‍ക്കാണ്ഡേയ കട്ജുവും പ്രശാന്ത് ഭൂഷണുമെല്ലാം ഈ വിഷയം ഉന്നയിച്ചവരാണ്. ഇവരെല്ലാം നീതിപീഠത്തെ ഇകഴ്ത്തിക്കാണിക്കാനോ കരിവാരിത്തേയ്ക്കാനോ ശ്രമിച്ചതാണെന്നു തോന്നുന്നില്ല.
ഭരണരംഗത്തു നടക്കുന്ന അഴിമതി അതിഭീകരമാണെന്നു നമുക്കറിയാം. കോടാനുകോടികളുടെ അഴിമതിയാരോപണത്തിനു വിധേയരായവരില്‍ പലരും ശിക്ഷിക്കപ്പെടാതെ വീണ്ടും ഭരണക്കസേരയിലെത്തുന്നു. ശിക്ഷയനുഭവിച്ചവര്‍പോലും വീരപുരുഷന്മാരായി, ജനാധിപത്യത്തിന്റെ കാവലാളുകളായി വിലസുന്നു. കല്‍ക്കരിപ്പാടം അഴിമതിയാരോപണം അന്നത്തെ പ്രധാനമന്ത്രിയിലേയ്ക്കു വരെ നീണ്ടു. ഏറ്റവുമൊടുവിലായി ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെതിരേയും മായാവതിക്കെതിരേയും സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ തന്നെ കോടികളുടെ അഴിമതിയാരോപണവുമായി രംഗത്തുവന്നിരിക്കുകയാണ്.
പണ്ട്, ഒ ചന്തുമേനോന്‍ പറഞ്ഞതുപോലെ 'അഴിമതി നടത്താത്തവനായി ഞാനുണ്ട് ' എന്നു നെഞ്ചുവിരിച്ചു പറയാന്‍ കഴിയുന്ന എത്രപേര്‍ ഈ രാജ്യത്തെ നിയമനിര്‍മാണ സഭകളിലുണ്ട് എന്നത് കൗതുക കരമായ ചോദ്യമായിരിക്കും.
ജനാധിപത്യത്തെ താങ്ങിനില്‍ക്കുന്ന നാലാമത്തെ സ്തംഭമെന്നു വിശേഷിപ്പിക്കുന്ന മാധ്യമരംഗവും ദുഷിച്ചുകഴിഞ്ഞുവെന്നതില്‍ സംശയമില്ല. പെയ്ഡ് ന്യൂസിനെക്കുറിച്ചുള്ള വാര്‍ത്ത ഇന്നും ഇന്നലെയുമല്ലല്ലോ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. രാഷ്ട്രീയതാല്‍പ്പര്യം മുതല്‍ സകലമാന സങ്കുചിത താല്‍പര്യങ്ങള്‍ക്കുംവേണ്ടി പേനയുന്താനും വാതുറക്കാനും മടിക്കാത്ത ഒരു വിഭാഗം മാധ്യമരംഗത്തു വളര്‍ന്നുവന്നിരിക്കുന്നു. മികച്ച വിഗ്രഹങ്ങളായി നമ്മള്‍ വാഴ്ത്തിയിരുന്ന മാധ്യമശിങ്കങ്ങളില്‍ പലതിന്റെയും തനിനിറം പലപ്പോഴായി വെളിപ്പെട്ടതാണ്.
ഇതിനിടയില്‍, ജനങ്ങള്‍ക്ക് ഏകപ്രതീക്ഷയുള്ളത് നീതിപീഠത്തിലാണ്. തങ്ങള്‍ അനുഭവിക്കുന്ന അനീതിക്കെതിരേ പരിഹാരം തേടി കടന്നു ചെല്ലാവുന്ന വിശ്വസ്തസ്ഥാപനമാണു സാധാരണക്കാരന് ജുഡീഷ്യറി. അവന്റെ ആ വിശ്വാസം കളഞ്ഞുകുളിയ്ക്കുന്ന തരത്തില്‍ നീതിപീഠത്തില്‍ ഒരാളില്‍നിന്നെങ്കിലും തെറ്റായ നടപടിയുണ്ടായാല്‍ അത് എത്രയും വേഗം കണ്ടുപിടിച്ചു തിരുത്തിയേ മതിയാകൂ. ജസ്റ്റിസ് കര്‍ണന്റെ പരാതി ലഭിച്ചയുടന്‍ അതിനുള്ള പോംവഴി തേടുകയായിരുന്നു പരമോന്നതനീതിപീഠം ചെയ്യേണ്ടിയിരുന്നത്. അതുണ്ടാകാതെ പരാതിക്കാരനെതിരേ നടപടിയുമായി പോയി എന്നിടത്താണ് കര്‍ണപര്‍വത്തിലെ പോരാട്ടം തുടങ്ങിയത്.
ജസ്റ്റിസ് കര്‍ണന്‍ ഉയര്‍ത്തിയ രണ്ടാമത്തെ പ്രശ്‌നം തനിക്കെതിരേയുള്ള നടപടിയും നീക്കങ്ങളും താന്‍ ദലിതനായതിനാലാണ് എന്നതാണ്. ഇതും ശരിയാണോ എന്നറിയില്ല. ജാതീയമായ ഉച്ചനീചത്വങ്ങളുടെ ദുരിതവും വിഹ്വലതകളും ഏറെ സഹിച്ച നാടാണിത്. ഇന്നും ഉത്തരേന്ത്യയിലെ പൊതുമണ്ഡലത്തില്‍ ജാതിഭ്രാന്ത് അതിതീവ്രമായി നിലനില്‍ക്കുന്നുവെന്നതും സത്യമാണ്. ക്ഷേത്രമുറ്റത്തെത്തിയ ദലിതനെ മണ്ണെണ്ണയൊഴിച്ചു ചുട്ടുകൊന്ന സംഭവമുണ്ടായിട്ടു മാസങ്ങളേറെയായില്ല. ഔദ്യോഗികരംഗത്തും മറ്റും ദലിതനും പിന്നാക്കക്കാരനും ന്യൂനപക്ഷവിഭാഗക്കാരനും ഇപ്പോഴും അവഗണിക്കപ്പെടുന്നുണ്ടെന്നതും യാഥാര്‍ത്ഥ്യം.
അത്തരമൊരു ദുഷിപ്പ് ജുഡീഷ്യറിയിലെങ്കിലും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ജസ്റ്റിസ് കര്‍ണനുയര്‍ത്തിയ ഈ പ്രശ്‌നവും കൂലങ്കഷമായി പരിശോധിക്കാന്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം തയാറാവുമ്പോഴേ നവീന കര്‍ണപര്‍വം ശുഭപര്യവസായിയാകൂ. കര്‍ണനിഗ്രഹത്തിലേ കര്‍ണപര്‍വം അവസാനിക്കാവൂ എന്നില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."