ഓപറേഷന്‍ താമര: യെദ്യൂരപ്പക്ക് കേന്ദ്ര നേതൃത്വത്തിന്റെ ചുവപ്പുകാര്‍ഡ്
മംഗളൂരു: കര്‍ണാടകയില്‍ ഓപറേഷന്‍ താമര നടപ്പാക്കാനുള്ള ശ്രമം പൂര്‍ണമായി ഉപേക്ഷിച്ച് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ. കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ദിവസങ്ങള്‍ നീണ്ട അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം ചുവപ്പുകാര്‍ഡ് കാട്ടിയതോടെയാണിത്.
കഴിഞ്ഞദിവസം എന്‍.ഡി.എ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കു വേണ്ടി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും, പ്രതിപക്ഷ നേതാവുമായ യെദ്യൂരപ്പക്ക് ഓപറേഷന്‍ താമര നടത്തുന്നതിന് കേന്ദ്ര നേതൃത്വം അനുമതി നിഷേധിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന തെരെഞ്ഞെടുപ്പില്‍ 104 സീറ്റുകളുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു.
എന്നാല്‍ 80 സീറ്റു നേടിയ കോണ്‍ഗ്രസ് 38 സീറ്റുകളുള്ള ജെ.ഡി.എസിനെ പിന്തുണച്ച് കത്തു നല്‍കിയെങ്കിലും യെദ്യൂരപ്പക്ക് ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യാനും ഒരാഴ്ച്ചക്കകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും അനുമതി നല്‍കിയിരുന്നു.
യെദ്യൂരപ്പ മാത്രമാണ് അന്ന് സത്യ പ്രതിജ്ഞ ചെയ്തത്. എന്നാല്‍ സഭയില്‍ അവിശ്വാസം പ്രമേയം പാസാകുമെന്ന് ഉറപ്പായതോടെ അവസാന ദിവസം സഭാസമ്മേളനം വിളിച്ചു കൂട്ടി ഒരു മണിക്കൂറിലധികം പ്രസംഗം നടത്തിയ ശേഷം വിശ്വാസ വോട്ടെടുപ്പിന് മുന്‍പായി യെദ്യൂരപ്പ നാടകീയമായി രാജിവയ്ക്കുകയായിരുന്നു.
തുടര്‍ന്ന് കോണ്‍ഗ്രസ്, ജെ.ഡി.എസ് സഖ്യത്തോടെ എച്ച്.ഡി കുമാര സ്വാമി മുഖ്യമന്ത്രിയായുള്ള ഭരണമാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. എന്നാല്‍ രാജിക്ക് പിന്നാലെ സര്‍ക്കാരിനെ മറിച്ചിട്ടു ബി.ജെ.പിയെ ഭരണത്തില്‍ കൊണ്ടുവരാനുള്ള പല നീക്കങ്ങളും യെദ്യൂരപ്പ നടത്തിയെങ്കിലും അതിനെയെല്ലാം കോണ്‍ഗ്രസ് പരാജയപ്പെടുത്തുകയായിരുന്നു.
ഒടുവില്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസ്, ജെ.ഡി.എസ് സഖ്യം തകരുമെന്ന് കണക്കു കൂട്ടിയ യെദ്യൂരപ്പ എം.എല്‍.എമാരെ ചാക്കിടാന്‍ ശ്രമം നടത്തുകയും ചെയ്തു. കോണ്‍ഗ്രസില്‍ വിമത സ്വരം ഉയര്‍ത്തിയിരുന്ന രമേശ് ജര്‍ക്കി ഹോളി, കെ. സുധാകര റോഷന്‍ ബൈഗ് എന്നിവരെ കയ്യിലെടുത്ത് കൂടുതല്‍ ഭരണപക്ഷ എം.എല്‍.എമാരെ പുറത്തേക്കുചാടിക്കാനും തുടര്‍ന്ന് സഖ്യ സര്‍ക്കാരിനെ മറിച്ചിടാനുമുള്ള തന്ത്രങ്ങളാണ് യെദ്യൂരപ്പ നടപ്പാക്കാന്‍ ശ്രമിച്ചത്. വിമത സ്വരം ഉയര്‍ത്തിയ കോണ്‍ഗ്രസിലെ രണ്ടു എം.എല്‍.എമാര്‍ ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയുടെ ബംഗളൂരുവിലുള്ള വീട്ടിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തതോടെ രംഗം കൊഴുക്കുകയും ചെയ്തു.
എന്നാല്‍ കോണ്‍ഗ്രസും ജെ.ഡി.എസും വെവ്വേറെ തങ്ങളുടെ എം.എല്‍.എമാരെ അടിയന്തിരമായി വിളിച്ചു നടത്തിയ യോഗത്തില്‍ എം.എല്‍.എമാര്‍ മുഴുവനും സംബന്ധിച്ചതോടെ യെദ്യൂരപ്പ തന്റെ ശ്രമത്തില്‍ നിന്നും പിന്നോട്ട് പോയിരുന്നു.
ജൂണ്‍ ഒന്നിന് സംസ്ഥാനത്തു ബി.ജെ.പി നേതൃത്വത്തില്‍ ഭരണം ഉണ്ടാകുമെന്നു പ്രഖ്യാപനം നടത്തിയ യെദ്യൂരപ്പ, കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തില്‍ രണ്ടു പേരൊഴികെ മറ്റെല്ലാവരും സംബന്ധിച്ചതോടെ ജൂണ്‍ അഞ്ചിന് ശേഷം തീരുമാനം ഉണ്ടാകുമെന്നു തിരുത്തുകയായിരുന്നു. ഇതിനിടയിലാണ് കര്‍ണാടകയില്‍ ഓപറേഷന്‍ താമരക്കു താല്‍ക്കാലികമായി കേന്ദ്ര നേതൃത്വം ചുവപ്പുകാര്‍ഡ് കാണിച്ചത്.
സഖ്യ സര്‍ക്കാരിലെ എം.എല്‍.എമാര്‍ തമ്മില്‍ തല്ലി പിരിയുമെന്നും അത് വരെ കാത്തിരിക്കാനുമാണ് യെദ്യൂരപ്പക്ക് കേന്ദ്ര നേതൃത്വത്തില്‍ നിന്നും ലഭിച്ച നിര്‍ദേശമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."