ഒന്നാം സ്ഥാനക്കാരായി മുംബൈ
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ അവരുടെ തട്ടകത്തില്‍ കീഴടക്കി മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക്. എവേ പോരാട്ടത്തില്‍ ഒന്‍പത് റണ്‍സിനാണ് മുംബൈ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റിന് 164 റണ്‍സില്‍ അവസാനിച്ചു.
തോറ്റെങ്കിലും കൊല്‍ക്കത്ത മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പാക്കി. മനീഷ് പാണ്ഡെ (33), ഗ്രാന്‍ഡ്ഹോം (29), ക്രിസ് ലിന് (26) എന്നിവര്‍ പൊരുതിയെങ്കിലും മികച്ച ബൗളിങിലൂടെ മുംബൈ വിജയം പിടിക്കുകയായിരുന്നു. സൗത്തി, ഹര്‍ദിക് പാണ്ഡ്യ, വിനയ് കുമാര്‍ എന്നിവര്‍ മുംബൈയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
ആറ് മാറ്റങ്ങളുമായാണ് മുംബെ ഇറങ്ങിയത്. ടോസ് നേടി കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെത്തുടര്‍ന്ന് അര മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. സൗരഭ് തിവാരി- അമ്പാട്ടി റായിഡു സഖ്യം മികച്ച ബാറ്റിങ് പുറത്തെടുത്തത് മുംബൈയ്ക്ക് കരുത്തായി. തിവാരി 43 പന്തില്‍ ഒന്‍പത് ഫോറുകള്‍ സഹിതം 52 റണ്‍സെടുത്തപ്പോള്‍ അമ്പാട്ടി റായിഡു 37 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും പറത്തി 63 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്കോററായി.
രോഹിത് ശര്‍മ 27 റണ്‍സെടുത്തു. കൊല്‍ക്കത്തക്കായി ട്രെന്റ് ബോള്‍ട്ട് രണ്ടും കുല്‍ദീപ് യാദവ്, രജപൂത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ന് നടക്കുന്ന പൂനെ- പഞ്ചാബ് പോരാട്ടത്തിലെ വിജയികള്‍ നാലാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് കടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."