കൊവിഡ് ധനസഹായമായി അനുവദിച്ചത് 2.4 കോടി
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 12,204 അധ്യാപകര്‍ക്കായി 2.4 കോടി രൂപ അനുവദിച്ചതായി ചെയര്‍മാന്‍ എം.പി അബ്ദുല്‍ ഗഫൂര്‍ അറിയിച്ചു. ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടപ്പു സാമ്പത്തിക വര്‍ഷം വിവാഹ ധനസഹായമായി 158 പേര്‍ക്കു പതിനായിരം രൂപ വീതം 15,80,000 രൂപയും 39 പേര്‍ക്കു ചികിത്സാ ധനസഹായമായി 49,00,436 രൂപയും അനുവദിച്ചു. ക്ഷേമനിധി അംഗത്വം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ വിവിധ സംഘടനാ പ്രിതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 77 വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കും. 153 അപേക്ഷകര്‍ക്ക് പുതുതായി പെന്‍ഷനും 137 അപേക്ഷകര്‍ക്ക് വിവാഹധനസഹായവും അനുവദിക്കും. കൂടാതെ മൂന്ന് ഗുണഭോക്താക്കള്‍ക്ക് ചികിത്സാധനസഹായമായി 75,000 രൂപ അനുവദിക്കാനും തീരുമാനമെടുത്തു. അംഗങ്ങള്‍ ക്ഷേമനിധി അംശാദായമടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന സാഹചര്യങ്ങളില്‍ കുടിശിക തീര്‍ത്ത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമേ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കേണ്ടതുള്ളൂ എന്നും യോഗം തീരുമാനിച്ചു.
ബോര്‍ഡ് അംഗങ്ങളായ മുന്‍ എം.എല്‍.എ എ.എം യൂസഫ്, ഉമര്‍ ഫൈസി മുക്കം, ഹാജി പി.കെ മുഹമ്മദ്, ഇ യാക്കൂബ് ഫൈസി, അബൂബക്കര്‍ സിദ്ധിഖ് അയിലക്കാട്, എ ഖമറുദ്ധീന്‍ മൗലവി, ഹാരിസ് ബാഫഖി തങ്ങള്‍, ഒ.പി.ഐ കോയ, ഫൈസല്‍ തറമ്മല്‍, അബ്ദുല്‍ ലത്തീഫ് കരിപ്പുലാക്കല്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി.എം ഹമീദ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."