ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് ബജ്രംഗിന് സുവര്‍ണ നേട്ടം
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സുവര്‍ണ തിളക്കം. പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ബജ്രംഗ് പുനിയ സുവര്‍ണ താരമായി അഭിമാനം കാത്തു. കൊറിയയുടെ ലീ സ്വാങ് ചുലിനെ പരാജയപ്പെടുത്തിയാണ് താരം ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. 6-2 എന്ന സ്കോറിനാണ് ബജ്രംഗിന്റെ വിജയം.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് പോയിന്റിന് പിന്നില്‍ നിന്ന ശേഷം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് ഇന്ത്യന്‍ താരം വിജയം പിടിച്ചത്. രണ്ടാം പകുതിയില്‍ വന്‍ തിരിച്ചു വരവ് നടത്തിയ ബജ്രംഗ് കൊറിയന്‍ താരത്തിന് ഒരു പഴുതും അനുവദിക്കാതെ ആറ് പോയിന്റുകള്‍ ഒറ്റയടിക്ക് സ്വന്തമാക്കി കരുത്തുറ്റ മുന്നേറ്റമാണ് നടത്തിയത്. നേരത്തെ സെമിയില്‍ കുഗ്വാങ് കിമിനെ കടുത്ത പോരാട്ടത്തില്‍ അതിജീവിച്ചാണ് ബജ്രംഗ് ഫൈനലിലേക്ക് കടന്നത്. 3-2നായിരുന്നു സെമിയിലെ ഇന്ത്യന്‍ താരത്തിന്റെ വിജയം. ക്വാര്‍ട്ടറില്‍ ഇറാന്റെ മെയ്സം നസ്സിരിയെ 7-5ന് കീഴടക്കിയ ബജ്രംഗ് യോഗ്യതാ റൗണ്ടില്‍ ഉസ്ബെകിസ്ഥാന് താരം സിറോജിദ്ദിന് ഹസനോവിനെ 4-3 എന്ന സ്കോറിനാണ് കീഴടക്കിയത്.
വനിതകളുടെ 58 കിലോയില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം സരിത ഫൈനലില്‍ തോല്‍വി വഴങ്ങി വെള്ളി മെഡല്‍ സ്വന്തമാക്കി. കിര്‍ഗിസ്ഥാന്‍ താരം എസുലു ടിനിബെകോവയാണ് സരിതയെ 0-6 എന്ന സ്കോറിന് വീഴ്ത്തിയത്. ഏഷ്യന്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
സ്വര്‍ണ മെഡല്‍ സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും നാല് വെള്ളി മെഡലും രണ്ട് വെങ്കലവുമടക്കം ആറ് മെഡലുകള്‍ ഇന്ത്യന്‍ വനിതകള്‍ നേടി. നേരത്തെ സാക്ഷി മാലിക്, വിനേഷ് ഫോഗട്, വിദ്യ കക്രന്‍ എന്നിവര്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. അതേസമയം പുരുഷന്മാരുടെ 97 കിലോയില്‍ മത്സരിച്ച സാക്ഷി മാലികിന്റെ ഭര്‍ത്താവ് സത്യവ്രത് കടിയാന് റെപെഷാഗെ റൗണ്ടില്‍ പരാജയം വഴങ്ങി.
മംഗോളിയന്‍ താരം ബറ്റ്സുല് ഉല്സിയാഖാനോടാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. വെങ്കല പോരാട്ടത്തിന് ബര്‍ത്ത് ഉറപ്പിക്കാനുള്ള അവസരവും തോല്‍വിയോടെ സത്യവ്രതിന് നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."