മരം മുറിക്കാതെ ഡബിള്‍ ഡക്കര്‍ ലൈനുകളുമായി കെ.എസ്.ഇ.ബി
കോഴിക്കോട്: ശാന്തിവനം നല്‍കിയ തിരിച്ചറിവില്‍ മരം വെട്ടിനശിപ്പിക്കാതെ ലൈന്‍ വലിക്കുന്ന പദ്ധതിയുമായി കെ.എസ്.ഇ.ബി. രാജ്യത്ത് ആദ്യമായി ഈ പദ്ധതി നടപ്പാക്കുന്നത് കേരളത്തിലാണ്. മരങ്ങള്‍ മുറിക്കാതെ ചുരുങ്ങിയ സ്ഥലം പ്രയോജനപ്പെടുത്തി പ്രകൃതി സൗഹൃദ ഡബിള്‍ ഡക്കര്‍ വൈദ്യുതി ലൈനാണ് വരുന്നത്.
നിലവിലുള്ള 220 കെ.വി ലൈനിന്റെ മുകളിലൂടെയാണ് 400 കെ.വി ലൈന്‍ വലിക്കുക. സാധാരണ ഇത്തരത്തില്‍ ശേഷി കൂടിയ ലൈന്‍ വലിക്കുമ്പോള്‍ ഇരുഭാഗങ്ങളിലായി 48 മീറ്റര്‍ വീതിയിലുള്ള ഭാഗത്തെ മരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരും.
എന്നാല്‍ പഴയ ലൈനിന്റെ മുകളിലൂടെ വലിക്കുന്നതിനാല്‍ ഇതിനായി വീണ്ടും മരം മുറിക്കേണ്ടി വരില്ല. ഇരു ലൈനുകളിലും ഉപയോഗിക്കുന്ന കമ്പികള്‍ ഉയര്‍ന്ന താപനിലയിലും കൂടുതല്‍ വൈദ്യുതി പ്രവഹിക്കാന്‍ ശേഷിയുള്ളതും താഴ്ന്നു വരാത്തവയുമാണ്. കാറ്റത്ത് ആടിയുലയുകയുമില്ല. പദ്ധതിയുടെ ഒന്നാം ഘട്ടത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലയിലെ മാടക്കത്തറ മുതല്‍ മലപ്പുറം ജില്ലയിലെ മലാപറമ്പ് വരെയുള്ള ലൈന്‍ 90 ശതമാനവും പൂര്‍ത്തിയായി.
ഒന്നാംഘട്ടമായി കെ.എസ്.ഇ.ബി നേരിട്ട് നിര്‍മിക്കുന്ന ആദ്യ 400 കെ.വി ലൈനാണെന്ന സവിശേഷതയുമുണ്ട്. നേരത്തെ പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ലൈന്‍ വലിക്കാറുള്ളത്. പദ്ധതി വഴി വടക്കന്‍ കേരളത്തിലേക്ക് വലിയതോതില്‍ വൈദ്യുതി എത്തിക്കാനാകും.
സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പ്രസരണ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള 220 കെ.വി മാടക്കത്തറ അരീക്കോട് ലൈനിന്റെ ശേഷി വര്‍ധിപ്പിച്ച് മള്‍ട്ടി സര്‍ക്യൂട്ട്, മള്‍ട്ടി വോള്‍ട്ടേജ് 400, 220 കെ.വി ലൈനാക്കുകയാണ് ചെയ്യുന്നത്. 400 കെ.വി ലൈന്‍ വലിക്കുന്നതിന് മരങ്ങള്‍ മുറിക്കാതെ, ചുരുങ്ങിയ സ്ഥലം പ്രയോജനപ്പെടുത്തിയാണ് ടവറുകള്‍ രൂപ കല്‍പ്പന ചെയ്തത്.
നിലവിലുള്ള 220 കെ.വി ലൈനിന്റെ മുകളിലൂടെ 400 കെ.വി ലൈന്‍ വലിച്ചതോടെ പുതിയ ഇടനാഴി തുറക്കേണ്ടിയും വന്നില്ല.
നേരത്തെ സിംഗിള്‍ സര്‍ക്യൂട്ട് മാത്രമാണുണ്ടായിരുന്നത്. പുതിയ ലൈനുകള്‍ വഴി നാല് സര്‍ക്യൂട്ട് വഴി വൈദ്യുതി എത്തിക്കാനാകും. പ്രവൃത്തി പൂര്‍ത്തിയാക്കുമ്പോള്‍ 400 കെ.വി ലൈനില്‍ 4000 മെഗാവാട്ടും 220 കെ.വി ലൈനില്‍ 1000 മെഗാവാട്ടും പ്രവഹിപ്പിക്കാന്‍ കഴിയും. 220 കെ.വി മാടക്കത്തറ മലാപറമ്പ് ലൈന്‍ പൂര്‍ണമായും പൊളിച്ചാണ് പുതിയ ലൈന്‍ വലിച്ചത്. ജൂണ്‍ പകുതിയോടെ ഒന്നാംഘട്ടം ചാര്‍ജ് ചെയ്യും. മണ്ണുത്തിയില്‍ 2000 മെഗാവാട്ട് പവര്‍ഗ്രിഡ് സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ ഗ്രിഡിലേക്ക് കേന്ദ്രവിഹിതമായി 2000 മെഗാവാട്ട് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."