ഇ.ഡി കേസ്: കോര്പ്പറേഷന് അധികൃതര്‍ കെ.എം ഷാജിയുടെ വീട് അളന്നു
കോഴിക്കോട്: പ്ലസ് ടു അനുവദിക്കാന്‍ സ്കൂള്‍ മാനേജ്മന്റില്നിന്ന് കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന കെ.എം ഷാജി എം.എല്‍.എയുടെ വീടും സ്ഥലവും ഇന്നലെ കോഴിക്കോട് കോര്പ്പറേഷന് അധികൃതര്‍ അളന്നു.
നഗരത്തില്‍ വേങ്ങേരി വില്ലേജില്‍ നാലു വര്‍ഷം മുന്‍പ് ഷാജി നിര്‍മിച്ച വീടിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കോര്‍പ്പറേഷനോട് ഇ.ഡി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് കോര്പ്പറേഷന് അധികൃതര്‍ വീട്ടിലെത്തി അളവ് നടത്തിയത്. പരിശോധനയില്‍ ലഭ്യമായ വിവരങ്ങളും മറ്റും ഈ മാസം 27ന് ഇ.ഡിക്ക് മുന്‍പാകെ ഹാജരാക്കുമെന്ന് കോര്പ്പറേഷന് സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞു.
കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുടെ ഭാഗമായാണ് വീടും സ്ഥലവും അളന്നത്. കോര്പ്പറേഷന് ഉദ്യോഗസ്ഥരുടെ നടപടിക്കു ശേഷം ഷാജിയുടെ വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥരെത്തി. എന്നാല്‍ ഷാജി വീട്ടിലില്ലാത്തതിനാല്‍ തിരിച്ചുപോയി.
അഴീക്കോട് സ്കൂള്‍ മാനേജ്മെന്റില്‍നിന്ന് ഇ.ഡി ഇന്നലെ മൊഴിയെടുത്തു. കോഴ വിവാദത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരില്‍നിന്ന് ഇ.ഡി കഴിഞ്ഞ ദിവസം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."