വിജയസാധ്യത അനുകൂലം; പ്രവര്‍ത്തകര്‍ക്ക് മന്ത്രവുമായി മോദി
ന്യൂഡല്‍ഹി: ബി.ജെ.പിക്ക് അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ തയാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
'മേരാ ബൂത്ത്, സബ്‌സെ മസ്ബൂത്ത്' (എന്റെ പോളിങ് ബൂത്ത്, ഏറ്റവും ശക്തം) എന്ന മന്ത്രം മനസിലുറപ്പിച്ച് പ്രവര്‍ത്തിക്കണമെന്ന് മോദി അണികളോട് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായി നമോ ആപ്പിലെ വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മോദി. നിങ്ങളുടെ കഠിനാധ്വാനം ചരിത്രപരമായ വിജയത്തിന് അടിത്തറപാകിയിട്ടുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഇതേ രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. 'മേരാ ബൂത്ത്, സബ്‌സെ മസ്ബൂത്ത്' (എന്റെ പോളിങ് ബൂത്ത്, ഏറ്റവും ശക്തം) എന്ന മന്ത്രമാണ് നമ്മുടെ ശക്തി. ഈ മന്ത്രം ശക്തമാക്കിയാല്‍ വിജയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തിയ ആഭ്യന്തര സര്‍വെയില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണി 300 സീറ്റുകള്‍ നേടുമെന്ന് റിപ്പോര്‍ട്ട്. എന്‍.ഡി.എ മുന്നണി പോള്‍ ചെയ്യുന്ന വോട്ടില്‍ 51 ശതമാനം നേടുമെന്നും പറയുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ 12 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയിരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തനിച്ച് 282 സീറ്റുകളാണ് നേടിയിരുന്നത്. എന്‍.ഡി.എ മുന്നണിയാകട്ടെ 543 സീറ്റുകളില്‍ 336 എണ്ണം നേടിയാണ് വിജയിച്ചത്. അതേസമയം സര്‍വെയില്‍ പങ്കെടുത്തവരെല്ലാം സര്‍ക്കാരിനെതിരേ വ്യാപകമായ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."