കുറ്റ്യാടിയിലെ സാന്ത്വന ഇഫ്താറിന് ഏഴു വയസ്
കുറ്റ്യാടി: പുണ്യങ്ങളാല്‍ സുകൃതമായ വിശുദ്ധ റമദാനില്‍ ആതുരാലയങ്ങളില്‍ കഴിയുന്നവര്‍ക്ക് മുടങ്ങാതെ സാന്ത്വനത്തിന്റെ ഇഫ്താര്‍ വിരുന്നൊരുക്കി മാതൃകയാവുകയാണ് ഒരു സംഘം പ്രവര്‍ത്തകര്‍. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോരഗ്രാമമായ കുറ്റ്യാടിയില്‍ നോമ്പുകാലങ്ങളില്‍ ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് അത്താണിയാണിവര്‍. എന്നും കൃത്യമായി നോമ്പുതുറ വിഭവങ്ങളും അത്താഴവും ഓരോ ആശുപത്രി വാര്‍ഡുകളിലും എത്തിയിരിക്കും. സമസ്തയുടെ വിദ്യാര്‍ഥി കൂട്ടായ്മയായ എസ്.കെ.എസ്.എസ്.എഫിന്റെ കുറ്റ്യാടി മേഖലാ കമ്മിറ്റിയാണ് ഈ സദുദ്യമത്തിന്റെ പിന്നില്‍.
കുറ്റ്യാടിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഏഴ് ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് റമദാന്‍ മുപ്പത് ദിനവും വിപുലമായ തോതില്‍ നോമ്പുതുറ വിഭവങ്ങളും അത്താഴ ഭക്ഷണവും ഇവര്‍ നല്‍കുന്നത്. സാന്ത്വന സ്പര്‍ഷത്തിന്റെ അഭിമാനകരമായ ഏഴാം വര്‍ഷത്തില്‍ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍, കൂട്ടിരിപ്പുകാര്‍, രോഗീസന്ദര്‍ശകര്‍, ഡോക്ടര്‍മാര്‍ മറ്റു ആശുപത്രി ജീവനക്കാര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ദിനേന ഇവിടങ്ങളിലെ നോമ്പുതുറയുടെ നിര്‍വൃതിയനുഭവിക്കുന്നുണ്ട്.
ഇതിനു പുറമേ ജാതിമതഭേദമന്യേ മുപ്പത് ദിനവും കഞ്ഞിയും രാത്രിഭക്ഷണവുമൊരുക്കുന്നുമുണ്ട്. ഭക്ഷണവിതരണ പരിപാടിയുടെ സമാപനമെന്നോളം പെരുന്നാള്‍ ദിനത്തില്‍ കുറ്റ്യാടിയിലെ ആശുപത്രികളിലും മറ്റു പൊതുസ്ഥാപനങ്ങളിലടക്കമുള്ളവര്‍ക്കായി പെരുന്നാള്‍ ഭക്ഷണവും നല്‍കുന്നു. ദിവസവും പതിനഞ്ചായിരം രൂപ കണക്കാക്കി നാലര ലക്ഷത്തോളം രൂപ ചെലവിലാണ് റമദാന്‍ മുപ്പത് വരെയുള്ള കാലയളവില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.
2013ല്‍ എസ്.കെ.എസ്.എസ്.എഫ് അബൂദബി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഈ പദ്ധതിയുമായുമായി മുന്നോട്ടുവന്നത്. തുടര്‍ന്ന് ഇവര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. ആ വര്‍ഷം അബൂദബി കമ്മിറ്റിയുടെ സഹായത്താല്‍ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചു.
തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ മേഖലാ കമ്മിറ്റി സ്വന്തമായി ഫണ്ട് വകയിരുത്തിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. വിജയകരമായ ഏഴാം വര്‍ഷത്തിലേക്ക് എത്തിനില്‍ക്കുന്ന ഈ പദ്ധതിയില്‍ നാട്ടിലും മറുനാട്ടിലുമായി നിരവധി സുമനസുകളാണ് പങ്കാളികളാവുന്നത്.
മേഖലയിലെ മുപ്പത് ശാഖകളില്‍ നിന്നുള്ള കര്‍മസജ്ജരായ മുന്നൂറോളം വിഖായ വളണ്ടിയര്‍മാരാണ് ഭക്ഷവിതരണത്തിന് നേതൃത്വം നല്‍കുന്നത്.
റമദാന്‍ ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് പദ്ധതിയുടെ വിളംബരം വിളിച്ചോതിക്കൊണ്ട് കുറ്റ്യാടി ടൗണില്‍ വിഖായ യൂണിഫോമില്‍ വളണ്ടിയര്‍മാര്‍ റാലി നടത്തും. നോമ്പുതുറയ്ക്ക് നൂറ് മുതല്‍ 120വരെയും രാത്രി ഭക്ഷണത്തിന് 160മുതല്‍ 200വരെയും ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
പദ്ധതിക്ക് പൂര്‍ണ്ണപിന്തുണയുമായി സംഘടനാനേതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ രംഗത്തുവരുന്നുണ്ടെന്നും കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."