സാമൂഹിക മാധ്യമങ്ങളിലെ പോര്‍വിളി: മുള്‍മുനയില്‍ കണ്ണൂര്‍
കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകളുമായി ഇരുവിഭാഗവും രംഗത്ത്. ബിജു വെട്ടേറ്റുമരിച്ച് മിനുട്ടുകള്‍ക്കകമാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ജൂലൈയില്‍ കൊല്ലപ്പെട്ട പയ്യന്നൂര്‍ കുന്നരുവിലെ സി.വി ധനരാജിനെ അനുസ്മരിച്ചാണ് സി.പി.എം അനുകൂലികള്‍ വധത്തിന് ന്യായീകരണവുമായി രംഗത്തുവന്നത്. ബിജുവിന്റെ മരണത്തില്‍ വിലപിക്കുന്നവര്‍ ധനരാജിന്റെ അമ്മയുടെ വേദന കാണണമെന്ന ടാഗ്‌ലൈനുമായി കൊല്ലപ്പെട്ട ധനരാജിന്റെ മൃതദേഹത്തിനുമുന്നില്‍ പൊട്ടിക്കരയുന്ന കുടുംബാംഗങ്ങളുടെ ഫോട്ടോസഹിതമാണ് വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചാരണമഴിച്ചുവിട്ടത്.
കൊലപാതകം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ചത് മറ്റൊരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഫോട്ടോയായിരുന്നു. ചില ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങള്‍ രാത്രി ഏറെ വൈകുംവരെ ഈ ഫോട്ടോയാണ് പ്രസിദ്ധീകരിച്ചത്. ഇത് ബോധപൂര്‍വമാണെന്ന പ്രചാരണമുണ്ട്. ധനരാജ് വധക്കേസില്‍ ബിജു പ്രതിയല്ലെന്ന വാദമാണ് സംഘ്പരിവാര്‍ അനുകൂലികള്‍ ഉയര്‍ത്തിയത്. ബിജുവിനെ കൊന്നതില്‍ ആഹ്ലാദംപ്രകടിപ്പിച്ച്് തളിപ്പറമ്പില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയെന്ന ആരോപണവുമായി വിഡിയോ സഹിതം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ആഹ്ലാദപ്രകടനം നടത്തിയിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. എവിടെയാണ് പ്രകടനം നടത്തിയതെന്ന് ദൃശ്യം പുറത്തുവിട്ട കുമ്മനം രാജശേഖരന്‍ വ്യക്തമാക്കണം. വ്യാജ പ്രചാരണം കൊണ്ടൊന്നും ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് മുഖം മായില്ലെന്നും ജയരാജന്‍ പറഞ്ഞു.
അതിനിടെ, ബിജുവിന്റെ കൊലപാതകത്തില്‍ മാസങ്ങള്‍ നീണ്ടുനിന്ന ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലിസിന് വ്യക്തമായിട്ടുണ്ട്. ഇതിനായി വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പ്രാഥമികവിവരം.
എന്നാല്‍, സൈബര്‍ അന്വേഷണത്തിലൂടെ ഇവരെ കണ്ടെത്തുന്നതിനുള്ള നടപടി പൊലിസ് തുടങ്ങിയിട്ടില്ല. വധഭീഷണിയെ തുടര്‍ന്ന് ബംഗളൂരുവില്‍ പെയിന്റിങ് ജോലി ചെയ്തുവന്നിരുന്ന ബിജു ട്രെയിനിറങ്ങി വരുംവഴിയാണ് കൊല്ലപ്പെട്ടത്. ഇന്നോവയിലെത്തിയ സംഘം കൂടെയുണ്ടായിരുന്ന സുഹൃത്ത് രാജേഷിനെ ഭയപ്പെടുത്തി ഓടിച്ചതിനുശേഷമാണ് റോഡരികിലിട്ട് വെട്ടിക്കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."