ജി.എസ്.പി പരിഗണനാ നഷ്ടം: ഇന്ത്യക്ക് ആഘാതം
വ്യാപാര രംഗത്ത് അമേരിക്ക ഇന്ത്യയ്ക്കു നല്‍കിവന്നിരുന്ന ജിഎസ്.പി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്) എന്ന പേരിലറിയപ്പെടുന്ന പ്രത്യേക പരിഗണന ഈ മാസം അഞ്ചു മുതല്‍ പിന്‍വലിക്കുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇന്ത്യയുടെ കയറ്റുമതി രംഗത്ത് വമ്പിച്ച ആഘാതമാണുണ്ടാക്കുക.
ജി.എസ്.പി പദ്ധതി പ്രകാരം ഒട്ടേറെ ഉല്‍പന്നങ്ങള്‍ നികുതിയില്ലാതെ അമേരിക്കയിലേക്ക് കയറ്റി അയക്കാമായിരുന്നു. ആ അവസരമാണ് ട്രംപിന്റെ കടുംപിടുത്തത്തിലൂടെ ഇല്ലാതാകുന്നത്. ജി.എസ്.പിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ട്ര ംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ദിവസം തന്നെ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ട്രംപ് പുറത്തുവിട്ടതിലൂടെ മോദി സര്‍ക്കാരുമായുള്ള ട്ര ീപിന്റെ ബന്ധം അത്ര സുഖകരമായിരിക്കില്ലെന്നാണ് കരുതപ്പെടുന്നത്. ഇത് വ്യാപാരം സംബന്ധിച്ച അഭിപ്രായവ്യത്യാസം മാത്രമാണെന്നും ഇന്ത്യയുമായുള്ള സൗഹാര്‍ദബന്ധത്തിന് ഉലച്ചില്‍ തട്ടുകയില്ലെന്നും ഇപ്പോള്‍ ട്രംപ് പറയുന്നുണ്ടെങ്കിലും വരും കാലമാണ് അതു തെളിയിക്കേണ്ടത്.
ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ അവസരം ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് യു.എസില്‍ നിന്ന് ഇന്ത്യയ്ക്കു നല്‍കിവരുന്ന പ്രത്യേക പിന്തുണ ട്രംപ് പിന്‍വലിച്ചത്. ട്രംപിന്റെ തീരുമാനത്തെ യു.എസ് കോണ്‍ഗ്രസിലെ ഒട്ടേറെ പേര്‍ എതിര്‍ത്തുവെങ്കിലും അതിനൊന്നും വഴങ്ങാതെ ട്രംപ് തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടോ എന്നാണ് പരിശോധിക്കപ്പെടേണ്ടത് .
ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് 3900 കോടി രൂപയുടെ വിലമതിക്കുന്ന ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍ വില്‍ക്കാനുള്ള അവസരം ഇന്ത്യയ്ക്കു നഷ്ടപ്പെടും. ഇതുവരെ നടന്ന ചര്‍ച്ചകളിലൊന്നും യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ന്യായമായും തത്തുല്യവുമായ പ്രവേശനം നല്‍കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണിപ്പോള്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യു.എസില്‍ വിലക്ക് വീണിരിക്കുന്നത്. ഇതോടെ രണ്ടായിരത്തിലധികം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ തീരുവ യില്ലാതെയു.എസിലേക്ക് കയറ്റിയയച്ചിരുന്ന സൗകര്യമാണ് നഷ്ടമാകുന്നത്.
വികസ്വര രാജ്യങ്ങളെ ഉള്‍പെടുത്തി യു.എസ് രൂപീകരിച്ച മുന്‍ഗണനാ പട്ടിക 1970 മുതല്‍ക്കാണ് നിലവില്‍ വന്നത്. പകരം യു.എസിന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ വികസ്വര രാഷ്ട്രങ്ങള്‍ തയാറാകണമെന്നായിരുന്നു നിബന്ധന. ഈ സൗകര്യം ഉപയോഗപ്പെടുത്തി 2017ല്‍ മാത്രം 5.6 ബില്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ യു.എസിലേക്കു കയറ്റുമതി ചെയ്യാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞിരുന്നു.
എന്നാല്‍ ഇന്ത്യയില്‍ പല യു.എസ് ഉല്‍പന്നങ്ങള്‍ക്കും 20 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. ഈ നടപടി തുടരാനാകില്ലെന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യയായിരുന്നു വ്യാപാര മുന്‍ഗണനാ പട്ടിക ഉപയോഗപ്പെടുത്തി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വികസ്വര രാജ്യം. ഇപ്പോള്‍ ഈ തീരുമാനം ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയില്ലെങ്കിലും ഭാവിയില്‍ എന്തും സംഭവിക്കാം.
ബൗദ്ധിക സ്വത്തവകാശം നിഷേധിച്ചു എന്നാരോപിച്ചാണ് ചൈനയ്‌ക്കെതിരേ ട്രംപ് വാണിജ്യ ഉപരോധം ഏര്‍പെടുത്തിയത്. 50 ബില്യന്‍ ഡോളറിന്റെ അധിക തീരുവ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയായിരുന്നു യു.എസ് ഉപരോധം ഏര്‍പെടുത്തിയിരുന്നത്. ചൈനീസ് ഉല്‍പന്നങ്ങള്‍ ലോകവിപണി കീഴടക്കുന്നതിലുള്ള ഭയവും ലോകത്തിലെ ഏറ്റവും വലിയ വാണിജ്യശക്തിയായി ചൈന മാറുമോ എന്ന ഭയവുമായിരുന്നു ചൈനയ്‌ക്കെതിരേ വാണിജ്യ ഉപരോധം ഏര്‍പെടുത്താന്‍ ട്രംപിനെ പ്രേരിപ്പിച്ച പ്രധാന ഘടകം.
ഈ ഭയം തന്നെയായിരിക്കണം ഇന്ത്യയ്‌ക്കെതിരേയും നീങ്ങാന്‍ ട്രംപിനെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര യുദ്ധം ആ രാജ്യവുമായുള്ള അമേരിക്കയുടെ ഉഭയകക്ഷി ബന്ധത്തില്‍ സാരമായ വിള്ളല്‍ വരുത്തിയിട്ടുണ്ട്. രണ്ടാം മോദി സര്‍ക്കാരുമായുള്ള അമേരിക്കയുടെ ബന്ധം ഒന്നാം മോദി സര്‍ക്കാരുമായി ഉണ്ടായതു പോലെയായിരിക്കില്ല എന്ന സൂചന ഈ പശ്ചാത്തലത്തില്‍ വേണം കണക്കിലെടുക്കാന്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ നടപടി വലിയ പ്രത്യാഘാതങ്ങള്‍ക്കാണ് ഇടവരുത്തക.
ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാനിരക്ക് കഴിഞ്ഞ 45 വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും പിന്നിലാണെന്നാണ് പുതിയ വിവരം. തെരഞ്ഞെടുപ്പ് വേളയില്‍ ഔ വിവരം ബി.ജെ.പി സര്‍ക്കാര്‍ പുറത്തുവിടാതെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഉല്‍പാദന മാന്ദ്യവും തൊഴിലില്ലായ്മയും ഇപ്പോഴും രൂക്ഷമായി തന്നെ തുടരുന്നു.
ഈ സന്ദര്‍ഭത്തില്‍ യു.എസിന്റ തീരുമാനം നമ്മുടെ കയറ്റുമതിയെ സാരമായി ബാധിക്കും. ലോകത്തിലെ ഏറ്റവും വലിയ വിപണി ഇന്ത്യയ്ക്കു നഷ്ടമാകുമ്പോള്‍ അത് നമ്മുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കും. ചര്‍ച്ചയിലൂടെ മാത്രമേ ഇതിനു പരിഹാരം കാണാന്‍ കഴിയൂ. അതിനു വിവിധ തലങ്ങളിലുള്ള ഫോറങ്ങളെ മോദി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തണം.
ഇന്ത്യന്‍ വിപണിയില്‍ വലിയ ആനുകൂല്യങ്ങളും സൗകര്യങ്ങളും നേടിയെടുക്കാനുള്ള അമേരിക്കയുടെ സമ്മര്‍ദ തന്ത്രവുമായിരിക്കാം ഇപ്പോഴത്തെ നടപടി. അതിനാല്‍ കരുതലോടെ വേണം ഓരോ അടിയും മോദി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കാന്‍. രാജ്യത്തിന്റെ വിശ്വാസ്യതയും അനുഭാവവും നേടിയെടുത്തുകൊണ്ടാകണം മുന്നോട്ടുപോകേണ്ടത്. അമേരിക്കയുടെ വിലക്ക് വകവയ്ക്കാതെ ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അമേരിക്കയെ പ്രകോപിപ്പിച്ച സംഗതിയാണ്. ആ വിദ്വേഷവും കൂടി ഇപ്പോഴത്തെ നടപടിയില്‍ ഉണ്ടായിരിക്കാം. എന്തായാലും പുതിയ സര്‍ക്കാര്‍ കരുതലോടെ വേണം ഇപ്പോഴത്തെ പ്രതിസന്ധിയെ തരണം ചെയ്യാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."