ബിജു വധം: ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
പയ്യന്നൂര്‍: ആര്.എസ്.എസ് പ്രവര്ത്തകന് ചൂരിക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. ബിജു സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കക്കംപാറയിലെ പണ്ടാരവളപ്പില്‍ രാജേഷിന്റെ പരാതിയിലാണ് കേസെടുത്തത്. തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്, പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് എന്നിവരാണ് കേസന്വേഷിക്കുന്നത്.
പ്രതികള്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് ബിജുവിനെ പാലക്കോട് പാലത്തിന് സമീപം വെട്ടിക്കൊന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്ഡിലെത്തിച്ചു. ഇവിടെ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിച്ചു.
പിന്നീട് മൊട്ടക്കുന്നിലും പൊതുദര്‍ശനത്തിനുവച്ച ശേഷം മൊട്ടക്കുന്ന് സമുദായ ശ്മശാനത്തില്‍ സംസ്കാരം നടന്നു. ബി.ജെ.പി, ആര്.എസ്.എസ് നേതാക്കളായ പി.കെ കൃഷ്ണദാസ്, കെ.സുരേന്ദ്രന്, ആര്.കെ ഗോപാലന് കുട്ടി, കെ.കെ ബല്‍റാം, വത്സന് തില്ലങ്കേരി തുടങ്ങിയവര്‍ അന്ത്യപ്രണാമം അര്‍പ്പിച്ചു.
അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ പയ്യന്നൂര്‍, രാമന്തളി, അന്നൂര്‍, കക്കംപാറ എന്നിവിടങ്ങളില്‍ ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.
ഉത്തരമേഖല ഐ.ജി മധുപാല്‍ യാദവ്, കണ്ണൂര്‍ എസ്.പി ശിവവിക്രം, കോഴിക്കോട് മേഖലാ ഇന്റലിജന്‍സ് എസ്.പി സുനില്‍ കുമാര്‍ എന്നിവര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."