ചാരനെതിരേ രാസായുധാക്രമണം: തങ്ങള്‍ വിനോദസഞ്ചാരികളാണെന്ന് കുറ്റാരോപിതര്‍
മോസ്‌കോ: മുന്‍ റഷ്യന്‍ ചാരന്‍ സ്‌ക്രീപിലിനും മകള്‍ക്കുമെതിരേയുണ്ടായ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കുറ്റാരോപിതരായ അലക്‌സാണ്ടര്‍ പെട്രോവും റുസ്‌ലാന്‍ ബോഷ്‌റോവും. വിനോദ സഞ്ചാരത്തിനാണ് സലിസ്ബറി സന്ദര്‍ശിച്ചതെന്നും തങ്ങള്‍ക്കെതിരേയുള്ള ആരോപണം കള്ളമാണെന്നും ഇരുവരും പറഞ്ഞു. റഷ്യന്‍ മാധ്യമമായ റഷ്യന്‍ ടുഡെ (ആര്‍.ടി) എഡിറ്റര്‍ ഇന്‍ ചീഫ് മാര്‍ഗരിറ്റ സിമോനിയനുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ഭംഗിയുള്ള പ്രദേശമായ സലിസ്ബറി സന്ദര്‍ശിക്കാന്‍ സുഹൃത്താണ് നിര്‍ദേശിച്ചത്. വില്‍റ്റ്‌സ്ഷിറിലെ കാഴ്ചകള്‍ കാണാനും അദ്ദേഹം പറഞ്ഞു. രാസായുധ ആക്രമണത്തില്‍ തങ്ങളുടെ പേര് ആരോപിച്ചതിന് മാപ്പ് പറയണമെന്നും യഥാര്‍ഥ കുറ്റവാളികളെ പിടികൂടണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
മാര്‍ച്ച് രണ്ടിനാണ് റഷ്യയില്‍ എത്തിയത്. മാര്‍ച്ച് മൂന്നിന് സലിസ്ബറിയില്‍ എത്തി. നഗരത്തിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചെങ്കിലും മഞ്ഞ് കാരണത്താല്‍ പദ്ധതികള്‍ മാറ്റിവയ്ക്കുകയായിരുന്നു. സ്റ്റോണ്‍ഹെന്‍ജ് പ്രദേശം സന്ദര്‍ശിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, നഗരം മഞ്ഞ് മൂടിയതായിരുന്നു. തുടര്‍ന്ന് അടുത്ത ട്രെയിനിന് തന്നെ ലണ്ടനിലേക്ക് മടങ്ങിയെന്ന് അവര്‍ പറഞ്ഞു.
മുന്‍ ചാരനെതിരേയുണ്ടായ ആക്രമണത്തിലും അലക്‌സാണ്ടര്‍ പെട്രോവും റുസ്‌ലാന്‍ ബോഷ്‌റോവുമാണെന്നും ഇവര്‍ റഷ്യന്‍ സൈന്യ രഹസ്യാന്വേഷണ വിഭാഗം പ്രതിനിധികളാണെന്നുമാണ് യു.കെയുടെ ആരോപണം.
എന്നാല്‍, അഭിമുഖത്തിലൂടെ ഇരുവരും പറഞ്ഞത് അസംബന്ധവും കള്ളവുമാണെന്ന് യു.കെ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. അവിശ്വാസമുള്ള പ്രസ്താവനയാണ് അലക്‌സാണ്ടര്‍ പെട്രോവ്, റുസ്‌ലാന്‍ ബോഷ്‌റോവ് എന്നിവര്‍ നടത്തിയതെന്ന് സലിസ്ബറി, സൗത്ത് വില്‍റ്റ്‌സ്ഷ എന്നിവിടങ്ങളിലെ പാര്‍ലമെന്റ് അംഗം ജോണ്‍ ഗ്ലന്‍ പറഞ്ഞു.
രാസായുധ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് റഷ്യക്കാരും സൈന്യത്തിന്റെ രഹസ്യാന്വേഷണ പ്രതിനിധികളാണെന്ന് യു.കെ പ്രധാനമന്ത്രി തെരേസാ മേയുടെ വക്താവ് ആവര്‍ത്തിച്ചു.
ആക്രമണത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് യു.കെ ആരോപിക്കുന്നവര്‍ തങ്ങളുടെ പൗരന്മാരാണെന്നും കുറ്റവാളികളല്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യയിലെ വ്‌ളാപിവോസ്റ്റോക്കില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ, ചൈനീസ് പ്രസിഡന്റ് ജിന്‍പിങ് എന്നിവര്‍ക്കൊപ്പം നടന്ന സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റാരോപിതര്‍ക്കെതിരേ കൃത്യമായ തെളിവുകളുണ്ടെന്ന് സ്‌കോട്‌ലന്‍ഡ് യാഡും ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വിസും പറഞ്ഞിരുന്നു.
അമിസ്ബറിയില്‍ ജൂണ്‍ 30ന് നടന്ന ഡോണ്‍ സ്റ്റര്‍ജസ്, ചാര്‍ലി റോലി എന്നിവര്‍ക്കെതിരേയുണ്ടായ ആക്രമണത്തിലും ഇരുവര്‍ക്കും ബന്ധമുണ്ടെന്നാണ് യു.കെ പൊലിസ് പറയുന്നത്. ആക്രമണത്തെ തുടര്‍ന്ന് ജൂലൈ എട്ടിന് സ്റ്റര്‍ജസ് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."